പാഡെൽ ടെന്നീസിന്റെ ആദ്യ കോർട്ട് കൊച്ചിയിൽ

Kerala's first Padel Tennis Court in Kochi കേരളത്തിലെ പാഡെൽ ടെന്നീസിന്റെ ആദ്യ കോർട്ട് കൊച്ചിയിൽ ബഹുമാനപ്പെട്ട MP ഹൈബി ഈഡൻ ഈ പാഡൽ കോർട്ട് ഉദ്ഘാടനം ചെയ്യുന്നു. പാഡൽ ഇന്ത്യയുടെ വക്താവായ അലെൻ ഹീലി, ഇൻഡസ് മോട്ടോർസ് ഡയറക്ടർ അഫ്ദൽ അബ്ദുൽ വഹാബ്, കള്ളിയത്ത് ഗ്രൂപ്പ് ഡയറക്ടർ ദിർഷ കെ മുഹമ്മദ് എന്നിവർ സമീപം

മൂന്നു വർഷത്തിനുള്ളിൽ കേരളത്തിലെ മറ്റു 10 നഗരങ്ങളിൽ കൂടി പാഡൽ ടെന്നീസ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് പാഡൽ ഹൈ.

കേരളത്തിലെ കായിക ചരിത്രത്തിന് പുതിയ ആവേശം പകരുന്ന വാർത്തയാണ് കൊച്ചിയിൽ നിന്നെത്തുന്നത്.

ആഗോള തലത്തിൽ അനുദിനം പ്രിയങ്കരമായിക്കൊണ്ടിരിക്കുന്ന പാഡെൽ  ടെന്നീസ് കൊച്ചിയിൽ  പാഡെൽ ഹൈ  എന്ന ബ്രാൻഡ് നാമത്തിൽ അവതരിപ്പിക്കുകയാണ്. ലോകോത്തരമായ സംവിധാനങ്ങളോട് കൂടിയാണ് ഈ കായികയിനം കേരളത്തിൽ ആദ്യമായി  ഇവിടെയെത്തുന്നത്. ബഹുമാനപ്പെട്ട MP ഹൈബി ഈഡൻ ഈ പാഡൽ കോർട്ട് ഉദ്ഘാടനം ചെയ്തു.

മെക്സിക്കോയില്‍ തുടങ്ങിയ പാഡൽ സ്പോര്‍ട്ട്സ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യൂറോപ്പിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും വന്‍ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് അതിവേഗം പ്രചാരം നേടി വരുന്ന പാഡൽ ഭാവിയില്‍ ഒരു ഒളിമ്പിക് ഇനമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇന്ത്യയില്‍ ഈ സ്പോര്‍ട്ട്സിനായുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പാഡൽ ഇന്ത്യയുടെ വക്താവായ ഐറിഷ് പൗരനായ അലെൻ ഹീലി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇൻഡസ് മോട്ടോർസ് ഡയറക്ടർ അഫ്ദൽ അബ്ദുൽ വഹാബ്, കള്ളിയത്ത് ഗ്രൂപ്പ് ഡയറക്ടർ ദിർഷ കെ മുഹമ്മദ് എന്നിവർ വാർത്ത സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

എല്ലാ ആഗോള നിബന്ധനകൾക്കും അനുസൃതമായിട്ടാണ് കൊച്ചിയിലെ കോർട്ട് നിർമ്മിചിരിക്കുന്നതെന്നും അലെൻ ഹീലി വ്യക്തമാക്കി. മൂന്നു വർഷത്തിനുള്ളിൽ കേരളത്തിലെ മറ്റു 10 നഗരങ്ങളിൽ കൂടി പാഡൽ ടെന്നീസ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് പാഡൽ ഹൈ.  ഇന്ത്യയിലും വളരെ വേഗം പ്രചരിച്ചു വരുന്ന ഒരു കായിക ഇനം കൂടിയാണ് പാഡൽ ടെന്നീസ്.  കഴിഞ്ഞ വർഷം മാത്രം പാഡൽ ടെന്നീസിന്റെ 100 കോർട്ടുകൾ ഇന്ത്യയിൽ പലയിടത്തായി നിർമ്മിക്കപ്പെട്ടു കഴിഞ്ഞുവെന്ന് പറഞ്ഞ ഹീലി ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കളിക്കാരെ ആഗോള റാങ്കിങ്ങിൽ കൊണ്ടുവരുവാനുള്ള സുവർണ്ണാവസരമാണിതെന്നും വ്യക്തമാക്കി. 

