കൂടുതൽ പണം അയച്ചത് ഏത് രാജ്യം ആരാണെന്നറിയാമോ ?
കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയച്ചത് 107 ബില്യൺ ഡോളർ( ഏകദേശം 8.88 ലക്ഷം കോടി രൂപ) ആണ്.
കഴിഞ്ഞ സാമ്പത്തിക വർഷം പ്രവാസിപ്പണമായി ആകെ 119 ബില്യൺ ഡോളർ ഇന്ത്യയിലെത്തിയിരുന്നുവെങ്കിലും ഇന്ത്യയിൽ നിന്ന് വിദേശികൾ പുറത്തേക്ക് അയച്ച തുക കിഴിച്ചുള്ളതാണ് ഈ 107 ബില്യൺ ഡോളർ കണക്ക്.
ഏറ്റവുമധികം പ്രവാസിപ്പണം എത്തിക്കുന്നതിൽ നിലവിൽ യുഎസിനാണ് ഒന്നാംസ്ഥാനമെന്ന് റിസർവ് ബാങ്കിന്‍റെ സർവേ വ്യക്തമാക്കുന്നു. ഇന്ത്യയിലെത്തുന്ന മൊത്തം പ്രവാസിപ്പണത്തിൽ 23 ശതമാനമാണ് യുഎസിന്‍റെ പങ്ക്. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്
നേരത്തെ രാജ്യത്ത് പ്രവാസിപ്പണം നേടുന്നതിൽ കേരളത്തിനായിരുന്നു ഒന്നാംസ്ഥാനമെങ്കിൽ കോവിഡാനന്തരം ആ സ്ഥാനം മഹാരാഷ്ട്ര പിടിച്ചെടുത്തു. നിലവിൽ രാജ്യത്തെ മൊത്തം പ്രവാസിപ്പണത്തിന്റെ 35 ശതമാനവും നേടുന്നത് മഹാരാഷ്ട്രയാണ്. 10.2 ശതമാനം മാത്രമാണ് കേരളത്തിലെത്തുന്നതെന്നും സർവേ വ്യക്തമാക്കുന്നു.
ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം വർഷങ്ങളായി ഇന്ത്യ തന്നെയാണെന്ന് ലോകബാങ്ക് പുറത്തുവിട്ട ഗ്ലോബൽ റെമിറ്റൻസസ് കണക്കുകൾ സൂചിപ്പിക്കുന്നു. 2023 കലണ്ടർ വർഷത്തിൽ ഇന്ത്യ 125 ബില്യൺ ഡോളർ പ്രവാസിപ്പണമായി നേടിയപ്പോൾ രണ്ടാംസ്ഥാനത്തുള്ള മെക്സിക്കോയ്ക്ക് പ്രവാസിപ്പണമായി ലഭിച്ചത് 66.2 ബില്യൺ ഡോളറാണ്. ചൈന (49.5 ബില്യൺ), ഫിലിപ്പീൻസ് (39.1 ബില്യൺ), ഫ്രാൻസ് (34.8 ബില്യൺ), പാകിസ്ഥാൻ (26.6 ബില്യൺ), ഈജിപ്റ്റ് (24.2 ബില്യൺ), ബംഗ്ലദേശ് (23 ബില്യൺ), നൈജീരിയ (20.5 ബില്യൺ), ജർമനി (20.4 ബില്യൺ) എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപമായ 54 ബില്യൺ ഡോളറിന്‍റെ ഇരട്ടിയോളം തുകയാണ് ഈ പ്രാവശ്യം പ്രവാസിപ്പണമായി ഇന്ത്യയിലെത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
Comments