ഒരു മാസം, 941 കോടി ഇടപാടുകൾ, 14.89 ലക്ഷം കോടി മൂല്യം ; റെക്കോഡ് സൃഷ്ടിച്ച് യുപിഐ കണക്ക്.

One month ; 941 crore UPI transactions worth Rs 14.89 lakh crore source: ClearTax Chronicles

ഒരുമാസം ഇടപാടുകൾ 900 കോടി കടക്കുന്നത് ആദ്യമായിട്ടാണ്. മെയ് മാസത്തിൽ മാത്രമായി 14.89 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് നടന്നത്.

യു പി ഐ വഴിയുള്ള പണമിടപാടിൽ ഇന്ത്യക്ക് പുതിയ റെക്കോഡ്. 

ഈ വർഷം മെയ് മാസത്തിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (U P I) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അറിയിച്ചു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (N P C I) കണക്കുകൾ പ്രകാരം മെയിലെ അവസാന പത്ത് ദിവസങ്ങളിൽ ഏകദേശം 3.96 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നു. 

ഒരുമാസം ഇടപാടുകൾ 900 കോടി കടക്കുന്നത് ആദ്യമായിട്ടാണ്. മെയ് മാസത്തിൽ മാത്രമായി 14.89 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മെയ് മാസത്തിൽ 595.52 കോടി ഇടപാടുകളിലായി 10.41 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്. 2023  മാർച്ചിലെ 14.10 ലക്ഷം കോടി രൂപയുടെ റെക്കോഡും മറികടന്നു. കഴിഞ്ഞ സാമ്പത്തികവർഷം 8300 കോടി ഇടപാടുകളിലായി 139 ലക്ഷം കോടിരൂപയുടെ ഇടപാടാണ് നടന്നത്.

2016 ലാണ് യു പി ഐ സംവിധാനം രാജ്യത്ത് അവതരിപ്പിച്ചത്.  നിലവിൽ, രാജ്യത്തെ ഏറ്റവും സ്വീകാര്യതയുള്ള പേയ്മെന്റ് രീതിയായി യു പി ഐ നഗരത്തിലെ വലിയ വലിയ ഷോപ്പിംഗ് മാളുകൾ മുതൽ നാട്ടിൻപുറത്തെ പെട്ടിക്കടകൾ വരെ ഉപയോഗിക്കുന്നുണ്ട്. 2027 ആകുമ്പോഴേക്കും രാജ്യത്തെ പണമിടപാടുകളുടെ ഭൂരിഭാഗവും യു പി ഐ മുഖാന്തരം നടക്കുമെന്നാണ് വിലയിരുത്തൽ.വിവിധ മേഖലകളിൽ നികുതി പിരിവ് ഉൾപ്പെടെ ഡിജിറ്റൽ പേയ്‌മെന്റിന് കീഴിൽ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.

Comments

    Leave a Comment