ഫുൾചാർജിൽ 178 കിലോ മീറ്റർ മൈലേജുമായി ബജാജിന്റെ ആദ്യ ‘ഇ’ ഓട്ടോറിക്ഷ.

Bajaj's first 'E' autorickshaw with a mileage of 178 km on a full charge.

യൂണിറ്റിന് ഉയർന്ന വൈദ്യുതി നിരക്കായ പതിനൊന്നു രൂപവച്ചു കൂട്ടിയാൽ വെറും 99 രൂപക്ക് ബാറ്ററി ഫുൾചാർജ് ചെയ്യാൻ കഴിയും. ഹിൽഹോൾഡ് അസിസ്റ്റ് സംവിധാനമുള്ളതിനാൽ കയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ പിന്നോട്ട് പോകില്ല .

ഇനി വരുന്നത് ഇലക്ട്രിക്ക് യുഗമാണ്. ഇരുചക്ര വാഹനങ്ങൾ മുതൽ ട്രക്കുകൾ വരെ ഇലക്ട്രിക്കിലേക്ക് ട്രാക്ക് മാറിത്തുടങ്ങി. ഇപ്പോഴിതാ ത്രീ വീൽ വാഹനങ്ങളിലെ നമ്പർ വണ്ണായ ബജാജ് ഇലക്ട്രിക് ഓട്ടോറിക്ഷയുമായി  കളത്തിലിറങ്ങുകയാണ്. 

സാധാരണ പെട്രോൾ ഡീസൽ ഓട്ടോകളുടേതുപോലുള്ള ഡ്രൈവർ സീറ്റും ഹാൻഡിലുമാണ്. കീയിട്ട് ഒ‍‍ാണാക്കി ബ്രേക്ക് പെ‍ഡലിൽ കാൽ അമർത്തി ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്താൽ വാഹനം ഒ‍ാട്ടത്തിനു റെഡിയാകും. ഹാൻഡിലിലെ ഇടതുവശത്തുള്ള ബട്ടണുകളിൽ ഡി എന്ന ബട്ടൺ അമർത്തി ആക്സിലറേറ്റർ തിരിച്ചാൽ ഇ-ടെക് ഒ‍ാട്ടോ നീങ്ങിത്തുടങ്ങും. 


നിലവിൽ കൊച്ചിയിലും കോഴിക്കോടുമാണ് വാഹനം ലോഞ്ച് ചെയ്തിരിക്കുന്നത്. കൊച്ചിയിലെ കെപി മോട്ടോഴ്സ് തന്നെയാണ് കോഴിക്കോടിയിലെയും ഡീലർ. 75 ലക്ഷം സംതൃപ്തരായ കസ്റ്റമേഴ്സ് ലോകത്തിലെ ഏറ്റവും വലിയ ത്രീവീലർ നിർമാതാക്കളായ ബജാജിന്റെ നേട്ടമാണിത്. മികച്ച ഉൽപന്നം നൽകുന്നതിനൊപ്പം വിൽപനാനന്തര സേവനത്തിലും കാട്ടുന്ന ഉത്തരവാദിത്തമാണ് ബജാജിന്റെ ഈ നേട്ടത്തിനു പിന്നിൽ. 

ബജാജിന്റെ പെട്രോൾ, സിഎൻജി, ഡീസൽ ഓട്ടോകളോടു സാമ്യമുള്ള ഒതുക്കമുള്ള, വൃത്തിയും ഭംഗിയുമുള്ള ഡിസൈൻ.  ഉരുണ്ട ഹെഡ് ലൈറ്റ്, കറുപ്പുനിറത്തിലെ പാനലിങ്, മെറ്റൽ ബോഡി, ഫൈബർ മഡ്‌ഗാർഡുകൾ തുടങ്ങി നിലവാരമുള്ള നിർമാണം. റൂഫ് ഫ്രെയിമിന്റെ വെൽഡിങ്ങുകൾ പ്ലാസ്റ്റിക് പാനലുകൾകൊണ്ടു മറച്ചിരിക്കുന്നതുതന്നെ ഫിനിഷിങിന്റെ ഉദാഹരണമായി എടുത്തുപറയാവുന്നതാണ്.

മൂന്നുപേർക്കിരിക്കാവുന്ന വലിയ സീറ്റിനു പിന്നിൽ ചെറിയ സാധനങ്ങൾ വയ്ക്കാൻ സൗകര്യമുണ്ട്. നല്ല ക്വാളിറ്റിയുള്ള റെക്സിനാണ് റൂഫ് ആയി ഉപയോഗിച്ചിരിക്കുന്നത്.ചെറിയ മീറ്റർ കൺസോളിൽ ബാറ്ററി ചാർജ്, റേഞ്ച് തുടങ്ങിയ കാര്യങ്ങൾ ഹാൻഡിലിലെ വലതു വശത്തുള്ള മെനു സ്വിച്ച് വഴി അറിയാം. 

