കോർപ്പറേറ്റ് ഭീമന്മാർക്ക് പ്രിയം ഇന്ത്യൻ വംശജർ : ലക്ഷ്മൺ നരസിംഹൻ സ്റ്റാർബക്‌സിന്റെ പുതിയ സി ഇ ഒ.

Corporate Giants love Indians: Laxman Narasimhan the new CEO of Starbucks.

സുന്ദർ പിച്ചൈ, സത്യ നാദെല്ല, ശന്തനു നാരായൺ എന്നിവർക്ക് പിറകെ അമേരിക്കൻ കോർപ്പറേറ്റ് ഭീമനായ സ്റ്റാർബക്സിന്റെ തലപ്പത്തേക്ക് ലക്ഷ്മൺ നരസിംഹൻ.

അമേരിക്കൻ കോർപ്പറേറ്റ് ഭീമന്മാർക്ക്  ഇന്ത്യൻ വംശജരോടുള്ള പ്രിയം കൂടുന്ന കാഴ്ചയാണ് കുറെ നാളുകളായി കണ്ടുകൊണ്ടിരിക്കുന്നത്. സുന്ദർ പിച്ചൈ, സത്യ നാദെല്ല, ശന്തനു നാരായൺ എന്നിവർക്ക് പിറകെ അമേരിക്കൻ കോർപ്പറേറ്റ് ഭീമനായ സ്റ്റാർബക്സിന്റെ തലപ്പത്തേക്ക് ഇപ്പോഴിതാ ലക്ഷ്മൺ നരസിംഹനും എത്തിയിരിക്കുന്നു.

ആഗോള കോഫി ശൃംഖലയായ സ്റ്റാർബക്സ് ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹനെ അടുത്ത  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ആയിട്ടാണ്  നിയമിച്ചിരിക്കുന്നത്.നിലവിൽ ഹെൽത്ത് ആൻഡ് ഹൈജീൻ കമ്പനിയായ റെക്കിറ്റിന്റെ തലവനായ നരസിംഹൻ ഒക്ടോബറിൽ സ്റ്റാർബക്‌സിലേക്ക് എത്തുമെങ്കിലും ഏപ്രിൽ മാസത്തിൽ ആയിരിക്കും സ്റ്റാർബക്സിന്റെ ഇടക്കാല സിഇഒ ആയ ഹൊവാർഡ് ഷൾട്ട്‌സിൽ നിന്ന് ചുമതലയേൽക്കുക.

ഡ്യൂറെക്‌സ് കോണ്ടം, എൻഫാമിൽ ബേബി ഫോർമുല, മ്യൂസിനെക്‌സ് കോൾഡ് സിറപ്പ് എന്നിവ നിർമ്മിക്കുന്ന റെക്കിറ്റിന്റെ സിഇഒ ആയിരുന്ന നരസിംഹൻ ആ പോസ്റ്റിൽ നിന്ന് വിടവാങ്ങുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.സ്റ്റാർബക്‌സിൽ എത്തുന്നതിനായി അദ്ദേഹം ലണ്ടനിൽ നിന്ന് വാഷിംഗ്ടണിലെ സിയാറ്റിലിലേക്ക്  താമസം മാറുന്നതാണ്. 

പൂണെ യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ച ലക്ഷ്മൺ നരസിംഹൻ,  യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ ലോഡർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജർമ്മൻ, ഇന്റർനാഷണൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൺ സ്കൂളിൽ നിന്ന് ധനകാര്യത്തിൽ എംബിഎയും നേടി.

ലോകത്തിലെ തന്നെ മറ്റ്‌ വലിയ കമ്പനികളെ നയിക്കുന്ന ഇന്ത്യൻ വംശജരായ സി ഇ ഒ മാർ 

സുന്ദർ പിച്ചൈ

ഐഐടി ഖരഗ്പൂർ ബിരുദധാരിയായ സുന്ദർ പിച്ചൈ 2015 ൽ ഗൂഗിളിന്റെ സിഇഒ സ്ഥാനത്തേക്ക് ഉയർന്നു,  2019 ഡിസംബർ മുതൽ  ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇങ്കിന്റെ സിഇഒ ആയി നിയമിതനായി.

പരാഗ് അഗർവാൾ

2017 ഒക്ടോബറിൽ അഗർവാളിനെ ചീഫ് ടെക്‌നോളജി ഓഫീസറായി നിയമിക്കുന്നതായി ട്വിറ്റർ അറിയിച്ചു. ഈ വർഷം നവംബറിൽ ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസി സ്ഥാനമൊഴിഞ്ഞതോടെയാണ് പരാഗ് അഗർവാളിനെ ട്വിറ്റർ സിഇഒ ആയി നിയമിച്ചത്.

സത്യ നാദെല്ല

2014ൽ സത്യ നാദെല്ല മൈക്രോസോഫ്റ്റിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനും സിഇഒയുമായി ചുമതലയേറ്റു. മണിപ്പാൽ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ സത്യ നാദെല്ല വിസ്കോൺസിൻ-മിൽവാക്കി യൂണിവേഴ്‌സിറ്റിയിലും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലും പഠിച്ചു. 

