ടെലഗ്രാം മേധാവി പവേല്‍ ദുരോവ് പാരിസില്‍ അറസ്റ്റില്‍

Telegram chief Pavel Durov was arrested at Paris Airport

ടെലഗ്രാമിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പവേല്‍ ദുരോവ് പരാജയപ്പെട്ടു എന്നാണ് കുറ്റം.

പാരിസ്: ടെലഗ്രാം ആപ്ലിക്കേഷന്‍ മേധാവി പവേല്‍ ദുരോവിനെ പാരിസിലെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്‌തുവെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. ടെലഗ്രാമുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നാണ് സൂചന.

ടെലഗ്രാമിന്‍റെ സഹസ്ഥാപകനും സി ഇ ഒ യുമാണ് പവേല്‍ ദുരോവ്. അസര്‍ബൈജാനില്‍ നിന്ന് തന്‍റെ സ്വകാര്യ ജെറ്റില്‍ എത്തിയപ്പോൾ  
പ്രാദേശിക സമയം ശനിയാഴ്‌ച വൈകിട്ട് പാരിസിന്‍റെ പ്രാന്തപ്രദേശത്തുള്ള ലെ ബൂർഗെറ്റ് വിമാനത്താവളത്തില്‍ വച്ചാണ് പവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്തത്.  ദുരോവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും എന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിനെ കുറിച്ച് ഇതുവരെ ടെലഗ്രാമോ പാരിസിലെ റഷ്യന്‍ എംബസിയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 

ടെലഗ്രാമിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പവേല്‍ ദുരോവ് പരാജയപ്പെട്ടു എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. പവേലിനെതിരെ രേഖപ്പെടുത്തിയിരിക്കുന്ന കുറ്റങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ട്.  നിലവിൽ 900 മില്യണ്‍ ആക്‌റ്റീവ് യൂസര്‍മാര്‍ ഉള്ള ടെലഗ്രാം ദുരോവും സഹോദരന്‍ നിക്കോലായും ചേര്‍ന്ന് 2013ലാണ് സ്ഥാപിച്ചത്.  എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പായ ടെലഗ്രാം വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷന്‍ എന്ന നിലയിലാണ് ശ്രദ്ധയാകര്‍ഷിച്ചത്. ടെലഗ്രാം സ്ഥാപിക്കും മുമ്പ് വികെ എന്നൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം റഷ്യയില്‍ പവേല്‍ ദുരോവ് സ്ഥാപിച്ചിരുന്നു. 

ടെലഗ്രാം ആസ്ഥാനം ദുബായ് ആണ്. ഫ്രഞ്ച് പൗരത്വത്തിന് പുറമെ യുഎഇ പൗരത്വവുമുള്ള റഷ്യന്‍ വംശജനായ പവേല്‍ ദുരോവ് ദുബായിലാണ് ഇപ്പോള്‍ താമസിക്കുന്നത്. 15.5 ബില്യണ്‍ ഡോളറിന്‍റെ ആസ്തി ദുരോവിനുണ്ട് എന്നാണ് ഫോബ്‌സ് കണക്കാക്കുന്നത്. 

Comments

    Leave a Comment