സൂപ്പർ ലീഗ് കേരളയുടെ ടൈറ്റിൽ സ്പോൺസർ മഹിന്ദ്ര ; കിക്ക്‌ ഓഫ് സെപ്റ്റംബർ 7-ന്

Title Sponsor of Super League Kerala is Mahindra ;  Kick off on September 7 സൂപ്പർ ലീഗ് കേരളയുടെ ആദ്യ മത്സരം പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തിൽ കെ എഫ് എ പ്രസിഡന്റ്‌ നവാസ് മീരാനോടൊപ്പം സൂപ്പർ ലീഗ് കേരള ഡയറക്ടർ ഫിറോസ് മീരാൻ, സൂപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ് എന്നിവർ

●ആദ്യ മത്സരം ഫോഴ്സാ കൊച്ചി എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിൽ ●വയനാടിനായി മഹിന്ദ്ര സൂപ്പർ ലീഗ് കേരള ഓൾ സ്റ്റാഴ്‌സും മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബും പ്രത്യേക ചാരിറ്റി മത്സരം സംഘടിപ്പിക്കും.

കേരളത്തിലെ ഫുട്ബോൾ കളിയാരവങ്ങൾക്ക് ആവേശം തീർക്കാൻ എത്തുന്ന ആദ്യ സൂപ്പർ ലീഗ് കേരളയുടെ ടൈറ്റിൽ സ്പോൺസറായെത്തുന്നത് മഹിന്ദ്ര. 

മഹീന്ദ്ര സൂപ്പർ ലീഗ് കേരള എന്നായിരിക്കും കേരളത്തിന്റെ ആദ്യ ഫുട്ബോൾ ലീഗ് അറിയപ്പെടുക എന്ന് സൂപ്പർ ലീഗ് കേരള ഡയറക്ടർ ഫിറോസ് മീരാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കിക്ക്‌ ഓഫിന് കേരളം ഒന്നാകെ പൂർണ്ണ സജ്ജരായിരിക്കുകയാണെന്ന്  എല്ലാ ഒരുക്കങ്ങളും പൂർത്തിയായിവരുന്നതായും അദ്ദേഹം പറഞ്ഞു. 

സെപ്തംബർ 7-ന് വൈകുന്നേരം 7.30 മണിക്ക് കൊച്ചി ജവഹർലാൽ നെഹ്‌റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഫോഴ്സാ കൊച്ചി എഫ്‌സിയും  മലപ്പുറം എഫ്‌സിയും തമ്മിലാണ് ആദ്യ മത്സരം.  വർണാഭമായ തുടക്കത്തിന് ഇന്ത്യയിലെ പ്രമുഖ താരങ്ങൾ സാക്ഷിയാകും. കൂടാതെ വിവിധ കലാപരിപാടികളും ഉണ്ടാകും  

33 മത്സരങ്ങളാകും ലീഗിൽ ഉണ്ടാകുക. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്റ്റാർട്ട് സ്പോർട്സ് 1 ലും വെബ് സ്ട്രീമിംഗ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭിക്കുന്നതാണ്. ലീഗിന്റെ മിഡിൽ ഈസ്റ്റ് സംപ്രേഷണ അവകാശത്തിനുള്ള അവസാനവട്ട ചർച്ചയിലാണെന്നും ഫിറോസ് മീരാൻ പറഞ്ഞു. ടിക്കറ്റുകൾ പേടിഎം വഴി ബുക്ക് ചെയ്യാം. ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകൾ ഇന്ന് മുതൽ ബുക്ക് ചെയ്യാം.  

വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി ഈ മാസം 30ന് മലപ്പുറം മഞ്ചേരി ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ച് ചാരിറ്റി മത്സരം സംഘടിപ്പിക്കുമെന്ന്  മഹിന്ദ്ര സൂപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ് പറഞ്ഞു. ചാരിറ്റി മത്സരത്തിന്റെ ഭാഗമായി ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിന്റെ പുനഃനിർമ്മാണത്തിനായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. 

കളിക്ക് പുറത്തും മനുഷ്യജീവിതങ്ങളെ പിന്തുണക്കേണ്ടതും കഷ്ടതയനുഭവിക്കുന്നവർക്ക് താങ്ങായി നിൽക്കേണ്ടത് ഓരോ കളിക്കാരന്റെയും കാണിയുടെയും ഉത്തരവാദിത്തമാണ് എന്ന ബോധ്യത്തിലാണ് മഹിന്ദ്ര സൂപ്പർ ലീഗ് കേരള ചാരിറ്റി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നതെന്ന് സിഇഒ മാത്യു ജോസഫ് പറഞ്ഞു. 

മഹിന്ദ്ര സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി മാധ്യമ അവാർഡുകളും ഏർപ്പെടുത്തി. പത്രം, ടെലിവിഷൻ, ഓൺലൈൻ വിഭാഗങ്ങളിലെ മികച്ച റിപ്പോർട്ടർ, ക്യാമറാമാൻ എന്നിവർക്ക് ഒരു ലക്ഷവും, 50000 രൂപയുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 

Comments

    Leave a Comment