രാജ്യം 78 -ആം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ.

78th Independence Day Celeberation

പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി. സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ച് മോദി.

ന്യൂ ഡൽഹി :  രാജ്യം 78 -ആമത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ.

രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ  പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തി.  തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഈ വർഷത്തെ  സ്വാതന്ത്ര്യദിന ആഘോഷം വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ്. കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേരാണ്  ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരുടെ ചെങ്കോട്ടയിലെ പരിപാടികൾകൊണ്ടും ആഘോഷം ഗംഭീരമായി. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമായി.

സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി കർഷകരും ജവാന്മാരുമെല്ലാം നമ്മുടെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവർക്കൊപ്പം നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊളോണിയൽ ഭരണത്തിനെതിരെ രാജ്യം നീണ്ട പോരാട്ടം നടത്തി. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂ. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി നീണ്ട പരിശ്രമം വേണമെന്നും ഓരോ പൗരൻ്റെയും സ്വപ്നം അതിൽ പ്രതിഫലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത്കൊണ്ട്  പറഞ്ഞ രാഷ്ട്രപതി ദ്രൗപതി മുർമു എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും ആ​ഹ്വാനം ചെയ്തു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നു. കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും അവർ പറഞ്ഞു.

Comments

    Leave a Comment