കേരളം സ്‌കൂൾ ഏകീകരണത്തിൽ ദേശീയഘടന നടപ്പാക്കില്ല.

School integration: Kerala rejected the national constitution

എട്ടുമുതൽ 12 വരെ ക്ലാസുകൾ സെക്കൻഡറിയായി പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ അംഗീകരിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ.

തിരുവനന്തപുരം:  സ്‌കൂൾ ഏകീകരണത്തിൽ ദേശീയഘടന കേരളം നടപ്പാക്കില്ല. 

ഹൈസ്കൂളും ഹയർസെക്കൻഡറിയും (ഒമ്പതുമുതൽ 12 വരെ ഒരു യൂണിറ്റായി കണക്കാക്കി) ലയിപ്പിച്ച് സെക്കൻഡറിയാക്കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ ശുപാർശ. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസഘടനയെ ദേശീയധാരയുമായി ചേർത്തുനിർത്താനാണ് ഈ സമീപനം.

എന്നാൽ എട്ടുമുതൽ 12 വരെ ക്ലാസുകൾ സെക്കൻഡറിയായി പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ അംഗീകരിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ. അധ്യാപകരുടെ തസ്തികയെയും സേവന-വേതന വ്യവസ്ഥകളെയും ബാധിക്കുമെന്നതിനാലും എട്ടാംക്ലാസിനെ ഹൈസ്കൂളിൽനിന്നും വേർപെടുത്തുമ്പോഴുള്ള പ്രായോഗികപ്രശ്നങ്ങൾ കണക്കിലെടുത്താണ് ഈ ശുപാർശ. പുതിയ സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂടനുസരിച്ചും എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളുള്ളതാണ് സെക്കൻഡറി വിദ്യാഭ്യാസം.

ഹൈസ്‌കൂളും ഹയർസെക്കൻഡറിയും ഒന്നാക്കുമ്പോൾ സെക്കൻഡറിക്ക് ഒരേ രീതിയിലാവും അധ്യാപകനിയമനം. സെക്കൻഡറി അധ്യാപകർക്കുള്ള വിദ്യാഭ്യാസയോഗ്യത ബിരുദാനന്തര ബിരുദമായിരിക്കണമെന്നാണ് ഖാദർ കമ്മിറ്റി നിർദേശം. പുതിയ നിയമനങ്ങൾക്കാവും ഈ വ്യവസ്ഥ നിർബന്ധമാക്കുക. ഇപ്പോഴുള്ള അധ്യാപകരെ യോഗ്യതയനുസരിച്ച് പുനർവിന്യസിക്കാനുള്ള സാധ്യത തേടും.

പ്രീ-പ്രൈമറിയിലും പ്രൈമറിയിലും പഠിപ്പിക്കാൻ അധ്യാപകർക്ക് ഡിപ്ലോമയോഗ്യത മതിയെന്നവ്യവസ്ഥ ഒഴിവാക്കാനും മിനിമംയോഗ്യത ബിരുദമാക്കി നിശ്ചയിക്കാനും ഖാദർ കമ്മിറ്റി നിർദേശിച്ചിരുന്നു. താഴ്ന്ന ക്ലാസുകളിൽ പഠിപ്പിക്കാൻ കുറഞ്ഞയോഗ്യത മതിയെന്ന സമീപനം തിരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. നിലവിലെ സ്‌കൂൾഘടന തുടരുന്നതടക്കമുള്ള ശുപാർശകൾ അംഗീകരിച്ചു മുന്നോട്ടുപോവാനാണ് സർക്കാർതലത്തിലെ ധാരണ.

വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടാൻ ആദ്യം മാറേണ്ടവർ അധ്യാപകരാണെന്ന് പറഞ്ഞ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷൻ പ്രൊഫ. എം.എ. ഖാദർ അധ്യാപകരാവാൻ അഭിരുചിയും കഴിവും വേണമെന്ന് നിർദ്ദേശിച്ചു. അധ്യാപകവിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ ആദ്യം പരിഹരിക്കണം. ക്ലാസിലെ ഓരോ കുട്ടിയുടെയും പഠനവും വികാസവും ലക്ഷ്യമാക്കണം. പഠിച്ചതിനുശേഷമാണ് മൂല്യനിർണയം. ഓരോ കുട്ടിയും പഠിച്ചാൽ മൂല്യനിർണയം ഒരു പ്രശ്നമല്ല. എസ്.എസ്.എൽ.സി.ക്കു മിനിമം മാർക്ക് നിശ്ചയിച്ചാൽ ഗുണനിലവാരം മെച്ചപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments

    Leave a Comment