കർണാടകയിൽ വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, സ്നേഹത്തിന്റെ കട തുറന്നു : രാഹുൽ ഗാന്ധി
കന്നഡ മണ്ണിൽ ഭരണത്തുടർച്ചയെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ബിജെപിയുടെ അടവുകളെല്ലാം പിഴച്ചു. ഒടുവിൽ ലഭ്യമായ ഫലസൂചനകൾ പ്രകാരം കോൺഗ്രസ് 224 അംഗ നിയമസഭയിൽ 113 എന്ന കേവല ഭൂരിപക്ഷം മറികടന്നു.
ലഭ്യമായ പല സൂചനകൾ പ്രകാരം കോൺഗ്രസ് 136, ബി ജെ പി 64, ജെ ഡി എസ് 20, മറ്റുള്ളവർ 4 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില.
കർണാടകയിലെ കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. കോർപറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു കർണാടകയിൽ അരങ്ങേറിയത്. ജയം സാധാരണ ജനങ്ങൾക്കൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവർത്തിക്കുമെന്നും രാഹുൽ അറിയിച്ചു.
ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ ഏക രാഷ്ട്രീയ കേന്ദ്രമായ കർണാടകയിൽ വീണ്ടും താമര വിരിയിച്ച് രാജ്യമാകെ ചലനമുണ്ടാക്കാമെന്ന ബി ജെ പി യുടെ മോഹമാണു ഇതോടെ പൊലിഞ്ഞത്. ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളിലും മുങ്ങിത്താഴ്ന്ന സർക്കാരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവത്തിൽ കന്നഡ മണ്ണിൽ താമര വിരിയിക്കാമെന്ന പ്രതീക്ഷയ്ക്കു കൂടിയാണ് മങ്ങലേറ്റത്.
വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നു. വിദ്വേഷം കൊണ്ടല്ല ഞങ്ങൾ ഈ യുദ്ധത്തിൽ പോരാടിയത്. ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാർ കർണാടകയിൽ ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് (73.19%) ആയിരുന്നു ഇത്തവണ രേഖപ്പെടുത്തിയത്. ഒറ്റക്കെട്ടായിനിന്ന കോൺഗ്രസ് ശക്തമായ മത്സരമാണു കാഴ്ചവച്ചപ്പോൾ മോദിയുടെ ജനകീയതയും സർക്കാർ പദ്ധതികളും അനുകൂല വോട്ടായി മാറുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അവകാശവാദവും വിലപ്പോയില്ല.
Comments