ഡിജിറ്റല്‍ ബാങ്കിങ് മേഖലയില്‍ പ്രതീക്ഷയേകി ഇസാഫും ഏസ്മണിയും കൈകോര്‍ക്കുന്നു

ISAF and Acemoney to join hands in digital banking ഏസ് മണി എവിപി- ബ്രാന്‍ഡിംഗ് ശ്രീനാഥ് തുളസീധരന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജിമ്മിന്‍ ജെ. കുറിച്ചിയില്‍, മാനേജിങ് ഡയറക്ടര്‍ നിമിഷ ജെ. വടക്കന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍

യുപിഐ എടിഎം - ഏജന്‍സി ബാങ്കിംഗ് സേവനങ്ങള്‍ക്ക് തുടക്കമായി

കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ റേഡിയന്റ്    ഏസ്മണിയും കൈകോര്‍ക്കുന്നു. ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്  ഇരു സ്ഥാപനങ്ങളും ഏജന്‍സി ബാങ്കിംഗ് സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. കൂടാതെ യുപിഐ സംവിധാനം ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കുന്ന യുപിഐ എടിഎം സേവനങ്ങള്‍ക്കും ഏസ്മണി ഇതോടൊപ്പം തുടക്കം കുറിച്ചു. 

കേരളം - തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇസാഫിന്റെ ബിസിനസ് കറസ്‌പോണ്ടന്റായി ഏസ്മണി പ്രവര്‍ത്തിക്കും.  പ്രധാനമായും റീട്ടെയില്‍ സ്ഥാപനങ്ങളായിരിക്കും കരാറിന്റെ ഗുണഭോക്താക്കള്‍. വ്യാപാരികള്‍ക്ക് അവരുടെ കടകളില്‍ നിലവിലുള്ള സേവനങ്ങള്‍ക്കൊപ്പം ഏജന്‍സി ബാങ്കിംഗ് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ബിസിനസ് കറസ്‌പോണ്ടന്റ് (ബിസി) പോയിന്റുകളായി ഉയര്‍ത്താം. ഇത് വഴി റീട്ടെയില്‍  വ്യാപാര  സ്ഥാപനങ്ങള്‍ക്ക്  ഒരു ബാങ്കിങ് സെന്റര്‍ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡുമായി ബിസിനസ് കറസ്‌പോണ്ടന്റ് പോയിന്റുകളെ  സമീപിക്കാം. അക്കൗണ്ടിലേക് പണം നിക്ഷേപിക്കാനും ഇതേ രീതിയില്‍ സാധിക്കും. കൂടാതെ ഡൊമസ്റ്റിക് മണി ട്രാന്‍സ്ഫര്‍, വിവിധ റീചാര്‍ജുകള്‍, ബില്‍ അടവുകള്‍ തുടങ്ങിയവയും ഇതോടൊപ്പം ലഭ്യമാകും.  ഇത്തരത്തില്‍ ഒരു സംവിധാനം സ്വന്തം സ്ഥാപനത്തോട് ചേര്‍ക്കുന്നത് വഴി റീട്ടെയില്‍  വ്യാപാരികള്‍ക്ക്  കൂടുതല്‍ വരുമാനവും ഉപഭോക്താക്കള്‍ക്ക്  കൂടുതല്‍ സേവനങ്ങളും  ഉറപ്പാക്കാനാകും. 

ഏസ്മണിയുടെ നിലവിലുള്ള മറ്റ് സേവനങ്ങളായ  അക്കൗണ്ട് ഓപ്പണിങ്,  ഇന്‍ഷുറന്‍സ്, പാന്‍ കാര്‍ഡ് സേവനങ്ങള്‍, ടിക്കറ്റ് ബുക്കിംഗ്, മറ്റ് ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയും ബിസിനസ് കറസ്‌പോണ്ടന്റ് (ബിസി) പോയിന്റുകള്‍ വഴി ലഭ്യമായിരിക്കും. 

കൂടാതെ യുപിഐ സംവിധാനത്തിന്റെ വര്‍ധിച്ചു വരുന്ന സ്വീകാര്യത കണക്കിലെടുത്ത് കേരളത്തില്‍ ആദ്യമായി ക്യൂആര്‍ കോഡ് സ്‌കാനിംഗ് വഴി അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കുന്ന യുപിഐ എടിഎം സേവനവും ഏസ്മണി വിപണിയില്‍ അവതരിപ്പിച്ചു. ഒരു തവണ  സ്‌കാനിംഗ് വഴി 1000   രൂപയും  ഒരു ദിവസം പരമാവധി 3000  രൂപയുമാണ് നിലവില്‍ ലഭ്യമായ പരിധി. ഏത് യുപിഐ ആപ്പ് വഴിയും  ഇത്തരത്തില്‍ പണം പിന്‍വലിക്കാനാകും.

ചെറുകിട കച്ചവടക്കാരെയും വ്യാപാരികളെയും സംബന്ധിച്ചിടത്തോളം വരുമാനം കൂട്ടുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും  ഇത് ഒരു നല്ല അവസരമാണെന്നും, ഇത്തരത്തില്‍ ഒരു  ആശയം പ്രാവര്‍ത്തികമാക്കുന്നത്  വഴി ബാങ്കിങ് മേഖലയുടെ ഡിജിറ്റല്‍ മുന്നേറ്റത്തിന് ഊര്‍ജ്ജം പകരാനാണ് ആഗ്രഹിക്കുന്നത് എന്നും ഏസ്മണി മാനേജിങ് ഡയറക്ടര്‍  നിമിഷ ജെ വടക്കന്‍ പറഞ്ഞു. 
ബിസി പോയിന്റുകള്‍ ആരംഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി ഏസ്മണിയുടെ കൊച്ചി ഓഫീസിലോ കസ്റ്റമര്‍ കെയര്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. 

ഏസ്മണി എസ്സിക്യൂട്ടീവ് ഡയറക്ടര്‍  ജിമ്മിന്‍ ജെ കുറിച്ചിയില്‍, മാനേജിങ് ഡയറക്ടര്‍   നിമിഷ ജെ വടക്കന്‍,  എവിപി - ബ്രാന്‍ഡിംഗ് ശ്രീനാഥ് തുളസീധരന്‍  എന്നിവര്‍  എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Comments

    Leave a Comment