വ്യവസായങ്ങൾ പൂട്ടിക്കുന്ന തൊഴിലാളികളുടെ നിലപാടിൽ സർക്കാരിനു മൗനം : എൻ. പി ജോർജ്

Pavizham Group Chairman N P george on Kottarakkara Plant Closure issue

തൊഴിലാളികളുടെ വ്യവസായ വിരുദ്ധ നിലപാടുകളിൽ രാഷ്ട്രീയത്തിനു അധീതമായി സർക്കാരിൻറെയും രാഷ്ട്രീയ - ട്രേഡ് യൂണിയൻ നേതാക്കളുടെയും ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ. പി ജോർജ്

കൊച്ചി: കയറ്റിറക്ക് തൊഴിലാളികളുടെ ഭീഷണിയെ തുടർന്ന് പവിഴം റൈസ് ഗ്രൂപ്പ് കൊട്ടാരക്കരയിലെ നെടുവത്തൂരിൽ ആരംഭിക്കാനിരുന്ന ലോജിസ്റ്റിക് സെൻറർ ഉപേക്ഷിക്കേണ്ടി വന്ന സംഭവത്തിൽ നൽകിയ പരാതികളിൽ ഇടപെടാതെ സർക്കാരും മറ്റു ബന്ധപ്പെട്ടവരും മൗനം പാലിക്കുകയാണെന്നു പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ. പി ജോർജ് അറിയിച്ചു.
      
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. എൻ ബാലഗോപാൽ, പി. രാജീവ്, ജി. ആർ അനിൽകുമാർ, കെ. ബി ഗണേഷ് കുമാർ, പി. പ്രസാദ്, വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം. പിമാരായ എൻ. കെ പ്രേമചന്ദ്രൻ, ബെന്നി ബഹന്നാൻ, എൽദോസ് കുന്നപ്പിള്ളി എം എൽ എ, വിവിധ രാഷ്ട്രീയ - ട്രേഡ് യൂണിയൻ നേതാക്കൾ, തൊഴിൽ വകുപ്പ്, കൊല്ലം കളക്ടർ, എസ്. പി എന്നിവർക്ക് നേരിട്ടും ഇ മെയിലായുമാണ് പരാതികൾ നൽകിയത്. പരാതിയെക്കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോൾ ഇവരിൽ പലരും പരാതി കണ്ടിട്ടില്ലെന്ന രീതിയിലാണ് സംസാരിക്കുന്നത്. മറ്റു ചിലർ ചുമട്ടുതൊഴിലാളികൾക്കെതിരെ ഇടപെടാൻ ബുദ്ധിമുട്ടുണ്ടെന്ന നിലപാടും സ്വീകരിക്കുന്നു.

യന്ത്ര വൽക്കൃത കയറ്റിറക്കിന് പ്രത്യേക പരിശീലനം ലഭിച്ച 4 തൊഴിലാളികൾക്ക് അറ്റാച്ചഡ് വിഭാഗം ചുമട്ടുതൊഴിലാളികളായി രജിസ്ട്രേഷനും ലേബർ കാർഡും ലഭിക്കുന്നതിനു കൊട്ടാരക്കര അസിസ്റ്റൻറ് ലേബർ ഓഫീസർക്കു സമർപ്പിച്ച അപേക്ഷ നിരസിച്ചതും തിരിച്ചടിയായി.  അറ്റാച്ച്ഡ് കാർഡ് നൽകിയാൽ വർഷങ്ങളായി ഈ പ്രദേശത്ത് ജോലി ചെയ്യുന്ന ബോർഡിൻറെ രജിസ്ട്രേഡ് തൊഴിലാളികൾക്കു തൊഴിൽ നഷ്ടം സംഭവിക്കുമെന്ന വിചിത്ര കാരണം പറഞ്ഞാണ് അപേക്ഷകൾ തള്ളിയത്.
      
കാലം ഇത്രയേറെ പുരോഗമിച്ചിട്ടും യന്ത്രവൽകൃത കയറ്റിറക്കുപോലുള്ള ആധുനിക സംവിധാനങ്ങൾ അനുവദിക്കില്ലെന്ന യൂണിയനുകളുടെ പഴഞ്ചൻ പിടിവാശിയും, വ്യവസായ വളർച്ചക്കു തുരങ്കം വയ്ക്കുന്ന ചുമട്ടു തൊഴിലാളികളുടെ നിലപാടുകളെ പിന്തുണയ്ക്കുന്ന നേതാക്കളും ഉദ്യോഗസ്ഥരും നാടിനു തന്നെ ആപത്താണ്. രാജ്യത്തെ പ്രമുഖ അരി നിർമ്മാണ-വിതരണ കമ്പനിക്ക് ഉദ്ഘാടന തലേന്ന് തങ്ങളുടെ സംരംഭം ഉപേക്ഷിക്കേണ്ടിവന്നത് സംസ്ഥാനത്തെ ധനമന്ത്രിയുടെ മണ്ഡലത്തിലാണെന്നത് കേരളത്തിലെ വ്യവസായങ്ങൾ നേരിടുന്ന പ്രതിസന്ധി എത്ര വലുതാണെന്നതിൻറെ ഉദാഹരണം കൂടിയാണ്. ഇതിനോട് ചേർന്നു കിടക്കുന്ന പ്രദേശത്തെ എം എൽ എ ഗതാഗത മന്ത്രിയാണെന്നതും ഈ സംഭവത്തിൻറെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇത്രയേറെ ഭരണ നേതൃത്തിലുള്ളവരുടെ നാട്ടിലെ വ്യവസായ അന്തരീക്ഷം ഇത്രമോശമാണെങ്കിൽ മറ്റിടങ്ങളിലെ സ്ഥിതി എത്രമാത്രം ദയനീയമായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
       
തൊഴിലാളികളുടെ ഭീഷണിയും അധികൃതരുടെ നിസ്സഹകരണവും നിലനിൽക്കുമ്പോൾ കോടതിയിൽ നിന്നും അനുകൂല ഉത്തരവ് സമ്പാദിച്ച് ഒരു സ്ഥാപനം നടത്തുകയെന്നത് പ്രായോഗികമല്ല. കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതിനു പുറമേ കോടികളുടെ നിക്ഷേപവും നിരവധി പ്രദേശവാസികൾക്ക് തൊഴിലും ലഭിക്കാവുന്ന ഒരു പ്രസ്ഥാനമാണു ഇതോടെ കൊട്ടാരക്കരയിൽ ഇല്ലാതായത്. നാലോ അഞ്ചോ ആളുകൾ കൊടിയും പിടിച്ചു വന്നാൽ ഏതു വ്യവസായ സ്ഥാപനവും പൂട്ടിക്കാൻ സാധിക്കുന്ന വ്യവസായ അന്തരീക്ഷമാണ് കേരളത്തിലേതെന്നത് ഏറെ നിരാശാജനകമാണ്. അതിനാൽ ചുമട്ടു തൊഴിലാളികളുടെ ഇത്തരം  വ്യവസായ വിരുദ്ധ നിലപാടുകളിൽ രാഷ്ട്രീയത്തിനു അധീതമായി സർക്കാരിൻറെയും രാഷ്രിയ - ട്രേഡ് യൂണിയൻ നേതാക്കളുടെയും ശക്തമായ  ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Comments

    Leave a Comment