മലയാള സിനിമ @ 2024 ; കൊച്ചു കേരളം വലിയ മലയാളത്തിൽ സംസാരിക്കുമ്പോൾ.

Malayalam Film Industry in 2024

സാമ്പത്തികമായി മലയാള സിനിമ 2024 ല്‍ അതിന്‍റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് പറയാം.

കൊവിഡ് കാലത്തിന് മുൻപ് വരെ മലയാള സിനിമ ചെറിയൊരു ബിസിനസ് മേഖല എന്നതിനാല്‍ തന്നെ സാമ്പത്തികമായി ബ്രഹ്മാണ്ഡ ചിത്രങ്ങളും അതിന്‍റെ ബോക്സോഫീസ് കളക്ഷനും വലുതായി ശ്രദ്ധിക്കാതെ ക്വാളിറ്റിയില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടായിരുന്നു മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ഇത് കാരണം തീയറ്റുറകൾ അടഞ്ഞുകിടന്നിരുന്ന കൊവിഡ് കാലത്ത് മലയാള സിനിമ ഒടിടി വഴി നല്ല പേര് ഉണ്ടാക്കി.

ഈ വര്‍ഷത്തെ മൂന്നരമാസം പിന്നിടുമ്പോള്‍ സാമ്പത്തികമായി മലയാള സിനിമ 2024 ല്‍ അതിന്‍റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് നിസ്സംശയം പറയാൻ പറ്റുന്ന സാഹചര്യമാണ്.

2024 - ൽ ഇതുവരെ ഇറങ്ങിയ 51 ചിത്രങ്ങള്‍ എല്ലാം ചേര്‍ന്ന് ആഗോള ബോക്സോഫീസില്‍ നേടിയത് 750 കോടിയോളം രൂപയാണ് എന്ന് ഫോറം കേരളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 14 ഞായര്‍ വരെയുള്ള കണക്കാണ് ഇത്. ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്ന് മലയാള സിനിമ 374 കോടിയാണ് നേടിയിരിക്കുന്നത് എന്ന് സാക്നില്‍ക്.കോം റിപ്പോര്‍ട്ട് പറയുന്നു. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ ബൂം ആണിത്. മലയാള സിനിമയുടെ മൊത്തം കളക്ഷന്‍റെ 50 ശതമാനത്തിനടുത്ത് വിദേശത്ത് നിന്നും വരുന്നുവെന്നത് തീയറ്റര്‍ റിലീസ് സംബന്ധിച്ച് മലയാളത്തിന് വലിയ സാധ്യതകളാണ് തുറന്നിടുന്നത്.

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഇതിൽ പ്രധാനം. 236 കോടിയാണ് മഞ്ഞുമ്മലിന്‍റെ നേട്ടം. പൃഥ്വിരാജിന്‍റെ ആടുജീവിതവും (144 കോടി), യുവ താരങ്ങൾ ശ്രദ്ധേയമാക്കിയ പ്രേമലു (136.25 കോടി), 58.8 കോടി നേടിയ ഭ്രമയുഗവും ആണ് ഇതിൽ മുന്നിലുള്ളത്.

വിഷു റിലീസ് ചിത്രങ്ങളില്‍  ഇതുവരെ 60 കോടിയാളം ആഗോള കളക്ഷൻ നേടിയ ഫഹദ് ഫാസിൽ ചിത്രം ആവേശം ആണ് മുന്നില്‍. മികച്ച അഭിപ്രായവുമായി വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷവും മികച്ച കളക്ഷൻ നേടുന്നുണ്ട്.

ബോളിവുഡും, തെലുങ്കും കഴിഞ്ഞാല്‍ മലയാളമാണ് ഇത്തവണ ഇന്ത്യന്‍ ബോക്സോഫീല്‍ മുന്നില്‍ നിൽക്കുന്നത്. ആഗോള തലത്തില്‍ വലിയ റിലീസിംഗ് സാധ്യതകള്‍ ഈ വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലും മലയാള സിനിമ പ്രയോജനപ്പെടുത്തിയാല്‍ ആദ്യമായി ഒരു വര്‍ഷത്തില്‍ 1000 കോടി എന്ന റെക്കോഡിലേക്ക് മലയാളം എത്തിയേക്കും എന്നാണ് ഇന്‍ട്രസ്ട്രീ ട്രാക്കേര്‍സിന്‍റെ അഭിപ്രായം.

Comments

    Leave a Comment