രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലമായ മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് വെറും ടൂറിസ്ററ് കേന്ദ്രമായി മാറുന്നു.
മുംബൈ : രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലമായ ട്രാൻസ്ഹാർബർ ലിങ്കിലൂടെ ദിവസേന കടന്നുപോകുന്നത് പതിനായിരത്തിൽ താഴെ വാഹനങ്ങൾ മാത്രമാണെന്ന് വിവരാവകാശ റിപ്പോർട്ട്. പാലം തുറന്ന് നാലു മാസത്തിനു ശേഷം ഇതുവരെ ആകെ കടന്നുപോയത് 11.70 ലക്ഷം വാഹനങ്ങൾ മാത്രമാണെന്നും റിപ്പോർട്ട് പറയുന്നു.
മുംബൈയിലെ ശിവ്‌രി മുതൽ നവിമുംബൈയിലെ നാവസേവ വരെ 22 കിലോമീറ്റർ ദൂരത്തിൽ 16.5 കിലോമീറ്ററും കടലിനു മുകളിലൂടെയാണ് പോകുന്നത്. മുംബൈ– നവിമുംബൈ യാത്രാസമയം ഒന്നര മണിക്കൂറിൽനിന്ന് 20 മിനിറ്റായി കുറയുന്നതോടെ കൂടുതൽ ആളുകൾ എത്തുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ.
ജനുവരി 12 ന് കടൽപാലം തുറന്നതിനു പിന്നാലെ 16 ദിവസത്തിനുള്ളിൽ നാലര ലക്ഷത്തോളം വാഹനങ്ങൾ ഇതുവഴി കടന്ന് പോയിരുന്നുവെന്ന് കണക്കുകൾ പറയുന്നു. പിന്നീട് ഈ കണക്കുകളിലേക്ക് എതാൻ സാധിക്കാത്തതിനാൽ ഇതിലേറെയും പാലം കാണാനെത്തിയവരാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
ഉദ്ഘാടനത്തിന്റെ ശേഷം ആദ്യഘട്ടത്തിൽ ട്രാൻസ്ഹാർബർ ലിങ്കിലൂടെ കടന്നുപോയ വാഹനങ്ങളുടെ കണക്കുകൾ പുറത്തുവിട്ട എംഎംആർഡിഎ പിന്നീട് കണക്കുകൾ നൽകിയിരുന്നില്ല. വിവരാവകാശ പ്രവർത്തകൻ നൽകിയ അപേക്ഷയിലാണ് പ്രതിദിനം ശരാശരി 9230 വാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത് എന്ന വിവരം പുറത്തറിയുന്നത്. വെറും 22.50 കോടി രൂപ മാത്രമാണ് ടോൾ ഇനത്തിൽ ലഭിച്ചത്.
നവിമുംബൈ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ പ്രതിദിനം 75,000 വാഹനങ്ങൾ കടന്നു പോകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇപ്പോളതിന്റെ 12 ശതമാനത്തോളം വാഹനങ്ങൾ മാത്രമേ ഇപ്പോൾ ശിവ്‌രി–നാവസേവ കടൽപാലം ഉപയോഗിക്കുന്നുള്ളൂവെന്നാണ് കണക്കുകൾ സൂചന നൽകുന്നത്. വിമാനത്താവളം പൂർത്തിയാകാൻ ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നാണ് കണക്കു കൂട്ടുന്നത്.
ഉയർന്ന ടോൾ നിരക്ക് താങ്ങാനാകാത്തതാണ് കടൽപാലത്തെ കൈവിടാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. നിലവിൽ ഒരു വശത്തേക്ക് കാറിന് 250 രൂപയും മിനിബസിന് 560 രൂപയും കണ്ടെയ്നർ ലോറിക്ക് 2250 രൂപയുമാണ് ടോൾ.
വാഹനങ്ങൾ കുറഞ്ഞതോടെ സാധാരണക്കാരെ ലക്ഷ്യമിട്ട് ബസ് സർവീസ് ആരംഭിച്ചെങ്കിലും അതും സാധാരണക്കാർക്ക് കൈ അകലും ദൂരത്തിലായിരുന്നു. ആരംഭിച്ചതിലേറെയും പ്രീമിയം ബസുകളാണ് എന്നുള്ളതും നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കു മാത്രമേ ബസിൽ കയറാൻ സാധിക്കൂ എന്നുള്ളതും ഈ ഉദ്യമവും പരാജയപ്പെടാൻ കാരണമായി.
ജപ്പാൻ ഇന്റർനാഷനൽ കോർപറേഷന്റെ സഹകരണത്തോടെ പൂർത്തിയാക്കിയ പദ്ധതിയിൽ പാലം നിർമിക്കാൻ ആവശ്യമായി വന്ന 17,843 കോടിയുടെ 85 ശതമാനം തുകയും ഇവരിൽ നിന്നുള്ള വായ്പയാണ്.
Comments