ബജറ്റ് അവതരണത്തിന് ശേഷം ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്ന പ്രധാനമന്ത്രി ജനപ്രിയവും പുരോഗമനപരവുമായി ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി നിർമ്മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജിഎസ്ടി നഷ്ടപരിഹാര കാലാവധി കൂട്ടാത്തത് സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും കാർഷിക മേഖലയ്ക്കായുള്ള സഹായം കുറഞ്ഞുവെന്നും സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തുന്നു.
'ഭാവി മുന്നിൽ കണ്ടുള്ള ബജറ്റ്'; പി എം : 'കേരളത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ബജറ്റ്'; ബാലഗോപാൽ

ജനപ്രിയവും പുരോഗമനപരവുമായി ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി നിർമ്മല സീതാരാമനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചപ്പോൾ കേരളത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ബജറ്റ് എന്നായിരുന്നു സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രതികരണം.
ബജറ്റ് അവതരണത്തിന് ശേഷം ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi), ബജറ്റ് (Budget) ജനം സ്വീകരിച്ചുവെന്നും സമസ്ത മേഖലകളും പരിഗണിക്കപ്പെട്ടുവെന്നും അഭിപ്രായപ്പെട്ടു.ഗംഗാ നദീ തീരത്ത് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക വഴി കർഷകരുടെ ക്ഷേമത്തിനായി വലിയ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നതെന്നും ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഗംഗാ തീരത്തെ കൃഷി രീതിയിൽ മാറ്റം വരുന്നതോടെ ഗംഗ വിഷമുക്തമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പർവ്വത മേഖലകൾക്കായി പ്രഖ്യാപിച്ച പർവത് മാല പദ്ധതിവടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നീ മേഖലയിൽ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്നും അതിർത്തി ഗ്രാമങ്ങളെ ശക്തിപ്പെടുത്തുന്നുമെന്നും അവകാശപ്പെട്ട പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ 11 മണിക്ക് ബജറ്റിനെക്കുറിച്ച് വിശദമായി സംസാരിക്കുമെന്നും കൂട്ടിച്ചേർത്തു.
അതെ സമയം പ്രതിസന്ധികളെ നേരിടാനുള്ള തയ്യാറെടുപ്പ് ബജറ്റിൽ കാണാനില്ലെന്നും, തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ ബജറ്റിലെ വിഹിതം മാത്രമാണ് ഇത്തവണയും നൽകിയട്ടുള്ളതെന്നും, കാർഷിക മേഖല, ഭക്ഷ്യ സബ്സിഡി ഇനങ്ങളിലും മാറ്റി വച്ച തുക വളരെ കുറവാണെന്നും പറഞ്ഞ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ, നിർമ്മല സീതാരാമൻ്റെ ബജറ്റ് പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ലെന്നും അഭിപ്രായപ്പെട്ടു.
ജിഎസ്ടി നഷ്ടപരിഹാര കാലാവധി കൂട്ടിയില്ലെങ്കിൽ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാകുമെന്ന് ആശങ്കപ്പെട്ട ധനമന്ത്രി, ബജറ്റിൽ പ്രഖ്യാപിച്ച ഒരു രാജ്യം ഒരു രജിസ്ട്രേഷനിൽ സംസ്ഥാന സർക്കാരിന് എതിർപ്പുണ്ടെന്നും, ഭൂമിയുടെ ഉടമസ്ഥാവകാശവും രജിസ്ട്രേഷനും സംസ്ഥാന വിഷയമാണെന്നും പറഞ്ഞു. വാക്സിന് മാറ്റി വച്ച തുക കുറവാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി വാക്സീൻ എല്ലാവരിലേക്കും എത്തിയിട്ടില്ലെന്നും, ഇനി ബൂസ്റ്റർ ഡോസ് അടക്കം നൽകാനുണ്ടെന്നും, അങ്ങനെയുള്ളപ്പോൾ വാക്സീൻ ബജറ്റ് വിഹിതം കുറച്ച നടപടി ഉചിതമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ബജറ്റിൽ 39,000 കോടി മാറ്റിവച്ചിടത്ത് ഇപ്പോൾ വെറും 5,000 കോടി രൂപ മാത്രമാണ് വാക്സീൻ ബജറ്റ് വിഹിതം.
സഹകരണ സംഘങ്ങൾക്ക് നികുതി കുറച്ചത് വലിയ കാര്യമല്ലെന്നും കെ റെയിലിന് സഹായമുണ്ടോ ഇല്ലയോ എന്ന് അറിയില്ലെന്നും നിലവിൽ അതെക്കുറിച്ച് പ്രഖ്യാപനമില്ലെന്നും പറഞ്ഞ ധനമന്ത്രി ഇന്ധനത്തിന് വില രണ്ട് രൂപ കൂടാനുള്ള സാഹചര്യമുണ്ടെന്നും പറയുന്നു.
Comments