ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം പാളി : വ്യാപക പ്രതിഷേധം, ടെസ്റ്റ് നിർത്തിവെച്ചു.

State wide Protest against Kerala's New License Rules

മന്ത്രിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഡ്രൈവിങ് സ്കൂളുകൾ. ഡ്രൈവിങ് സ്കൂളുകള്‍ ടെസ്റ്റ് ബഹിഷ്കരിച്ചതോടെ എവിടെയും ടെസ്റ്റ് നടന്നില്ല.

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് മുതല്‍ നടപ്പാക്കാനിരുന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നടപ്പായില്ല.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കേന്ദ്രങ്ങള്‍ ഡ്രൈവിങ് സ്കൂള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചതോടെയാണ് പരിഷ്കരണം നടപ്പാക്കാനാവാതെ വന്നത്.  ഡ്രൈവിങ് ടെസ്റ്റ് സ്കൂളുകള്‍ ബഹിഷ്കരിച്ചതോടെ എവിടെയും ടെസ്റ്റ് നടന്നില്ല.  സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ ടെസ്റ്റ് നിലവിൽ നിർത്തിവച്ചിരിക്കുകയാണ്.

പ്രതിഷേധം കണ്ട് പിന്‍വാങ്ങില്ലെന്നും പരിഷ്കരണവുമായി മുന്നോട്ടുപോകുമെന്നുമാണ് പ്രതിഷേധക്കാരോടുള്ള മന്ത്രി കെബി ഗണേഷ്കുമാറിന്‍റെ പ്രതികരണം.  എന്നാൽ പുതിയ പരിഷ്കരണം   അപ്രായോഗിക നിർദേശമെന്നും നടപ്പാക്കാനാകില്ലെന്നുമാണ് ഡ്രൈവിങ് സ്കൂളുകാരുടെ നിലപാട്.  വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിങ് സ്കൂള്‍ സംയുക്ത സമരസമിതിയുടെ ആവശ്യം.

പലയിടത്തും ഗ്രൗണ്ട് അടച്ചുകെട്ടിയ ഡ്രൈവിങ് സ്കൂൾ ഉടമകൾ വാഹനങ്ങൾ കടത്തിവിട്ടില്ല.പ്രതിഷേധത്തെ തുടർന്ന് പലയിടത്തും ടെസ്റ്റ് നടത്താനാകാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തിരികെ പോയി. പലയിടത്തും മന്ത്രിയുടെ അപ്രായോഗിക നിര്‍ദേശങ്ങള്‍ക്കെതിരെ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തോടെ മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കവും ഇപ്പോൾ രൂക്ഷമാണ്.60 പേര്‍ക്ക് ടെസ്റ്റ് നടത്താനുള്ള മന്ത്രിയുടെ വാക്കാൽ നിർദ്ദേശം പാലിക്കേണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. നേരത്തെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഡ്രൈവിങ് ടെസ്റ്റ് 50 ആക്കാൻ വാക്കാൽ നിർദ്ദേശിച്ച മന്ത്രി പിന്നീട് തള്ളി പറഞ്ഞുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പ്രതിദിനം 60പേര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനായി പുതുക്കിയ സര്‍ക്കുലര്‍ ഇറക്കാത്തതില്‍ ആര്‍ടിഒമാര്‍ക്കിടയിൽ ആശയക്കുഴപ്പം തുടരുകയാണ്. പ്രതിദിനം 30പേര്‍ക്ക് ടെസ്റ്റ് നടത്താനുള്ള സര്‍ക്കുലറാണ് നിലവിലുള്ളത്. ഈ വിവാദ സര്‍ക്കുലര്‍ നിലനില്‍ക്കെ വാക്കാല്‍ മാത്രമാണ് ഇളവുകള്‍ മന്ത്രി നിര്‍ദേശിച്ചതെന്നും ഉത്തരവായി ഇറക്കിയിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഫെബ്രുവരി മാസത്തെ സർക്കുലർ നിലനില്‍ക്കുമ്പോൾ പുതിയ ഉത്തരവ് നിയമവിരുദ്ധമാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

കൊച്ചിയിൽ ടെസ്റ്റ് ബഹിഷ്കരിച്ച് ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധമറിയിച്ചു. കൊച്ചിയിൽ സ്ലോട്ട് എടുത്ത 30പേരില്‍ ടെസ്റ്റിന് ആരുമെത്തിയില്ല.

