വധുവിന് പരമാവധി സമ്മാനം 10 പവനും ഒരു ലക്ഷം രൂപയും ; സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു.

Maximum gift to the bride is 10 Pawan and Rs.1 Lakh; Renewal of Dowry Prohibition Act.

വധൂവരന്മാർക്ക് വിവാഹത്തിനു മുൻപ് കൗൺസലിങ് നൽകണം. വനിതാ കമ്മിഷന്റെയും സ്ത്രീ സംരക്ഷണ സംഘടനകളും ഭാഗത്തുനിന്നുള്ള സമ്മർദത്തിന്റെ ഭാഗമായാണ് ഇപ്പോൾ നടപടികൾ ആരംഭിച്ചത്.

തിരുവനന്തപുരം :  സ്ത്രീധന നിരോധനച്ചട്ടങ്ങൾ പരിഷ്കരിക്കാൻ സർക്കാർ നടപടി തുടങ്ങി. 

വധൂവരന്മാർക്ക് വിവാഹത്തിനു മുൻപ് കൗൺസലിങ് നൽകുന്നതും വധുവിനു  രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നുള്ള നിബന്ധന വയ്ക്കുന്നതും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങൾ പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങി. 

കേന്ദ്ര സ്ത്രീധന നിരോധനനിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ റജിസ്റ്റർ ചെയ്യൽ ചട്ടങ്ങളും ഭേദഗതി ചെയ്യുവനാണ് ഉദ്ദേശിക്കുന്നത്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങൾ ഇതിനോടകം തന്നെ സമർപ്പിച്ചു കഴിഞ്ഞു. തദ്ദേശഭരണവകുപ്പിന്റെ നിർദേശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അനുബന്ധവകുപ്പുകളുമായും ചർച്ചകൾ നടത്തിയശേഷം ഭേദഗതിയുടെ കരട് നിയമ വകുപ്പിന് അയയ്ക്കുമെന്ന് സർക്കാർ അറിയിച്ചു.

കൊല്ലം നിലമേൽ സ്വദേശിയായ വിസ്മയയുടെ ആത്മഹത്യ ചെയ്‌തതിന്‌ പിന്നാലെ സംസ്ഥാന വനിതാ കമ്മിഷൻ പരിഷ്കരണ ശുപാർശകൾക്ക് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും സർക്കാർ ഇതു പുറത്തുവിടുകയോ നടപടികളിലേക്കു കടക്കുകയോ ചെയ്തിരുന്നില്ല. വനിതാ കമ്മിഷന്റെയും സ്ത്രീ സംരക്ഷണ സംഘടനകളും ഭാഗത്തുനിന്നുള്ള  സമ്മർദത്തിന്റെ ഭാഗമായാണ് ഇപ്പോൾ ചർച്ചകളും അഭിപ്രായശേഖരണവും ആരംഭിച്ചത്. 

വനിതാ കമ്മിഷൻ നൽകിയ ചില ശുപാർശകൾ നടപ്പാക്കാൻ നിയമം ഭേദഗതി ചെയ്യേണ്ടിവരുമെന്നതിനാൽ അവ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കുന്നതാണ്. ഹൈസ്കൂൾ മുതലുള്ള പാഠപുസ്തകങ്ങളിൽ ഗാർഹികപീഡന നിരോധനനിയമം, സ്ത്രീധന നിരോധനനിയമം, പോക്സോ നിയമം എന്നിവ ഉൾക്കൊള്ളിക്കുന്ന അധ്യായം ഉണ്ടാകണമെന്ന കമ്മിഷന്റെ ശുപാർശയും ഇതുവരെ നടപ്പിലായിയിട്ടില്ല. 

വനിതാ കമ്മിഷന്റെ പ്രധാന ശുപാർശകൾ

# വിവാഹത്തിനു മുൻപായി വധൂവരന്മാർക്കു തദ്ദേശസ്ഥാപന തലത്തിൽ 
   കൗൺസലിങ് നിർബന്ധമാക്കണം. 

# വിവാഹ റജിസ്ട്രേഷന്റെ അപേക്ഷയ്ക്കൊപ്പം കൗൺസലിങ് പൂർത്തിയാക്കിയ  
   സർട്ടിഫിക്കറ്റ് വേണം.

# രക്ഷിതാക്കൾക്കും കൗൺസലിങ് നൽകുന്നതു പരിഗണിക്കണം.

# വിവാഹസമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ 
   സാക്ഷ്യപ്പെടുത്തണം. വിവാഹ റജിസ്ട്രേഷൻ അപേക്ഷയോടൊപ്പം  
   സാക്ഷ്യപ്പെടുത്തിയ പട്ടിക നൽകണം.

# വധുവിനു ലഭിക്കുന്ന സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിനു മാത്രം.

# വധുവിനു നൽകുന്ന മറ്റു സാധനങ്ങൾ 25,000 രൂപയിൽ കൂടാൻ പാടില്ല.

# ബന്ധുക്കള്‍ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ  
   നല്‍കാവൂ.
Comments

    Leave a Comment