സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവ് നടപ്പാക്കുമ്പോൾ ജനവാസ മേഖലയെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിയമ നിർമ്മാണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രി എകെ ശശീന്ദൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം സഭ ഐക്യകണ്ഠേന പാസാക്കി.
തിരുവന്തപുരം: സുപ്രീംകോടതിയുടെ ബഫർ സോൺ വിധിയിൽ കേരളം കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു. നിയമ നടപടി വേണമെന്നും ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കി.
സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോൺ ആയി സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. കേരളം ഭൂവിസ്തൃതി വളരെ കുറഞ്ഞ പ്രദേശമാണെന്നും, കേരളത്തിന്റെ 30 ശതമാനത്തോളം വനമേഖലയും 40 ശതമാനത്തോളം പ്രദേശം പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളുമാണ്. വന മേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോണാക്കിയാൽ കേരളത്തിൽ ജന ജീവിതം ദുസ്സഹമാകുമെന്നും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പ്രമേയത്തിൽ പറയുന്നു. അതുകൊണ്ട് ജനവാസ കേന്ദ്രങ്ങളെ പരിധിയിൾ നിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
സുപ്രീംകോടതി ബഫർ സോൺ ഉത്തരവ് നടപ്പാക്കുമ്പോൾ ജനവാസ മേഖലയെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ നിയമസഭയിൽ കൊണ്ടുവന്ന പ്രമേയം വനം മന്ത്രി എകെ ശശീന്ദൻ ആണ് അവതരിപ്പിച്ചത്. വിധി കേരളത്തിന് വലിയ തിരിച്ചടിയാണെന്നും അതുകൊണ്ട് തന്നെ നിയമസഹായം നൽകാനും ആവശ്യമെങ്കിൽ നിയമ നിർമ്മാണത്തിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം. പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കിയെങ്കിലും ജനവാസ മേഖലയടക്കം ഒരു കിലോമീറ്റർ ബഫർ സോണാക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം പ്രമേയത്തിന് തിരിച്ചടിയാകില്ലേ എന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു.
31/10/2019 ലെ മന്ത്രിസഭായോഗ തീരുമാനം റദ്ദാക്കാൻ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ തീരുമാനം അനുസരിച്ച് വനമേഖലയോട് ചേർന്ന് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയുള്ള പ്രദേശം സംരക്ഷിത മേഖലയാണ് കണക്കാക്കപ്പെടുന്നത്. സുപ്രീംകോടതി വിധിക്കെതിരായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ ഈ തീരുമാനം ചോദ്യം ചെയ്യപ്പെടും എന്നുള്ള കാര്യം ഉറപ്പാണ്. മന്ത്രിസഭാ യോഗ തീരുമാനം റദ്ദാക്കാനോ തിരുത്താനോ തയ്യാറാകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മന്ത്രി തള്ളി. തീരുമാനം റദ്ദാക്കേണ്ട ആവശ്യമില്ലെന്നും എംപവേർഡ് കമ്മിറ്റിക്കു മുന്നിൽ കേരളം നിലപാട് വ്യക്തമാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ജൂൺ മൂന്നിന് ആണ് ബഫർസോൺ വിഷയത്തിൽ സുപീം കോടതിയുടെ വിധി വന്നത്. ഈ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ടായിരുന്നു. കേന്ദ്ര നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം വഴി ആ ആക്ഷേപം മാറി കടക്കാനാണ് സർക്കാർ ശ്രമം.
Comments