തിരുവനന്തപുരത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മുട്ടത്തറയിൽ 60 പേർക്ക് സമയം നൽകിയെങ്കിലും ആരും ടെസ്റ്റിനെത്തിയില്ല. 

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ കോഴിക്കോട് ഡ്രൈവിങ് സ്കൂൾ സംഘടനകൾ കറുത്ത ബാഡ്ജ് അണിഞ്ഞു പ്രതിഷേധിച്ചു. കോഴിക്കോട് ചേവായൂരിൽ 51 പേര്‍ സ്ലോട്ട് ബുക്ക് ചെയ്തിരുന്നെങ്കിലും ആരും ടെസ്റ്റിന് എത്തിയില്ല. ജില്ലയിലെ മറ്റു ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിലും ഇത് തന്നെ ആയിരുന്നു സ്ഥിതി.  മുക്കം ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ വർക്കേർസ് യൂണിൻ സി ഐ ടി യുടെ  നേതൃത്വത്തിൽ മുദ്രാവാക്യം വിളിച്ച്  പ്രതിഷേധിച്ചപ്പോൾ ടെസ്റ്റ് നടത്താൻ എത്തിയ ഉദ്യോഗസ്ഥർ തിരിച്ചുപോയി. ലേണഴ്സ് ടെസ്റ്റുകൾ മുടങ്ങിയില്ല. 

തൃശ്ശൂരിലും ഡ്രൈവിങ് സ്കൂൾ ഉടമകളുടെ പ്രതിഷേധമുണ്ടായി. അത്താണി ടെസ്റ്റ് ഗ്രൗണ്ടിലാണ് പ്രതിഷേധം. 90 സ്കൂളുകൾ ടെസ്റ്റിൽ പങ്കെടുക്കാതെയാണ് പ്രതിഷേധിച്ചത്.

കൊല്ലം ആശ്രാമം മൈതാനത്ത് ഇന്ന് 34 പേര്‍ ബുക്ക് ചെയ്തിരുന്നെങ്കിലും ടെസ്റ്റിന് ആരുമെത്തിയില്ല. കറുത്ത ബാഡ്ജ് ധരിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകൾ പ്രതിഷേധിച്ചു.

പത്തനംതിട്ട വെട്ടിപ്രം  ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിൽ സി ഐ ടി യു വിന്‍റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. 

ആലപ്പുഴ നഗരത്തിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ ആരും ടെസ്റ്റിന് എത്തിയില്ല.സമര സമിതി ഭാരവാഹികൾ പ്രതിഷേധ പ്രകടനം നടത്തി.

കായംകുളത്ത് 24 പേർ ടെസ്റ്റിനെത്തിയെങ്കിലും ഡ്രൈവിങ് സ്കൂള്‍ അധികൃതര്‍ ടെസ്റ്റിന് ഇറക്കിയില്ല.  

സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമെന്ന്  ആരോപിച്ച് മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നൽകിയില്ല.
 
തലശ്ശേരി ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. 

കാസർകോട് ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു. കോവിഡ് -19 മൂലമെന്ന് വിചിത്ര കാരണമാണ് ടെസ്റ്റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാനുള്ള കാരണമായി  മോട്ടോർ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചത്. ഈ മാസം 24-ാം തീയതി വരെയുള്ള എല്ലാ ടെസ്റ്റുകളും റദ്ദാക്കിയതായാണ് പഠിതാക്കൾക്ക് ലഭിച്ച അറിയിപ്പ്.

Comments

    Leave a Comment