ലോകമെമ്പാടും അതിവേഗം വളരുന്ന ഈ കായികയിനം കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നത്തിന്റെ ഭഗവാക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് കള്ളിയത്ത് ഗ്രൂപ്പ് ഡയറക്ടർ ദിർഷ കെ മുഹമ്മദ് ബിസിനസ് ബീറ്റ്സിനോട് പറഞ്ഞു. വ്യാവസായിക താല്പര്യങ്ങളെക്കാളുപരി സ്പോർട്സിനോടുള്ള അതിയായ താല്പര്യമാണ് ഇതിന് മുന്നിട്ടിറങ്ങുന്നതിന് പ്രജോതനമായതെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ കേരളത്തിൽ കായികയിനങ്ങളോടുണ്ടായ പുത്തനുണർവ് ശ്രദ്ധേയമാണ്. ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങി എല്ലാ ഇനങ്ങളിലേക്കും യുവ തലമുറ കൂടുതൽ തല്പരരാകുന്നുണ്ട്. ഈ പുതു സാഹചര്യത്തിൽ കേരളത്തിൽ നിന്നും ലോക നിലവാരമുള്ള പാഡൽ ടെന്നീസ് കളിക്കാരെ വാർത്തെടുക്കുക എന്നതാണ ലക്ഷ്യമെന്ന് പറഞ്ഞ ഇൻഡസ് മോട്ടോർസ് ഡയറക്ടർ അഫ്ദൽ അബ്ദുൽ വഹാബ്, ഇന്ത്യയിലെ മറ്റ്‌ പല പ്രധാന നഗരങ്ങളിലും  ഈ കായിക ഇനം അതിവേഗം മുന്നേറുമ്പോൾ നമ്മുടെ നാട്ടിലെ കായിക പ്രേമികൾക്ക് ഇതുനുള്ള അവസരം നഷ്ടമായി കൂടാ എന്നും പ്രതികരിച്ചു.

ടെന്നിസിന്റെയും, സ്ക്വാഷിന്റെയും ചടുല വേഗങ്ങൾ സംഗമിക്കുന്ന ഒരു കായിക ഇനമാണ് പാഡെൽ  ടെന്നീസ്. ഒരു ടീമിൽ രണ്ടു പേര് എന്ന കണക്കിൽ ഗ്ലാസും, ലോഹവും കൊണ്ട് നിർമ്മിച്ച ചുമരതിർത്തിക്കുള്ളിൽ, അടച്ചുകെട്ടിയ കോർട്ടിൽ ആണ് ഈ കായിക ഇനം നടക്കുന്നത്. ഒരു ടെന്നീസ് കോർട്ടിന്റെ മൂന്നിൽ ഒന്നാണ് പാഡെൽ  ടെന്നീസ് കോർട്ടിന്റെ വിസ്തീർണം. അതിർത്തിയിലുള്ള ഏതു ചുമരുകളിൽ തട്ടിയാലും, ബോൾ മടങ്ങി എത്തുന്നതിനു മുൻപ് ഒരു തവണ മാത്രമേ ടർഫിൽ തൊടുവാൻ പാടുകയുള്ളു എന്നതാണ് കളിയുടെ പ്രധാന നിയമം. ഒന്നിലധികം തവണ ടർഫ് തൊട്ടാൽ പോയിന്റ്.

കളിയുടെ ആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ അതിന്റെ നിയമങ്ങൾ സ്വായത്തമാക്കാവുന്ന രീതിയിൽ എളുപ്പമാണ് പാഡെൽ  ടെന്നീസ്. മാത്രമല്ല ടെന്നിസിലേതുപോലെ കായിക ശക്തിയോ, സാങ്കേതികതയോ, സെർവുകൾ പോലെയുള്ള സ്കില്ലുകളോ ആവശ്യമില്ല എന്നതുകൊണ്ട് തന്നെ സ്ത്രീ പുരുഷന്മാർക്കും യുവ കളിക്കാർക്കും ഒരുമിച്ചു കളിക്കാവുന്ന ഒരു കായിക ഇനമായി പാഡെൽ  ടെന്നീസ് മാറുന്നു.

Comments

    Leave a Comment