ശന്തനു നാരായൺ

2007 ഡിസംബർ മുതൽ അഡോബ് ഇൻ‌കോർപ്പറേറ്റിന്റെ ചെയർമാനും പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ആണ് ശന്തനു നാരായൺ. 2005 മുതൽ അദ്ദേഹം കമ്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു. ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലും കാലിഫോർണിയ യൂണിവേഴ്സിറ്റിയിലും തുടർപഠനം നടത്തി. 

നികേഷ് അറോറ 

2018 ജൂണിൽ ആൾട്ടോ നെറ്റ്‌വർക്കിന്റെ സിഇഒയും ചെയർമാനുമായി നികേഷ് അറോറ നിയമിതനായി.  മുമ്പ് ഗൂഗിളിൽ സീനിയർ എക്‌സിക്യൂട്ടീവായിരുന്ന അറോറ 2014 ഒക്ടോബർ മുതൽ 2016 ജൂൺ വരെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെയും പൂർവ്വ വിദ്യാർത്ഥിയായിരുന്ന നികേഷ് അറോറ, ബോസ്റ്റൺ കോളേജിൽ നിന്നും നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും തുടർ വിദ്യാഭ്യാസം നേടി. 


അരവിന്ദ് കൃഷ്ണ 

2021 ജനുവരിയിൽ ഐബിഎമ്മിന്റെ ചെയർമാനും സിഇഒ ആയി അരവിന്ദ് കൃഷ്ണ ചുമതലയേറ്റു.1990ൽ ഐബിഎമ്മിൽ തന്റെ കരിയർ ആരംഭിച്ച അരവിന്ദ് കൃഷ്ണ, 2020 ഏപ്രിൽ മുതൽ ഐബിഎമ്മിന്റെ സിഇഒ ആയി.ഐഐടി കാൺപൂരിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അരവിന്ദ്  തുടർ പഠനം ഇല്ലിനോയിസ് ഉർബാന-ചാമ്പെയ്ൻ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു. 

ലീന നായർ.

ബ്രിട്ടീഷ് ഇന്ത്യൻ ബിസിനസ് എക്സിക്യൂട്ടീവും, ഷുനേൽഎന്ന കമ്പനിയുടെ സിഇഒ യും ആണ് ലീന നായർ. 1992 ൽ മാനേജ്‌മെന്റ് ട്രെയിനിയായി  ഹിന്ദുസ്ഥാൻ യൂണിലിവറിൽ ചേർന്ന നായർ, യൂണിലിവറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറായും യൂണിലിവർ ലീഡർഷിപ്പ് എക്‌സിക്യൂട്ടീവ് അംഗമായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്. സേവ്യർ സ്കൂൾ ഓഫ് മാനേജ്മെന്റ്, വാൽചന്ദ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.

ആമ്രപാലി ഗാന്‍

ഇന്റര്‍നെറ്റ് കണ്ടന്റ് സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ നല്‍കുന്ന ഒണ്‍ലി ഫാന്‍സ്-ന്റെ പുതിയ സിഇഒ ആയി ഇന്ത്യന്‍ വംശജയായ ആമ്രപാലി ഗാന്‍ 2021 ഡിസംബറിൽ നിയമിതയായി. മുംബൈയിൽ ജനിച്ച അമ്രപാലി ഗാൻ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയാണ്. സ്ഥാപകൻ ടിം സ്റ്റോക്ക്ലിയുടെ പിൻഗാമിയായി ആ സ്ഥാനത്തെത്തി.

ജയശ്രീ ഉള്ളാൽ

സിഎയിലെ സാന്താ ക്ലാരയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ലൗഡ് നെറ്റ്‌വർക്കിംഗ് കമ്പനിയായ അരിസ്റ്റ നെറ്റ്‌വർക്ക്സ്, സഹസ്ഥാപകരായ ആൻഡി ബെക്‌ടോൾഷൈമും ഡേവിഡ് ചെറിട്ടണും ഉള്ളാളിനെ 2008 ഒക്‌ടോബറിൽ സിഇഒ ആയും പ്രസിഡന്റായും തിരഞ്ഞെടുത്തു. അരിസ്റ്റ നെറ്റ്‌വർക്കിലെ പ്രവർത്തനത്തിന് "ഇന്നത്തെ നെറ്റ്‌വർക്കിംഗ് വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള അഞ്ച് വ്യക്തികളിൽ ഒരാളായി" ഫോബ്‌സ് മാഗസിൻ ഉള്ളാളിനെ തിരഞ്ഞെടുത്തു. 2018ൽ ബാരോണിന്റെ “ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരിൽ” ഒരാളായും 2019ൽ ഫോർച്യൂണിന്റെ “മികച്ച 20 ബിസിനസ്സ് വ്യക്തികളിലൊരാളായും” ജയശ്രീ തിരഞ്ഞെടുക്കപ്പെട്ടു. സാന്താ ക്ലാര യൂണിവേഴ്സിറ്റി,  സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് ജയശ്രീ ഉള്ളാൽ പഠിച്ചത്.

Comments

    Leave a Comment