ഊർജനഷ്ടം പരമാവധി കുറവുള്ള, 29 ശതമാനം ഗ്രേഡബിലിറ്റിയുള്ള, 4.5 കിലോവാട്ട് പവറും 36 എൻ‌എം ടോർക്കും നൽകുന്ന മോട്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. ട്രാൻസ്മിഷൻ 2 സ്പീഡ് ഓട്ടമാറ്റിക്. 8.9 കിലോവാട്ട് അവറിന്റെ ലിതിയം അയൺ ബാറ്ററിയാണ്. മോട്ടറിനും ബാറ്ററിക്കും ഐ‍പി 67 റേറ്റിങ്ങുണ്ട്.  

ആക്സിലറേറ്റർ കൂട്ടിക്കൊടുത്താൽ എടുത്തുചാടുന്ന അത്ര കരുത്തുണ്ട്  ഇ-ടെക് മോട്ടറിന്. ഇക്കോ മോഡ് എന്നു വിളിക്കുന്ന ഡി മോഡിന് കരുത്ത് അൽപം കുറവാണ്. 40 കി.മീ. ആണ് കൂടിയ വേഗം. ഹാൻഡിലിലെ എം എന്ന സ്വിച്ച് ഇട്ടാൽ കരുത്തു കൂടുതൽ കിട്ടും. 45 കി.മീ. ആണ് കൂടിയ വേഗം. 120-80 ആർ 12 ന്റെ വലിയ ട്യൂബ്‍ലെസ് റേഡിയൽ ടയറാണ്. പിന്നിൽ സിവി ഡ്രൈവ് ഷാഫ്റ്റാണ് നൽകിയിരിക്കുന്നത്. ഹിൽഹോൾഡ് അസിസ്റ്റ് സംവിധാനമുള്ളതിനാൽ കയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ പിന്നോട്ട് പോകില്ല . 

ഫുൾചാർജിൽ 178 കിലോമീറ്ററാണ് മൈലേജ് നൽകുന്നത്. യൂണിറ്റിന് ഉയർന്ന വൈദ്യുതി നിരക്കായ പതിനൊന്നു രൂപവച്ചു കൂട്ടിയാൽതന്നെ ബാറ്ററി ഫുൾചാർജ് ചെയ്യാൻ 99 രൂപയേ ചെലവു വരുന്നുള്ളൂ. അതായത് 99 രൂപയ്ക്ക് 178 കിലോമീറ്റർ സഞ്ചരിക്കാം. 16 ആംപിയറിന്റെ ത്രീ പിൻ ചാർജറാണ്. വാഹനത്തിന്റെ വലതുവശത്ത് ചാർജിങ് പോർട്ട് നൽകിയിരിക്കുന്നു.  3 മണിക്കൂർകൊണ്ട് 80 ശതമാനം ചാർജാകുമെങ്കിലും  0-100 ശതമാനം ചാർജാകാൻ 4 മണിക്കൂർ 30 മിനിറ്റ് സമയം വേണം. വോൾട്ടേജ് വ്യതിയാനത്തിൽനിന്നും സംരക്ഷിക്കുന്ന ആർസിഡി കേബിളാണ് ചാർജിങ്ങിനായി നൽകിയിരിക്കുന്നത്.

ഒ‍ാൺ ബോർഡ് ചാർജറുണ്ടെന്നതിനാൽ ഭാരമേറിയ ചാർജർ കൊണ്ടുനടക്കണ്ട എന്നതാണ് ഇ-ടെക് ഓട്ടോയുടെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്ന്. ഇതു വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. കേബിൾ മാത്രം മതി ചാർജ് ചെയ്യാൻ. വാഹനത്തിന്റെ പിന്നിൽ സ്റ്റെപ്പിനി ടയറിനൊപ്പമാണ് ചാർജർ വയ്ക്കാനുള്ള ഇടം ക്രമീകരിച്ചിരിക്കുന്നത്. പെട്രോൾ ഓട്ടോകളിൽ എൻജിൻ‌ വരുന്ന സ്ഥലത്താണ് സ്റ്റെപ്പിനി  ടയറിന്റെ സ്ഥാനം. 

മോട്ടർ, ബാറ്ററി, ചാർജർ എന്നിവയ്ക്കു മൂന്നു വർഷം അല്ലെങ്കിൽ 80,000 കിലോമീറ്ററാണ് കമ്പനി നൽകുന്ന വാറന്റി

₨3.30 ലക്ഷം രൂപയാണ് ഇ-ടെക് 9.0 യുടെ ഒ‍ാൺറോഡ് വില. കേന്ദ്ര സർക്കാരിന്റെ സബ്സിഡി കഴിഞ്ഞുള്ള വിലയാണിത്. സബ്സിഡിക്കായി വാഹനം വാങ്ങുന്നവർ പ്രത്യേക അപേക്ഷകളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒന്നുംതന്നെ നൽകേണ്ടതില്ല. സബ്സിഡി തുക കമ്പനിക്കു നേരിട്ടു ലഭിക്കുകയാണ് ചെയ്യുന്നത്. 

Comments

    Leave a Comment