രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ, രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളില്‍ വെച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫട്‍നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
മുംബൈ: ദിവസങ്ങൾ നീണ്ടു നിന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫട്‍നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
ഇന്ന് രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളില്‍ വെച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ബാൽ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിൻഡേയുടെ സത്യപ്രതിജ്ഞ നടന്നത്. സർക്കാരിന്‍റെ ഭാഗമാകില്ലെന്നും ഇത് ഏകനാഥ് ഷിൻഡേയുടെ സർക്കാരാണെന്നുമായിരുന്നു ഫഡ്നാവിസിന്‍റെ ആദ്യ പ്രഖ്യാപനമെങ്കിലും ഫഡ്നാവിസിനോട് ഉപമുഖ്യമന്ത്രിയാകണമെന്ന് ബിജെപി ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിന്‍റെ ഭാഗമാകണമെന്ന് ദേശീയ നേതാവ് ജെ പി നദ്ദയാണ് ഫഡ്നാവിസിനോട് ആവശ്യപ്പെട്ടത്.
31 മാസം നീണ്ടുനിന്ന മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിന് അന്ത്യം കുറിച്ചുകൊണ്ട് ഉദ്ധവ് താക്കറെ തന്റെ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രിയായി ശിവസേനയുടെ ഏകനാഥ് ഷിൻഡെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.1980ൽ ശിവസേനയിൽ തന്റെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ഏകനാഥ് ഷിൻഡേ 2004 മുതൽ തുടർച്ചയായി നാല് തവണ എം എൽ എ യായി. ഉദ്ദവ് താക്കറെ സർക്കാരിന്‍റെ മന്ത്രിസഭയിൽ നഗര വികസന മന്ത്രി ആയിരുന്നു ഷിൻഡേ. ഉദ്ദവ് സർക്കാരിനെ വീഴ്ത്താൻ നേതൃത്വം നൽകിയ ഷിൻഡേ തന്നെ ഇപ്പോള്‍ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ്.
നിലവിൽ, 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ബിജെപിക്ക് 106 എംഎൽഎമാരുണ്ട്. കൂടാതെ ഷിൻഡെക്ക് 39 വിമത ശിവസേന എംഎൽഎമാരുടെയും ചില സ്വതന്ത്രരുടെയും പിന്തുണയുണ്ട്. അടുത്തിടെ ഒരു ശിവസേന എംഎൽഎയുടെ മരണത്തെത്തുടർന്ന്, നിയമസഭയിലെ നിലവിലെ അംഗബലം 287 ആയി കുറഞ്ഞതിനാൽ കേവലഭൂരിപക്ഷം 144 ആയി.














Comments