സ്വദേശിവത്കരണം ; പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാന്‍ തീരുമാനം

Indigenization; Decision to terminate employment contracts of non-resident employees

കുവൈത്ത് വാണിജ്യ മന്ത്രി മാസൻ അൽ നഹേദിന്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ അൻസിയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. അദ്ധ്യാപക മേഖലയിലും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു.

കുവൈത്ത് :  സര്‍ക്കാര്‍ മേഖലയില്‍ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് കുവൈത്ത് വാണിജ്യ മന്ത്രാലയം. 

കുവൈത്ത് വാണിജ്യ മന്ത്രി മാസൻ അൽ നഹേദിന്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ അൻസിയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരായ 15 പേരുടെ തൊഴില്‍ കരാറുകള്‍ അവസാനിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്.

അദ്ധ്യാപക മേഖലയിലും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2022 - 23 അക്കാദമിക വര്‍ഷത്തിന്റെ അവസാനത്തോടെ 1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയതായി അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ - ശാസ്‍ത്ര ഗവേഷണ വകുപ്പ് മന്ത്രി ഡോ. ഹമദ് അല്‍ അദ്‍വാനിയുടെ നിര്‍ദേശപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വദേശിവത്കരണ നടപടികള്‍ തുടങ്ങിയത്. സ്വദേശി അധ്യാപകര്‍ ആവശ്യത്തിനുള്ള സെക്ടറുകളില്‍ പ്രവാസികളെ ഒഴിവാക്കുന്ന തരത്തിൽ ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.

ഓരോ വിദ്യാഭ്യാസ സോണുകളിലും വിവിധ ഘട്ടങ്ങളിലും പ്രത്യേകം പ്രത്യേകം കണക്കുകള്‍ തയ്യാറാക്കി വിശദമായ പരിശോധ നടത്തി പ്രവാസികളെ ഒഴിവാക്കുന്ന അതേ അനുപാതത്തില്‍ യോഗ്യതയുള്ള സ്വദേശി അധ്യാപകരെ പകരം നിയമിക്കും. 

ടൈപ്പിസ്റ്റുകൾ, അക്കൗണ്ടന്റുമാർ, നിയമകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, സാങ്കേതിക വിഭാഗം, ആസൂത്രണ മേഖല, നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖല, സാമ്പത്തിക കാര്യങ്ങൾ, കോർപ്പറേറ്റ് മേഖല തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളെയാണ് പിരിച്ചു വിടുന്നത്. ഇവരുമായുള്ള തൊഴിൽ കരാറുകൾ ഈ വര്‍ഷം ജൂൺ 29ന് അവസാനിക്കുന്ന തരത്തില്‍ നോട്ടീസ് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Comments

    Leave a Comment