കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് കേരളത്തിന് നഷ്ടമായേക്കും.

Kozhikode Steel Complex be handed over to a private company

മുന്നൂറു കോടിയോളം ആസ്തി വിലമതിക്കുന്ന പൊതുമേഖലാ സ്ഥാപനം വെറും മുപ്പത് കോടി രൂപക്ക് ചത്തീസ്ഗഡ് ഔട്ട് സോഴ്സ് സര്‍വീസെന്ന സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നാഷണല്‍ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവ്.

പൊതുമേഖലാ സ്ഥാപനമായ കോഴിക്കോട് സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നാഷണല്‍ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവിട്ടതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം.

കഴിഞ്ഞ ദിവസമാണ് മുന്നൂറു കോടിയോളം ആസ്തി വിലമതിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സ് ചത്തീസ്ഗഡ് ഔട്ട് സോഴ്സ് സര്‍വീസെന്ന സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നാഷണല്‍ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. സര്‍ക്കാര്‍ ബോധപൂര്‍വം വീഴ്ച വരുത്തിയെന്ന ആക്ഷേപങ്ങള്‍ക്ക് പിന്നാലെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ വ്യവസായ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ കോപ്ലക്സ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് വളരെ ചെറിയ തുകക്ക് സ്വകാര്യകമ്പനിക്ക് നല്‍കുന്നത്. 2013 ല്‍ കനാറാ ബാങ്കില്‍ നിന്നെടുത്ത 45 കോടി രൂപ വായ്പാ തിരിച്ചടവ് മുടങ്ങിയതാണ് ഈ കൈമാറ്റത്തിന്റെ  കാരണമായി പറയുന്നത്. 

കുടിശ്ശിക തുടര്‍ച്ചയായി അടയ്ക്കാതെ വന്നപ്പോള്‍ ബാങ്ക് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഒടുവില്‍ മുപ്പത് കോടിയോളം രൂപ നല്‍കാമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ സ്ഥാപനം സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവിടുകയായിരുന്നു. 

കേസുമായി ബന്ധപ്പെട്ട വിസ്താരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ  പലതവണ നടന്നിട്ടും കമ്പനി നടത്തിപ്പുകാരായ കേരള സര്‍ക്കാര്‍ വായ്പ തിരിച്ചടയ്ക്കാന്‍ വീഴ്ച വരുത്തിയെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് ആരോപണം. തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

വ്യവസ്ഥകള്‍ പാലിക്കാതെയാണ് സ്ഥാപനത്തിന്റെ  ഭൂമി കടബാധ്യതിയില്‍ ഉള്‍പ്പെടുത്തിയതെന്നും സംസ്ഥാന സര്‍ക്കാരിന്റെ  വാദം കേള്‍ക്കാതെയാണ് വിധി പ്രസ്താവിച്ചതെന്നും പറഞ്ഞ മന്ത്രിയുടെ ഓഫീസ് പ്രശ്നപരിഹാരത്തിനായി കനറാ ബാങ്കുമായി മൂന്നു തവണ യോഗം ചേര്‍ന്നിരുന്നെന്നും സംയുക്ത സംരഭത്തെ സംരക്ഷിക്കാന്‍ കേന്ദ്ര സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ താല്‍പര്യം കാണിച്ചില്ലെന്നും അറിയിച്ചു.

Comments

    Leave a Comment