ന്യൂ ഡൽഹി : യുപിഐ പേയ്‌മെൻ്റുകൾക്കുള്ള പരിധി റിസർവ് ബാങ്ക് ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി.
ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോളാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഈ കാര്യം വ്യക്തമാക്കിയത്. തുടർച്ചയായി ഒമ്പതാം തവണയും പണനയ യോഗത്തിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. 6.5 ശതമാനമാണ് റിപ്പോ നിരക്ക്
കുറഞ്ഞകാലം കൊണ്ട് തന്നെ രാജ്യത്ത് വൻ ജനപ്രീതി നേടിയ പേയ്മെന്റ് രീതിയാണ് യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് ഒന്നിപ്പിക്കുന്ന ഈ സംവിധാനം തടസ്സമില്ലാത്ത പണമിടപാടുകൾ നടത്താൻ അനുവദിക്കുന്നു.
ആർബിഐയുടെ ഈ പുതിയ തീരുമാനത്തിലൂടെ ഉപഭോക്താക്കൾ അധിക നികുതി ഭാരത്തിൽ നിന്ന് ഒഴിവാകുന്നതാണ്. ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വ്യവസ്ഥകൾ പ്രകാരം നേരത്തെ നികുതിക്ക് വിധേയമായിരുന്നു. അതായത് യുപിഐ ഉപയോഗിച്ച് ഒരു വ്യക്തിക്ക് കൈമാറാൻ കഴിയുന്ന പരമാവധി തുകയായ ഒരു ലക്ഷം രൂപക്ക് മുകളിലുള്ള ഏതൊരു കൈമാറ്റവും നികുതിക്ക് വിധേയമായിരുന്നു.
എന്നാൽ ആർബിഐ ഈ പരിധി ഒരു ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയായി ഉയർത്തുമ്പോൾ, 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മാത്രം ഇനി ഉപയോക്താക്കൾ നികുതി നൽകിയാൽ മതി.
Comments