നികുതി കുടിശികയുള്ളതിനാലാണ് നടപടിയെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും മോട്ടോർ വാഹന വകുപ്പ് വിശദീകരിച്ചു.
കോഴിക്കോട്: ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് കോഴിക്കോട് കസ്റ്റഡിയിൽ എടുത്തു.
നികുതി കുടിശിക വരുത്തിയതിനാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടിയെന്നാണ് വിശദീകരണം. കരിപ്പൂർ വിമാനത്താവളത്തിനുളളില്‍ സര്‍വീസ് നടത്തുന്ന ബസ് ഫറോക്ക് ചുങ്കത്തെ വർക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്നപ്പോളാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഫറൂഖ് ജോയിന്റ് ആർ ടി ഒ (RTO) ഉൾപ്പെട്ട സംഘമാണ് ബസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
ആറ് മാസത്തെ നികുതി കുടിശിക പിഴയും പലിശയമുൾപ്പെടെ നാൽപ്പതിനായിരത്തോളം രൂപ എയർലൈൻസ് അടയ്ക്കാനുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന വിവരം. കുടിശ്ശികയും പിഴയും അടച്ചാൽ മാത്രമെ ബസ് വിട്ടുനൽകുകയുള്ളുവെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
സമീപകാലത്തെ രാഷ്ട്രമായ സംഭവ വികാസങ്ങളിൽ ഭഗവാക്കായതോടെ ഇൻഡിഗോ വിമാനക്കമ്പനി വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചവരെ മർദ്ദിച്ചതിന്റെ ഭാഗമായായിരുന്നു ഇപി ജയരാജന് മൂന്നാഴ്ച യാത്ര വിലക്കും പ്രധിഷേധിച്ചവർക്ക് രണ്ടാഴ്ച യാത്ര വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇനി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനില്ലെന്നും മാന്യമായ കമ്പനികൾ വേറെയും ഉണ്ടെന്നായിരുന്നു വിമാനക്കമ്പനിയുടെ നടപടിക്കെതിരെ ഇപി ജയരാജന്റെ പ്രതികരണം. ഇൻഡിഗോയുടെ സാമൂഹിക മാധ്യമപേജിൽ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ട്രോളുകളും വിമർശനങ്ങളും വന്നിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായൊന്നും ബസ് പിടിച്ചെടുത്തതിന് ബന്ധമില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന വിശദീകരണം. ബസ് വിമാനത്താവളത്തിലായിരുന്നതിനാലാണ് ഇതുവരെ കസ്റ്റഡിയിൽ എടുക്കാൻ കഴിയാതിരുന്നതെന്നും അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്നപ്പോൾ പിടിച്ചെടുക്കുകയായിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് വിശദീകരിച്ചു.
Comments