കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി സർക്കാർ 30 കോടി രൂപ നൽകി. 65 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടത്.
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വിതരണത്തിനായി കെഎസ്ആർടിസിക്ക് (KSRTC) സംസ്ഥാന സർക്കാർ 30 കോടി രൂപ നൽകി. 30 കോടി രൂപ മതിയാവില്ലെന്നും ശമ്പളം നൽകാൻ 52 കോടി രൂപ കൂടി വേണമെന്നുമാണ് കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ നിലപാട്.
65 കോടി രൂപയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഇത്തവണ കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം സർക്കാർ ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകിയിരുന്നു.
അതേസമയം, ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കെഎസ്ആർടിസിയിൽ ഇന്ന് മുതൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ചീഫ് ഓഫീസിന് മുന്നിലാണ് പ്രതിഷേധം.ഭരണാനുകൂല സംഘടനയായ സിഐടിയുൾപ്പടെയുള്ള യൂണിയനുകൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടന്നു. ശമ്പള വിതരണത്തിലെ പാളിച്ചയും കെടുകാര്യസ്ഥതയും ഉന്നയിച്ച് മാനേജ്മെന്റിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് യൂണിയനുകൾ.
ഈ മാസം 20ന് മുൻപ് ശമ്പളം നൽകാൻ നിർവാഹമില്ലെന്ന് തൊഴിലാളി നേതാക്കളെ കെഎസ്ആർടിസി മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നു. 193 കോടി രൂപ പ്രതിമാസ വരുമാനം ഉണ്ടായിട്ടും ശമ്പളം വൈകുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. എങ്കിലും പ്രതിസന്ധി കാലത്ത് തത്കാലം പണിമുടക്കാനില്ലെന്നും യൂണിയനുകൾ വ്യക്തമാക്കി.
അതെ സമയം ആലപ്പുഴയിൽ ശമ്പളത്തില്‍ നിന്ന് പിടിച്ച ഭവന വായ്പ കെഎസ്ആര്‍ടിസി (KSRTC) ബാങ്കില്‍ അടക്കാഞ്ഞത് മൂലം ബസ് കണ്ടക്ടര്‍ ആലപ്പുഴ കലവൂര്‍ സ്വദേശി രാജീവ് കുമാറിന് ജപ്തി നോട്ടീസ് നൽകി. പണമില്ലാത്തത് കൊണ്ട് വായ്പ അടക്കാന്‍ കഴിഞ്ഞില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതർ നൽകിയ ന്യായീകരണം. എന്നാൽ രണ്ടാഴ്ചയ്ക്കുള്ളില്‍ വായ്പ മുഴുവന്‍ തിരിച്ചടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി.
ശമ്പളത്തില്‍ നിന്ന് ഡിപ്പോ ഉദ്യോഗസ്ഥര്‍ തുക പിടിച്ചെങ്കിലും കഴിഞ്ഞ 5 മാസമായി ഒരു പൈസ പോലും ബാങ്കിൽ അടച്ചിട്ടില്ല. ആദ്യമെല്ലാം മാസത്തവണ നേരിട്ട് അടചിരുന്ന രാജീവ് പിന്നീട് ജോലി ചെയ്യുന്ന ഹരിപ്പാട് ഡിപ്പോ വഴി ശമ്പളത്തില്‍ നിന്ന് പിടിക്കാന്‍ ബാങ്കിന് അനുവാദം നല്‍കിയിരുന്നു. അടുത്തിടെ ബാങ്കില്‍ നിന്ന് വന്ന ഒരു കത്ത് കണ്ട് ഡിപ്പോയുമായി ബന്ധപ്പെട്ടപ്പോഴാണ് ഡിപ്പോയുമായി ബന്ധപ്പെട്ടപ്പോഴാണ് രാജീവ് വിവരങ്ങൾ അറിയുന്നത്. രണ്ടാഴ്ചക്കകം നാല് ലക്ഷത്തി എണ്‍പത്തി ഒന്നായിരം രൂപ അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നാണ് ബാങ്ക് പറയുന്നത്. ഭാര്യയും മകളും ഭാര്യമാതാവും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായ രാജീവിന് കുടിശിക തുക എപ്പോള്‍ അടക്കുമെന്ന് പോലും ഉദ്യോഗസ്ഥര്‍ കൃത്യമായ ഉത്തരം നൽകുന്നില്ല.
source:asianetnews.com
Comments