ആഗോള പോസിറ്റീവ് സൂചനകൾക്കിടയിൽ ബാങ്കിംഗ്, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികളിലെ നേട്ടത്തിന്റെ പിൻബലത്തിൽ ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 886.51 പോയിന്റ് ഉയർന്ന് 57,633.65ലും നിഫ്റ്റി 264.45 പോയിന്റ് ഉയർന്ന് 17,176.70 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ചൊവ്വാഴ്ച ദലാൽ സ്ട്രീറ്റിൽ കാളകൾ വീണ്ടും കുതിച്ചു.കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിൽ 1,700 പോയിന്റ് ഇടിഞ്ഞതിന് ശേഷം, ബിഎസ്ഇ സെൻസെക്‌സ് 378 പോയിന്റിന്റെ പോസിറ്റിവോടെയാണ് തുറന്നത്. നിഫിറ്റിയും പോസിറ്റീവ് ആയിത്തന്നെയാണ് ഇന്നത്തെ ദിനം ആരംഭിച്ചത്.
ഒമൈക്രോൺ വേരിയൻറ് സാമ്പത്തിക വീണ്ടെടുക്കലിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന ഭയം ആഗോളതലത്തിൽ കുറഞ്ഞതും എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) മീറ്റിംഗ് ഫലത്തിന് ഒരു ദിവസം മുമ്പ് നിക്ഷേപകർ ബാങ്കിംഗ് ഷെയറുകൾ ലാപ് ചെയ്തതും ഈ കുതിച്ചു ചാട്ടത്തിന് കാരണമായി എണ്ണപ്പെടുന്നു.
രാവിലെ 57,125.98 ൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് ദിവസം മുഴുവൻ ഉയർന്ന് 57,906 എന്ന ഉയർന്ന നിലയിലേക്ക് മുന്നേറി. സെൻസെക്‌സ് ക്ലോസ് ചെയ്യുമ്പോൾ ചില നേട്ടങ്ങൾ കൈവരിച്ചെങ്കിലും 886.51 പോയിന്റ് ഉയർന്ന് 57,634 ൽ അവസാനിച്ചു. ഇന്നലത്തെ ക്ലോസിംഗിൽ നിന്നും 131. 85 പോയിന്റ് ഉയർന്ന 17,044.10 ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 264.45 പോയിന്റ് ഉയർന്ന് 17,176.70 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടയിൽ ഇന്നത്തെ ഏറ്റവും ഉയർന്ന നിരക്കായ 17,251.65 രേഖപ്പെടുത്തി. മൊത്തത്തിലുള്ള രീതിയും വളരെ പോസിറ്റീവ് ആയിരുന്നു. ബിഎസ്ഇയിലെ 952 ഓഹരികൾ ഇടിഞ്ഞപ്പോൾ 2,328 ഓഹരികൾ മുന്നേറി.
സെൻസെക്‌സ് ഓഹരികളിൽ ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയത് ടാറ്റ സ്റ്റീൽ ആണ്. ഏകദേശം 4 ശതമാനം (44.05 രൂപ) ഉയർന്ന് 1,152.85 രൂപയിലാണ് ഇന്നത്തെ ദിനം അവസാനിപ്പിച്ചത്. 3.5 ശതമാനം വീതം നേട്ടമുണ്ടാക്കി ആക്‌സിസ് ബാങ്കും ഐസിഐസിഐ ബാങ്കും തൊട്ടു പിന്നിൽത്തന്നെ ഉണ്ടായിരുന്നു. കൊട്ടക് ബാങ്കും എസ്ബിഐയും 2.5 ശതമാനം വീതം ഉയർന്നു.ഏഷ്യൻ പെയിന്റ്സാണ് ബിഎസ്ഇ 30ൽ നഷ്ടം നേരിട്ട ഏക സൂചിക. 0.22% താഴ്ന്ന് 3,031 രൂപയിൽ അവസാനിച്ചു
ബിഎസ്ഇ മെറ്റൽ സൂചിക 3.3 ശതമാനം ഉയർന്നപ്പോൾ ബാങ്കെക്‌സ്, റിയാലിറ്റി സൂചികകൾ 2.5 ശതമാനം വീതം ഉയർന്നു. ബിഎസ്ഇയിലെ 19 മേഖലാ സൂചികകളും ഇന്ന് പച്ചയിൽ അവസാനിച്ചു.
Comments