ഭരണഘടനയ്ക്ക് എതിരായ പരാമർശങ്ങളെ തുടർന്നുള്ള വിവാദത്തിൽപ്പെട്ട മന്ത്രി സജി ചെറിയാൻ വൈകിട്ട് അഞ്ച് മണിയോടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.മന്ത്രിയുടെ ചുമതലകൾ നിലവിലെ മറ്റൊരു മന്ത്രിക്ക് കൈമാറാനാണ് തീരുമാനം. പുതിയ മന്ത്രി വേണ്ടെന്നാണ് പാർട്ടിയിലെ ധാരണ. വിവാദ പ്രസംഗത്തിൽ കേസെടുക്കാൻ കോടതിയുടെ നിര്‍ദ്ദേശം.
ഭരണഘടനാ വിരുദ്ധ പ്രസംഗം : സാംസ്കാരിക, ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ രാജിവച്ചു.

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായ സാംസ്കാരിക, ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാൻ രാജി വച്ചു. വൈകിട്ട് അഞ്ച് മണിയോടെ സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.
ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താനുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി. മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാമെന്ന വിദഗ്ധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായത്.
വിഷയം ചർച്ച ചെയ്യാൻ എകെജി സെന്ററിൽ ചേർന്ന സിപിഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ വി.എൻ.വാസവന് ഒപ്പം എത്തിയ സജി ചെറിയാൻ സംഭവിച്ചത് നാക്ക്പിഴയെന്ന് യോഗത്തിൽ വിശദീകരിച്ചു. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണെന്നും ഭരണഘടനയെന്നത് നാക്കുപിഴ സംഭവിച്ചതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പാകെ സജി ചെറിയാൻ വ്യക്തമാക്കി. എന്നാൽ മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നും അനാവശ്യ വിവാദത്തിലൂടെ സംസ്ഥാന സർക്കാരിനെയടക്കം പ്രതിസന്ധിയിലാക്കിയെന്നും യോഗത്തിൽ മന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. രണ്ടാം പിണറായി സർക്കാരിൽ നിന്ന് പുറത്തുപോകുന്ന ആദ്യ മന്ത്രിയായി സജി ചെറിയാൻ മാറി.
ഔദ്യോഗിക വാഹനം ഒഴിവാക്കി കൊണ്ടാണ് മന്ത്രി സ്ഥാനം രാജിവെച്ച ശേഷം സജി ചെറിയാൻ മടങ്ങിയത്. പുതിയ മന്ത്രി വേണ്ടെന്നും മന്ത്രിയുടെ ചുമതലകൾ നിലവിലെ മറ്റൊരു മന്ത്രിക്ക് കൈമാറാനാണ് പാർട്ടിയിലെ ധാരണ. രാജി തീരുമാനം തന്റെ സ്വതന്ത്രമായ തീരുമാനമാണെന്നായിരുന്നു സജി ചെറിയാൻ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന മീഡിയ റൂമിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ താൻ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ വിമർശിച്ചെന്ന രീതിയിലാണ് വാർത്ത പുറത്തുവന്നതെന്നും അങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ലെന്നും, താൻ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം വിവാദ പ്രസംഗത്തിൽ എംഎൽഎക്കെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകി. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ നൽകിയ പരാതിയിൽ, വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശമെങ്കിലും ഇന്ന് കേസെടുക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.
Comments