എന്‍എസ്ഇയില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ വിപണി മൂല്യം 5 ട്രില്യണ്‍ ഡോളര്‍ കടന്നു

Market Capitalization of NSE-listed companies has crossed $5 trillion

ലിസ്റ്റു ചെയ്ത കമ്പനികള്‍, ട്രേഡിങ് അംഗങ്ങള്‍, നിക്ഷേപകര്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാവരേയും ഈ സുപ്രധാന നാഴികക്കല്ലു പിന്നിടുന്ന വേളയില്‍ അഭിനന്ദിക്കുന്നതായി എന്‍എസ്ഇ ചീഫി ബിസിനസ് ഡെവലപ്മെന്‍റ് ഓഫിസര്‍ ശ്രീരാം കൃഷ്ണന്‍.

കൊച്ചി:  നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ വിപണി മൂല്യം 5 ട്രില്യണ്‍ ഡോളര്‍ കടന്നതായി (416.57 ട്രില്യണ്‍ രൂപ) 2024 മെയ് 23-ലെ കണക്കുകള്‍ കാണിക്കുന്നു.

നിഫ്റ്റി 50 സൂചിക എക്കാലത്തേയും ഉയര്‍ന്ന നിലയായ 22993.60-ല്‍ എത്തിയതും ഇതേ ദിവസം തന്നെയാണ്.  നിഫ്റ്റി 500 സൂചികയും 21505.25 എന്ന എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തി. 

എന്‍എസ്ഇയിലെ ഇന്ത്യന്‍ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 2017 ജൂലൈയിലെ 2 ട്രില്യണ്‍ ഡോളറില്‍ നിന്നു 3 ട്രില്യണ്‍ ഡോളറിലെത്താന്‍ (2021 മെയ്)  46 മാസമെടുത്തിരുന്നു.  ഇത് 4 ട്രില്യണ്‍ ഡോളറിലെത്താന്‍ വീണ്ടും 30 മാസവും (2023 ഡിസംബര്‍) എടുത്തു.  അടുത്ത 1 ട്രില്യണ്‍ ഡോളര്‍ വളര്‍ച്ചയുമായി 5 ട്രില്യണ്‍ ഡോളറിലെത്താന്‍ വെറും 6 മാസമാണ് വേണ്ടി വന്നത്. വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റവും മുകളിലുള്ള 5 കമ്പനികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ്. 

കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നിഫ്റ്റി 50 സൂചിക 13.4 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയാണു നേടിക്കൊടുത്തത്. ഇതേ കാലയളവില്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ (ഓഹരികളും ഡെറ്റും അടക്കം) 9.45 ട്രില്യണ്‍ രൂപയില്‍ നിന്ന് 506 ശതമാനം വര്‍ധിച്ച് 57.26 ട്രില്യണ്‍ രൂപയിലെത്തി.  വിദേശ പോര്‍ട്ടോഫോളിയോ നിക്ഷേപകരുടേത് 16.1 ട്രില്യണ്‍ രൂപയില്‍ നിന്ന് 345 ശതമാനം വര്‍ധിച്ച് 71.6 ട്രില്യണ്‍ രൂപയിലും എത്തി.

പുരോഗമനപരമായ നിയന്ത്രണ സംവിധാനങ്ങളുമായി ഓഹരി വിപണിക്കു പിന്തുണ നല്‍കിയ കേന്ദ്ര സര്‍ക്കാര്‍, സെബി, റിസര്‍വ് ബാങ്ക് എന്നിവര്‍ക്കു നന്ദി പറയുകയാണെന്ന് എന്‍എസ്ഇ ചീഫി ബിസിനസ് ഡെവലപ്മെന്‍റ് ഓഫിസര്‍ ശ്രീരാം കൃഷ്ണന്‍ പറഞ്ഞു. ലിസ്റ്റു ചെയ്ത കമ്പനികള്‍, ട്രേഡിങ് അംഗങ്ങള്‍, നിക്ഷേപകര്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാവരേയും ഈ സുപ്രധാന നാഴികക്കല്ലു പിന്നിടുന്ന വേളയില്‍ താന്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

    Leave a Comment