മുല്ലപ്പെരിയാർ ഡാമിൽ അവകാശം ആർക്ക് ?

Who has the right on Mullaperiyar Dam ?

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ പാട്ടക്കരാറിന്‍റെ സാധുത പരിശോധിക്കാൻ സുപ്രീം കോടതി.

ന്യൂ ഡൽഹി :മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ പാട്ടക്കരാറിന്‍റെ സാധുത പരിശോധിക്കാൻ സുപ്രീം കോടതി. കരാറിന് സാധുതയുണ്ടെന്ന് 2014ൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരുന്നു.  

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കേരളം മെഗാ പാര്‍ക്കിങ് കോംപ്ലക്‌സ് നിർമിക്കുന്നതിനെതിരെ തമിഴ്നാട് നൽകിയ ഹർജി പരിഗണിക്കുന്നതിന്‍റെ ഭാഗമായാണ് സുപ്രീം കോടതി നിർണായക പരിശോധനയ്ക്ക് ഒരുങ്ങുന്നത്. പെരിയാര്‍ കടുവാ സങ്കേത പരിസരത്ത് അനധികൃതമായിട്ടാണ് കേരളം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതെന്ന വാദമാണ് തമിഴ്നാട് ഉന്നയിച്ചിരുന്നത്.1886ലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പാട്ട കരാറിന്‍റെ ലംഘനമാണെന്നും തമിഴ്നാട് ചൂണ്ടികാണിച്ചിരുന്നു. കരാർ പരിശോധനയടക്കം ഹർജിയിൽ പരിഗണന വിഷയങ്ങൾ നിർണ്ണയിച്ച് സുപ്രീം കോടതി ഉത്തരവിറക്കി. 

കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് പാട്ട ഭൂമിക്ക് പുറത്താണ് നിർമ്മാണമെന്ന് കേരളത്തിന് അനൂകുലമായി സർവേ  ഓഫ് ഇന്ത്യ റിപ്പോർട്ട് നൽകിയിരുന്നു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ സുപ്രീം കോടതിയിലും സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേരളം നടത്തിയ നിര്‍മാണ പ്രവര്‍ത്തികളില്‍ തല്‍സ്ഥിതി തുടരാനും പുതിയ നിര്‍മാണം പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 

1886ൽ തിരുവിതാംകൂർ സംസ്ഥാനവും ബ്രിട്ടീഷ് സർക്കാറും തമ്മിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാറിന് പുതിയസാഹചര്യത്തിൽ നിലനിൽപ്പുണ്ടോയെന്നും സ്വതന്ത്രാനന്തരം അണക്കെട്ടിന്‍റെ ഉടമസ്ഥാവകാശം  തമിഴ്നാടിനാണോ കേന്ദ്ര സരക്കാരിനാണോയെന്നും സുപ്രീം കോടതി പരിശോധിക്കും. കരാറിന് സാധുതയുണ്ടെന്ന് 2014ൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരുന്നു.

2014ൽ തീർപ്പാക്കിയ ഹർജി വീണ്ടും പരിശോധിക്കാമോ എന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, എ.ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ആദ്യം പരിഗണിക്കും. 

കേസിൽ സെപ്റ്റംബർ 30ന് കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും വാദം കേള്‍ക്കും. 

Comments

    Leave a Comment