150 ദിവസത്തിലേറെയായി യുക്രൈനിൽ യുദ്ധം തുടരുന്നതിനിടെ വോഗ് മാഗസിന്റെ കവര്‍ സ്റ്റോറിയിൽ യുക്രൈൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കിയും ഭാര്യ ഒലേന സെലൻസ്കയും പ്രത്യക്ഷപ്പെട്ടത് സമ്മിശ്ര പ്രതികരണങ്ങൾക്കിടയാക്കി.
യുക്രൈൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കിയും ഭാര്യ ഒലേന സെലൻസ്കയുമാണ് വോഗ് മാഗസിന്റെ കവര്‍ സ്റ്റോറിയിൽ ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വോഗ് ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും പ്രസിഡന്റിന്റെ ഓഫീസിനുള്ളിൽ ഇരിക്കുന്ന ചിത്രവും ഒപ്പം തകര്‍ന്ന കപ്പലിന് മുന്നിൽ പട്ടാള വനിതകൾക്കൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. കൈവിൽ വച്ചാണ് ഇരുവരും വോഗിന് അഭിമുഖം നൽകിയത്.
പോര്‍ട്രെയ്റ്റ് ഓഫ് ബ്രേവറി (ധീരതയുടെ ചിത്രം) എന്ന് പേരിട്ടാണ് സെലൻസ്കയുടെ ചിത്രം വോഗ് പ്രസിദ്ധീകരിച്ചത്. ഒലേന സെലൻസ്ക യുദ്ധഘട്ടത്തിൽ നയതന്ത്രത്തിൽ സുപ്രധാന പങ്കുവഹിച്ചുവെന്ന് വോഗ് കുറിക്കുന്നു. എന്നാലും ദമ്പതികളുടെ വോഗിലെ കവറിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയ ലോകത്ത് ലഭിക്കുന്നത്.
ചിലര്‍ ഈ ചിത്രങ്ങളെ അതിമനോഹരമെന്നും ശക്തമെന്നും വിശേഷിപ്പിക്കുമ്പോൾ മറ്റുചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യം യുദ്ധത്തിന്റെ മുൾമുനയിൽ നിൽക്കുമ്പോൾ ഇരുവരും മാഗസിനുവേണ്ടി പോസ് ചെയ്യുന്നുവെന്നാണ് ഉയരുന്ന പ്രധാന വിമർശനം. യുദ്ധം തടയാൻ സെലെൻസ്‌കി നടത്തുന്ന ശ്രമങ്ങളെ ജനങ്ങൾ അഭിനന്ദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ഈ വോഗ് കവർ തീർച്ചയായും അതിനെ സഹായിക്കുമെന്നും ഒരാൾ അനുകൂലമായി പ്രതികരിച്ചപ്പോൾ ഒന്നുകിൽ ശത്രുവിനെ വകവരുത്തുക അല്ലെങ്കിൽ വോഗിനാൽ ചിത്രീകരിക്കപ്പെടുക എന്നാണ് മറ്റോരാൾ പ്രതികൂലമായി പ്രതികരിച്ചത്.
രാജ്യത്തെ ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ അവര്‍ ഫോട്ടോഷൂട്ട് ചെയ്യുന്നുവെന്ന ആക്ഷേപമാണ് മറ്റു ചിലര്‍ ഉയർത്തിയത്. 150 ദിവസത്തിലേറെയായി തുടരുന്ന റഷ്യ- യുക്രൈനിൽ യുദ്ധത്തിൽ ആയിരക്കണക്കിന് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
Comments