ഫാക്ട് കേരളത്തിലെ ഏറ്റവും വലിയ കമ്പനി ; വിപണിമൂല്യം 70,000 കോടി

FACT Kerala's largest Company ; 70,000 crore market cap

ആദ്യമായാണ് കമ്പനിയുടെ വിപണിമൂല്യം 70,000 കോടി രൂപയും ഓഹരിവില 1,000 രൂപയും ഭേദിക്കുന്നത്.

വളരെ ചുരുക്കം കമ്പനികളാണ് കേരളത്തില്‍ നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ആ കമ്പനികളില്‍ ഏറ്റവും മൂല്യമേറിയ സ്ഥാപനമെന്ന നേട്ടം ഇപ്പോൾ കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖല വളം നിര്‍മ്മാണശാലയായ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് എന്ന ഫാക്ട് (FACT) സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്നലെ ഓഹരിവില 20 ശതമാനം മുന്നേറി അപ്പര്‍-സര്‍ക്യൂട്ടില്‍ എത്തിയതോടെയാണ് ഫാക്ട് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്നലെ വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോൾ തന്നെ ഓഹരിവില 20 ശതമാനം ഉയര്‍ന്ന് സര്‍വകാല റെക്കോഡായ 1,090.35 രൂപയിൽ 
എത്തിയതോടെ ഫാക്ടിന്‍റെ വിപണിമൂല്യം (Market Cap) 70,533 കോടി രൂപയിലുമെത്തി. ആദ്യമായാണ് കമ്പനിയുടെ വിപണിമൂല്യം 70,000 കോടി രൂപയും ഓഹരിവില 1,000 രൂപയും ഭേദിക്കുന്നത്. 

വളം കമ്പനികളില്‍ നിന്ന് മുന്‍കാല പ്രാബല്യത്തോടെ നികുതി പിരിക്കാനുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ ഈയാഴ്ച ചേരുന്ന ജിഎസ്‍ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഫാക്ടിന്‍റെ അടക്കമുള്ള വളം ഓഹരികളുടെ കുതിപ്പ് വിപണിയിൽ ദൃശ്യമായത്. 

കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് ഫാക്ടിന്‍റെ വിപണിമൂല്യം ആദ്യമായി 50,000 കോടി രൂപ കടന്നത്. ഈ കഴിഞ്ഞ ജനുവരി 25ന് കുറിച്ച 908 രൂപയെന്ന 52-ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഫാക്ട് ഓഹരികൾ ഇന്നലെ മറികടന്നത്. 

ഈ കൊല്ലം ഭേദപ്പെട്ട മണ്‍സൂണ്‍ ലഭിക്കുമെന്ന റിപ്പോർട്ട് കാരണം കാര്‍ഷിക മേഖലയില്‍ നിന്ന് വളം ആവശ്യകത ഏറുമെന്ന നിഗമനവും 
കേന്ദ്രസര്‍ക്കാര്‍ സബ്സിഡി വിഹിതം വെട്ടിക്കുറയ്ക്കില്ലെന്ന വിലയിരുത്തലുകളും ഫാക്ട് ഓഹരികൾക്ക് വിപണിയിൽ ചലനമുണ്ടാക്കി . 2024-25 സീസണിലെ ഖാരിഫ് വിളകള്‍ക്ക് താങ്ങുവില കൂട്ടിയ കേന്ദ്ര മന്ത്രിസഭാ തീരുമാനവും ഫാക്ട് ഓഹരികൾക്ക് അനുകൂല തരംഗമുണ്ടാക്കി.

വിപണിമൂല്യം 70,000 കോടി രൂപ ഭേദിക്കുന്ന രണ്ടാമത്തെ മാത്രം കേരള ലിസ്റ്റഡ് കമ്പനിയാണ് ഫാക്ട്. നേരത്തേ മുത്തൂറ്റ് ഫിനാന്‍സ് ഈ നേട്ടം കൈവരിച്ചിരുന്നു. 69,850 കോടി രൂപ വിപണിമൂല്യവുമായി  മുത്തൂറ്റ് ഫിനാന്‍സ് രണ്ടാം സ്ഥാനത്തും 59,227 കോടി രൂപ വിപണിമൂല്യവുമായി കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് മൂന്നാം സ്ഥാനത്തുമുണ്ട്.

Comments

    Leave a Comment