കൈക്കൂലി: റവന്യൂ വകുപ്പിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി കെ രാജൻ

Revenue Minister K Rajan has announced an internal inquiry in the Revenue Department on Bribary സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ.

അഴിമതി അറിയിക്കാൻ ഓൺലൈൻ പോർട്ടലും ടോൾ ഫ്രീ നമ്പറുമുണ്ട്. മൂന്ന് വർഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ് , വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാൻ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് നിർദ്ദേശം നൽകി ; മന്ത്രി

തിരുവനന്തപുരം: കൈക്കൂലി ഗുരുതരമായ കുറ്റമെന്നും കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തുമെന്നും  സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. 

പാലക്കാട് പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ  വില്ലേജ് അസിസ്റ്റൻറ് സുരേഷ് കുമാർ കണക്കു പറഞ്ഞ് കൈക്കൂലി വാങ്ങിയ വിവരം പുറത്തുവന്നതാണ് വകുപ്പിൽ ശുദ്ധീകരണ നടപടി തുടങ്ങാനുള്ള പ്രധാന കാരണം. സുരേഷ് കുമാറിനെ വകുപ്പിൽ നിന്നും സസ്പെന്റ് ചെയ്തു.

"പുഴുക്കുത്തുകളെ ജീവനക്കാർ ഒറ്റപ്പെടുത്തണം. ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ സർക്കാർ അനുവദിക്കില്ല. കൈക്കൂലി വളരെ ഗൗരവമായാണ് സർക്കാർ കാണുന്നത്. അഴിമതിക്കാർക്കെതിരെ ശിക്ഷ വർദ്ധിപ്പിക്കണം. അഴിമതി അറിയിക്കാൻ ഓൺലൈൻ പോർട്ടലും ടോൾ ഫ്രീ നമ്പറുമുണ്ട്. മൂന്ന് വർഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ് , വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാൻ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് നിർദ്ദേശം നൽകി" എന്നും മന്ത്രി പറഞ്ഞു.

സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി ജൂൺ 7 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സുരേഷ് കുമാർ പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെ കൈക്കൂലിയായി വാങ്ങിയിരുന്നതായി വിജിലൻസ് പറയുന്നു. പണത്തിന് പുറമെ കുടംപുളിയും തേനും വരെ കൈക്കൂലിയായി കൈപ്പറ്റിയിരുന്നതായി വിജിലൻസ് വ്യക്തമാക്കി. 

തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ മൂന്ന് വർഷം മുൻപാണ് പാലക്കയം വില്ലേജ്  ഓഫീസിൽ എത്തുന്നത്. കൈക്കൂലി കൊടുത്തില്ലെങ്കിൽ മാസങ്ങളോളം ആളുകളെ വില്ലേജ് ഓഫീസിലേക്ക് നടത്തിക്കുന്നതായിരുന്ന അഴിമതി സഹിക്കാനാവാതെ വില്ലേജ് ഓഫീസിനു മുന്നിൽ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയിരുന്നു. എന്നാൽ സുരേഷ് കുമാർ കൈക്കൂലിക്കാരനാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പാലക്കയം വില്ലേജ് ഓഫീസർ പറയുന്നത്. 

മണ്ണാർക്കാട് സുരേഷ് കുമാർ താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽ പണത്തിനു പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകളും മുണ്ടുകളും കുടംപുളി ചാക്കിലാക്കിയതും 10 ലിറ്റർ തേനും പടക്കങ്ങളും കെട്ടു കണക്കിന് പേനകളുമൊക്കെയാണ് കണ്ടത്തിയത് . കിട്ടുന്നതെന്തും  കൈക്കൂലിയായി വാങ്ങുന്ന ശീലക്കാരനായിരുന്നു സുരേഷ് കുമാർ എന്നാണ് വിജിലൻസിന്റെ നിഗമനം. മണ്ണാർക്കാട് തഹസീൽദാറുടെ നേതൃത്വത്തിൽ പാലക്കയം വിലേജ് ഓഫീസിൽ പരിശോധന നടത്തി.  ഇയാൾ ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. 

മുമ്പ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാൾ വ്യാപകമായി ക്രമക്കേട് നടത്തിയിരുന്നുവെങ്കിലും വിജിലൻസിന് ഇയാളെക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമായാണ്. കൈയ്യിൽ കോടിക്കണക്കിന് രൂപയുണ്ടായിട്ടും സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ലാതിരുന്ന സുരേഷ് കുമാർ വെറും 2500 രൂപ മാസ വാടകയുള്ള മുറിയിലാണ് ഇയാൾ താമസിച്ചിരുന്നത്.

സുരേഷ് കുമാറിന്റെ മുറിയിൽ നിന്ന് കറൻസിയായി 35.7 ലക്ഷം രൂപയും 9000 രൂപയുടെ നാണയത്തുട്ടുകളും കണ്ടെത്തിയിരുന്നു. സുരേഷ് കുമാറിന്രെ അനധികൃത സ്വത്ത് സമ്പാദനം വിജിലൻസ് അന്വേഷിക്കുംമെന്ന് അറിയിച്ചിട്ടുണ്ട്.

Comments

    Leave a Comment