2024 - ലെ സത്യവാങ്മൂലത്തിൽ പ്രധാനമന്ത്രി നൽകിയ ആസ്തിയുടെയും വിദ്യാഭ്യാസ യോഗ്യതയുടെയും വിവരങ്ങൾ അറിയാം...
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദേശപത്രിക സമർപ്പിച്ചു.
കാലഭൈരവ ക്ഷേത്ര ദര്‍ശനം നടത്തി പത്രിക സമര്‍പ്പിക്കുന്നതിനായി കലക്ടറേറ്റില്‍ എത്തിയ മോദിയോടൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടായിരുന്നു. ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള ഒരു വ്യക്തി, ഒബിസി, ദലിത് വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ എന്നിങ്ങനെ വാരാണസിയിലെ സാധാരണക്കാരെയാണ് പത്രികയില്‍ ഒപ്പുവയ്ക്കാന്‍ മോദി തിരഞ്ഞെടുത്തത്.
തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ സത്യവാങ്മൂലത്തിലാണ് മോദി തന്റെ ആസ്തി വെളിപ്പെടുത്തിയത്. ഈ റിപ്പോർട്ട് പ്രകാരം ഇരട്ടി വർദ്ധനവ് ആണ് പത്ത് വർഷത്തിനിടെ മോദിയുടെ ആസ്തിയിൽ ഉണ്ടായിരിക്കുന്നത്.
സത്യവാങ്മൂലം പ്രകാരം പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ സ്വത്തുക്കള്‍ ഉണ്ട്. 52,920 രൂപയാണ് കൈവശമുള്ളത്. സ്വന്തമായി സ്ഥലമോ വീടോ വാഹനമോ ഇല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2014 - ലെ സത്യവാങ്മൂലം പ്രകാരം പ്രധാനമന്ത്രിക്ക് 1.62 കോടിയുടെ സ്വത്തുക്കള്‍ ഉണ്ടായിരുന്നു. 2019 - ൽ ഇത് 2.5 കോടി രൂപയായിരുന്നു.
ശമ്പളവും നിക്ഷേപത്തിൽ നിന്നുള്ള പലിശയുമാണ് വരുമാനത്തിന്റെ പ്രധാന മാർഗമായി പറയുന്നത്.
ആസ്തിയില്‍ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണ്. പ്രധാനമന്ത്രിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗാന്ധിനഗര്‍ ശാഖയില്‍ 73,304 രൂപയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാരാണസി ശാഖയില്‍ 7,000 രൂപ നിക്ഷേപവുമാണുള്ളത്. കൂടാതെ എസ്ബിഐയില്‍ 2,85,60,338 രൂപയുടെ സ്ഥിര നിക്ഷേപവും എൻ എസ് ഇ യിൽ നിക്ഷേപമായി 9.12 ലക്ഷം രൂപയുമുണ്ട്. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാലു സ്വര്‍ണമോതിരങ്ങളുണ്ട്.
സത്യവാങ്മൂലം പ്രകാരം പ്രധാനമന്ത്രിക്ക് 1978 - ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും 1983 - ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഉണ്ട്.
Comments