എയർ ഏഷ്യ ഇന്ത്യയുടെ മുഴുവൻ ഓഹരികളും വാങ്ങാൻ എയർ ഇന്ത്യക്ക് അനുമതി

Air India allowed to buy all stake in Air Asia India

മലേഷ്യൻ വിമാനക്കമ്പനിയായ എയർ ഏഷ്യ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സ്ഥാപനമായ എയർ ഏഷ്യ ഇന്ത്യയുടെ മുഴുവൻ ഓഹരികളും ഏറ്റെടുക്കാൻ എയർ ഇന്ത്യക്ക് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകി.

മുംബൈ: മലേഷ്യൻ വിമാനക്കമ്പനിയായ എയർ ഏഷ്യ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സ്ഥാപനമായ എയർ ഏഷ്യ ഇന്ത്യ വിമാന കമ്പനിയിലെ മുഴുവൻ ഓഹരികളും ഏറ്റെടുക്കാൻ ഇന്ത്യക്ക് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകി. 

ടാറ്റാ ഗ്രൂപ്പ് മലേഷ്യൻ വിമാനക്കമ്പനിയായ എയർ ഏഷ്യ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സ്ഥാപനമായ എയർ ഏഷ്യ ഇന്ത്യയിൽ നേരത്തെ തന്നെ  പങ്കാളികളായിരുന്നു. 84% ഇക്വിറ്റി ഓഹരികളുള്ള  ടാറ്റാ സൺസാണ്  എയർ ഏഷ്യ ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ നിക്ഷേപകർ. മലേഷ്യൻ വിമാനക്കമ്പനി എയർ ഏഷ്യയാണ് 16 ശതമാനം ഓഹരി കൈയ്യാളുന്നത്. ഇതടക്കം മുഴുവൻ ഓഹരികളും ഇനി എയർ ഇന്ത്യ ലിമിറ്റഡിന് കീഴിലേക്ക് മാറും. 

2014 ജൂണിൽ ആണ് ഇന്ത്യയിൽ എയർ ഏഷ്യ ഇന്ത്യ പ്രവർത്തനം തുടങ്ങിയത്. എയർ പാസഞ്ചർ ട്രാൻസ്പോർട്ട്, എയർ കാർഗോ ട്രാൻസ്പോർട്ട്, ചാർട്ടർ ഫ്ലൈറ്റ് സർവീസസ് തുടങ്ങിയ സേവനങ്ങൾ നിലവിൽ എയർ ഏഷ്യ ഇന്ത്യ നൽകിവരുന്നുണ്ട്.

പ്രവർത്തന ചെലവ് ചുരുക്കൽ ലക്ഷ്യമിട്ടുകൊണ്ട് എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ആരംഭിച്ചിരുന്നു. ഏറ്റെടുക്കലിന് അനുമതി തേടി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ എയര്‍ ഇന്ത്യ സമീപിച്ചിരുന്നു.

നിലവിൽ ടാറ്റാ സൺസ് പ്രൈവറ്റ് ലിമിറ്റഡ് കീഴിലെ പൂർണ ഉടമസ്ഥതയിലുള്ള ഉപ കമ്പനിയായ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് എയർഇന്ത്യയുടെ ഉടമസ്ഥർ. നിലവിൽ വിസ്താര വിമാനക്കമ്പനിയും ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുണ്ട്. സിങ്കപ്പൂർ എയർലൈൻസുമായി ഉടമസ്ഥാവകാശം പങ്കിടുന്ന വിസ്താരയുടെ 51 ശതമാനം ഓഹരി ടാറ്റയുടേതാണ്.

Comments

    Leave a Comment