കേരളത്തിന് പനി : മൂന്നുദിവസത്തിനിടെ 11 മരണം

Fever cases rise in kerala

അതീവജാഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി.നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ ആകെ പനിബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും കഴിഞ്ഞദിവസങ്ങളിലും തുടർച്ചയായി പനിബാധിതരുടെ എണ്ണം 13,000 കടന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനിബാധിതർ ഉള്ളത്. നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ ആകെ പനിബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. 

സംസ്ഥാനത്ത് ഇന്നും പനിമരണം റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ജില്ലയിലെ  എട്ടാംക്ലാസ്സ് വിദ്യാർഥി ധനുഷ്കാണ് പനിബാധിച്ച് മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 11 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 

സംസ്ഥാനത്ത് പത്തുദിവസത്തിനിടെ 11,462 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 335 പേർ വ്യാഴാഴ്ച ഡെങ്കിപ്പനിക്ക് ചികിത്സ തേടി. ഏഴുപേർക്ക് ചെള്ളുപനിയും 15 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് എലിപ്പനിബാധിതർ ചികിത്സ തേടിയത്. 

ഇക്കൊല്ലം ഇതുവരെ 70 പേർക്കാണ് എലിപ്പനിമൂലം ജീവൻ നഷ്ടമായത്. ഡെങ്കിപ്പനി ബാധിച്ച് ഇക്കൊല്ലം 34 പേർ മരിച്ചു. ചെള്ളുപനി ബാധിച്ച് അഞ്ചുേപരും പകർച്ചപ്പനി ബാധിച്ച് നാലുപേരുമാണ് മരിച്ചത്. 

പനി പടരുന്ന പശ്ചാത്തലത്തിൽ പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. 

ഏത് പനിയും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ ആകാമെന്നതിനാല്‍ തീവ്രമായതോ നീണ്ടുനില്‍ക്കുന്നതോ ആയ എല്ലാ പനി ബാധകള്‍ക്കും വൈദ്യസഹായം തേടണം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ പൊതുവേ കാണപ്പെടുന്ന മറ്റ് വൈറല്‍പ്പനികളില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും തിരിച്ചറിയാന്‍ കഴിയാതെ വരികയോ വൈകുകയോ ചെയ്യാം. അതിനാല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള ശുചീകരണവും കൊതുകുനശീകരണ പ്രവർത്തനങ്ങളും പാളിയതാണ് പനി പടർന്നുപിടിക്കാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഇടവിട്ടുള്ള മഴയിൽ താത്‌കാലിക വെള്ളക്കെട്ടുകൾ ഉണ്ടാകുന്നതാണ് കൊതുക്‌ പെരുകാൻ കാരണമാകുന്നത്. ഇത് മുൻകൂട്ടിക്കണ്ടുള്ള ശുചീകരണം പലയിടത്തും നടന്നിട്ടില്ല.

ശുചീകരണം കാര്യക്ഷമമാക്കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരങ്ങളിൽപോലും ഫോഗിങ്ങും കാര്യമായി നടക്കുന്നില്ലെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Comments

    Leave a Comment