സ്ക്രിപ്റ്റ് പിച്ചിംഗിനുള്ള എൻട്രികൾ ഈ മാസം 24 മുതൽ ഓഗസ്റ്റ് 30 വരെ ഫെസ്റ്റിവൽ വെബ് സൈറ്റ് വഴി സ്വീകരിക്കും. ആദ്യ പ്രതിമാസ ഗ്ലോബൽ അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട "ദി ഷോ" എന്ന ഹ്രസ്വ ചിത്രത്തിൻറെ ഡയറക്ടർ വസിം അമീറിന്.
കൊച്ചി: ചെറുകഥകൾ, ഡോക്യുമെൻററികൾ, ആനിമേഷൻ സ്ക്രിപ്റ്റുകൾ എന്നിവ യാഥാർത്ഥ്യമാക്കുന്നതിന് നിക്ഷേപകരെ കണ്ടെത്തി സിനിമ നിർമ്മാണത്തിന് നവാഗതരെ സഹായിക്കുന്ന എൻ എഫ് ആർ കൊച്ചി ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്ക്രിപ്റ്റ് പിച്ചിംഗും പ്രതിമാസ ഗ്ലോബൽ അക്കാദമി അവാർഡ് വിതരണവും ആരംഭിച്ചു.
എറണാകുളം ഷേണായിസ് തീയറ്ററിൽ നടന്ന ചടങ്ങിൽ സിനിമ സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ സ്ക്രിപ്റ്റ് പീച്ചിംഗ് ഫെസ്റ്റിവലിൻറെ ഉദ്ഘാടനം നടത്തി. ആദ്യ പ്രതിമാസ ഗ്ലോബൽ അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട "ദി ഷോ" എന്ന ഹ്രസ്വ ചിത്രത്തിൻറെ ഡയറക്ടർ വസിം അമീറിന് ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫെസ്റ്റിവൽ ചെയർമാൻ സിബി മലയിൽ സമ്മാനിച്ചു. ഡയറക്ടർ ഡോ. ജെയ്ൻ ജോസഫ്, എക്സിക്യൂട്ടീവ് ഡയറക്ടർ ലിയോ തദ്ദേവൂസ്, ശ്യാമള സുരേന്ദ്രൻ, വിനീത് കുമാർ. സലാം ബാപ്പു, അരുൺ ബോസ്, ആൻറണി സോണി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്ക്രിപ്റ്റുകൾ അവലോകനം ചെയ്ത ശേഷം ഇൻഡസ്ട്രി ഇൻവെസ്റ്റേഴ്സ് ഇൻക്യുബേറ്റർ - ഇൻക്യൂബ് പ്ലാറ്റ് ഫോമിലെ നിക്ഷേപകർക്ക് കൈമാറും. സാധ്യതയുള്ള നിക്ഷേപകർ, നിർമ്മാതാക്കൾ, സിനിമാ വ്യവസായത്തിലെ മറ്റ് പ്രധാന പങ്കാളികൾ എന്നിവരുമായി ബന്ധപ്പെടാനുള്ള അപൂർവ്വ അവസരം കൂടിയാണിത്. സ്ക്രിപ്റ്റ് പിച്ചിംഗിനുള്ള എൻട്രികൾ ഈ മാസം 24 മുതൽ ഓഗസ്റ്റ് 30 വരെ ഫെസ്റ്റിവൽ വെബ് സൈറ്റ് (nfrkochifestival.com) വഴി സ്വീകരിക്കും. പിച്ച് റൂം പ്രോഗ്രാം ഒക്ടോബർ 4 മുതൽ 6 വരെയാണ് നടക്കുക.
ഗ്ലോബൽ അക്കാദമി പ്രതിമാസ അവാർഡുകൾക്കുള്ള ഷോട്ട്ഫിലിമുകൾ, ഡോക്യുമെൻററികൾ, ആനിമേഷൻ ഫിലിമുകൾ തുടങ്ങിയവ ഓഗസ്റ്റ് 15 വരെ സമർപ്പിക്കാം. ഈ രണ്ടു പരിപാടികൾക്കും ചലച്ചിത്ര സംവിധായകൻ അരുൺ ബോസിൻറെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും മേൽനോട്ടം വഹിക്കുക. കല, സംസ്കാരം, സിനിമ മികവ് എന്നിവയാൽ നിറഞ്ഞ് നിൽക്കുന്ന ചലച്ചിത്ര മേള ഒക്ടോബർ ആദ്യവാരം കൊച്ചി താജ് വിവാന്തയിൽ നടക്കുന്ന ത്രിദിന ഉച്ചകോടിയോടെ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9048955441 എന്ന വാട്സ്ആപ്പ് നമ്പറിൽ അല്ലെങ്കിൽ festivalcoodinator@nfrkochifestival.com ൽ ബന്ധപ്പെടുക.
Comments