സ്വർണ രാജ്യാന്തര വില സർവകാല റെക്കോർഡിൽ ; വീണ്ടും സെഞ്ചറി അടിച്ച് വെള്ളി

Gold prices hit new high

ഇക്കഴിഞ്ഞ മേയ് 20ലെ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന വില.

ആഭരണ പ്രിയരെ ആശങ്കയിലാക്കി സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്.  ഇന്ന് ഗ്രാമിന് 90 രൂപ വർധിച്ച് വില 6,875 രൂപയായി. പവന് 720 രൂപ വില വർധിച്ച് 55,000 രൂപയിലെത്തി. 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഗ്രാമിന് 80 രൂപ കുതിച്ച് 5,710 രൂപയിലെത്തി.

വെള്ളി വില വീണ്ടും ഗ്രാമിന് 100 രൂപയായി.ഇന്ന് ഗ്രാമിന് ഒരു രൂപയാണ് കൂടിയത്.

രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപ കടന്നത്. ഇക്കഴിഞ്ഞ മേയ് 20ലെ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന വില. ജൂൺ മാസമാദ്യം പവൻ വില 52,560 രൂപ വരെ താഴ്ന്നിരുന്നു. തുടർന്ന് ഇതുവരെ പവന് 2,440 രൂപയാണ് കൂടിയത്. 

രാജ്യാന്തര വിപണി ഔൺസിന് 2,483.65 ഡോളറെന്ന സർവകാല ഉയരം തൊട്ടു. മേയ് 20ലെ 2,449 ഡോളനേരത്തെയുള്ള ഏറ്റവും കൂടിയ വില. നിലവിലെ  വില 2,471 ഡോളറാണ്. ജൂണിൽ 2,280 ഡോളർ നിലവാരത്തിലായിരുന്ന വിലയാണ് സ്വർണ നിക്ഷേപ പദ്ധതികൾക്ക് പ്രിയമേറിയതോടെ കുതിച്ചുയരുന്നത്.

വില കുതിച്ചതോടെ കേരളത്തിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ മൂന്ന് ശതമാനം ജിഎസ്‍ടി, 45 രൂപയും അതിന്‍റെ 18 ശതമാനം ജിഎസ്‍ടിയും ചേരുന്ന ഹോൾമാർക്ക് (HUID) ഫീസ്, പണിക്കൂലി അഞ്ച് ശതമാനം കണക്കാക്കിയാൽ, ഇന്നൊരു പവൻ സ്വർണാഭരണം വാങ്ങുന്നതിന് നികുതിയടക്കം 59,540 രൂപ കൊടുക്കണം. ഒരു ഗ്രാം ആഭരണത്തിന് 7,440 രൂപയെങ്കിലും കൊടുക്കണം. 

പണിക്കൂലി ആഭരണത്തിന്‍റെ ഡിസൈനിന് അനുസരിച്ച് പൂജ്യം മുതൽ 30 ശതമാനം വരെ ഓരോ ജുവലറിയിലും വ്യത്യാസപ്പെട്ടിരിക്കും. 

Comments

    Leave a Comment