ആദായ നികുതി റിട്ടേൺ നല്‍കിയതില്‍ തെറ്റുണ്ടോ ?

Is there a mistake in filing income tax return?

ഫീസോ പിഴയോ കൂടാതെ പുതുക്കി നല്‍കാം. പിശകുകളുണ്ടെന്ന് ബോധ്യമായാല്‍ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യുക. അല്ലാത്ത പക്ഷം നികുതി റീഫണ്ട് ലഭിക്കില്ല. പുതുക്കിയ റിട്ടണ്‍ നല്‍കുന്നതിനുള്ള അവസാന തിയതി 2024 ഡിസംബര്‍ 31 ആണ്.

പിഴ കൂടാതെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന ദിവസം ഇന്നലെ (ജൂലായ് 31)  ആയിരുന്നു.

തിരക്കിട്ട് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനിടെ വിവരങ്ങള്‍ വിട്ടുപോകുകയോ തെറ്റായി രേഖപ്പെടുത്തുകയോ ചെയ്തതായി ബോധ്യപ്പെട്ടാല്‍ പുതുക്കി നല്‍കാന്‍ അവസരമുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ തെറ്റുകള്‍, അവകാശപ്പെട്ട കിഴിവുകളിലെ പിഴവുകള്‍, സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ പലിശ കാണിക്കാതിരിക്കല്‍ എന്നിങ്ങനെ പലതും വിട്ടുപോയവര്‍ക്ക് പുതുക്കിയ റിട്ടേണ്‍ നല്‍കുന്നതിന് ആദായ നികുതി വകുപ്പ് അവസരം നല്‍കുന്നുണ്ട്.
 
ആദായ നികുതി നിയമത്തിലെ വകുപ്പ് 139(5) പ്രകാരം റിട്ടേണ്‍ പുതുക്കി നല്‍കുന്നതിന് ഫീസോ പിഴയോ നല്‍കേണ്ടതില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ (2024-25 അസസ്‌മെന്റ് വര്‍ഷത്തെ) പുതുക്കിയ റിട്ടണ്‍ നല്‍കുന്നതിനുള്ള അവസാന തിയതി 2024 ഡിസംബര്‍ 31 ആണ്. 

എത്രതവണ വേണെങ്കിലും റിട്ടേണ്‍ പുതുക്കി സമര്‍പ്പിക്കാവുന്നതാണ്. റിട്ടേണ്‍ പുതുക്കി സമര്‍പ്പിക്കുമ്പോൾ ആദ്യം സമര്‍പ്പിച്ച റിട്ടേണിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നുമാത്രമാണ് വ്യവസ്ഥ. നിശ്ചിത തിയതിക്കകം റിട്ടേണ്‍ നല്‍കാന്‍ കഴിയാത്തവര്‍ക്കും പരിഷ്‌കരിച്ച റിട്ടേണ്‍ നല്‍കാന്‍ കഴിയുന്നതാണ്. നേരത്തെ ഇത് അനുവദിച്ചിരുന്നില്ല. 

പുതുക്കി സമര്‍പ്പിക്കുന്ന രീതി:-

# ആദായ നികുതി ഇ ഫയലിങ് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യുക.

# ജനറല്‍ ഇന്‍ഫോര്‍മേഷന്‍ പാര്‍ട്ട് എ-യില്‍ റിവൈസ്ഡ് റിട്ടേണ്‍ അണ്ടര്‍  
   സെക്ഷന്‍ 139.(5) തിരഞ്ഞെടുക്കുക.

# ഒറിജിനല്‍(ആദ്യമായി ചെയ്ത)റിട്ടേണിന്റെ വിശദാംശങ്ങള്‍ നല്‍കുക.
   ബാധകമായ ഫോം തിരഞ്ഞെടുക്കുക.(ഉദാ.ഐടിആര്‍-1, ഐടിആര്‍-2  
   എന്നിങ്ങനെ).

# ആവശ്യമായ തിരുത്തലുകള്‍ വരുത്തി സമര്‍പ്പിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

# പുതുക്കി നല്‍കിയാല്‍ അവസാനമായി സമര്‍പ്പിച്ച റിട്ടേണ്‍ ആയിരിക്കും     പരിഗണിക്കുക.

# റീഫണ്ട് തുക ലഭിച്ച ശേഷവും റിട്ടേണ്‍ പുതുക്കി നല്‍കാന്‍ കഴിയും.
   ഐടിആര്‍ ഫോം മാറ്റി ഫയല്‍ ചെയ്യണമെങ്കില്‍ റിവൈസ്ഡ് റിട്ടേണ്‍         
   നല്‍കാം.

ഒറിജിനല്‍ റിട്ടേണില്‍ തെറ്റുകളുണ്ടായാല്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കാന്‍ സാധ്യതയുണ്ട്. പിശകുകളുണ്ടെന്ന് ബോധ്യമായാല്‍ വകുപ്പിന്റെ നോട്ടീസ് ലഭിക്കാന്‍ കാത്തിരിക്കാതെ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യുക. അല്ലാത്ത പക്ഷം നികുതി റീഫണ്ട് ലഭിക്കില്ല.

Comments

    Leave a Comment