ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സീതാ രാമം' 65 കോടിയുമായി ബോക്സ് ഓഫീസ് തേരോട്ടം തുടരുന്നു.

Dulquer Salmaan film 'Sita Ramam' continues to race at the box office with 65 crores.

ചിത്രത്തെ പ്രശംസിച്ച് കൊണ്ട് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തീർച്ചയായും കാണേണ്ട സിനിമയാണ് സീതാ രാമമെന്നും ഏറെ നാളുകൾക്ക് ശേഷമാണ് നല്ലൊരു സിനിമ കണ്ടതെന്നും ട്വീറ്റ് ചെയ്തിരുന്നു.

ബോളിവുഡ് സിനിമകൾ ബോക്സ് ഓഫീസിൽ കൂപ്പുകുത്തി വീഴുമ്പോൾ തെന്നിന്ത്യൻ സിനിമകൾ വെന്നിക്കൊടി പാറിക്കുന്ന ചരിത്രം തുടർക്കഥയാവുകയാണ്.

ഹനു രാഘവപുടി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ഓ​ഗസ്റ്റ് 5ന് റിലീസ് ചെയ്ത  'സീതാ രാമം' റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചയ്ക്കുന്നത്. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും ആണ് നായികമാരായി ചിത്രത്തിൽ എത്തുന്നത്. 

65 കോടി രൂപയാണ് ചിത്രം റിലീസ് ചെയ്ത് പതിനഞ്ച് ദിവസത്തിൽ  സ്വന്തമാക്കിയിരിക്കുന്നത് എന്ന് ദുൽഖർ സൽമാൻ തന്നെ, തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി അറിയിച്ചിരിക്കുന്നത്. ഇത്
ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടാണ്.  

ചിത്രത്തെ മുക്തകണ്ഠം പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയ മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു,  തീർച്ചയായും കാണേണ്ട സിനിമയാണ് സീതാ രാമമെന്നും ഏറെ നാളുകൾക്ക് ശേഷമാണ് നല്ലൊരു സിനിമ കണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

"സീതാ രാമം കണ്ടു. അഭിനേതാക്കളുടെയും സാങ്കേതിക വിഭാഗങ്ങളുടെയും ഏകോപനത്തിൽ ഒരു മനോഹര ദൃശ്യം അരങ്ങേറി. സാധാരണ പ്രണയ കഥ എന്നതിനപ്പുറം ഒരു സൈനികന്റെ ധീരതയുടെ പശ്ചാത്തലത്തില്‍ ഈ സിനിമ വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു, മസ്റ്റ് വാച്ച്. ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി സീതാ രാമം എനിക്ക് തന്നു. യുദ്ധശബ്ദങ്ങളില്ലാതെ കണ്ണിന് കുളിർമയേകുന്ന പ്രകൃതിഭംഗി കണ്ടെത്തിയ സംവിധായകൻ ശ്രീ ഹനു രാഘവപുടി, നിർമ്മാതാവ് ശ്രീ അശ്വിനിദത്ത്, സ്വപ്ന മൂവി മേക്കേഴ്‌സ് എന്നിവരുൾപ്പെടെയുള്ള സിനിമാ ടീമിന് അഭിനന്ദനങ്ങൾ", എന്നാണ് വെങ്കയ്യ നായിഡു സീതാ രാമത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്.

'സീതാ രാമം' സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ്  ദുല്‍ഖര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്‍ത എന്റെ ചിത്രം 'ഒകെ ബംഗരം' ആയിരുന്നു. എന്റെ ആദ്യത്തെ സിനിമയില്‍ തന്നെ വളരെയധികം സ്‍നേഹം ലഭിക്കുന്നതിന് കാരണമായ മണി സാറിന് നന്ദി. തുടര്‍ന്ന് നാഗിയും വൈജയന്തിയും 'മഹാനടി'യില്‍ അഭിനയിക്കുന്നതിന് എനിക്ക് അവസരം നല്‍കി. ഞാൻ പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന് എനിക്ക് ലഭിച്ച സ്‍നേഹവും ആദരവും. 'കുറുപ്പ്' ഡബ്ബ് ചെയ്‍തപ്പോഴും നിങ്ങള്‍ നല്‍കിയ സ്‍നേഹം ഒരിക്കലും മറക്കാനാവുന്നതല്ല.

'സീതാ രാമ'ത്തിനായി സ്വപ്‍നയും ഹനുവും എന്നെ സമീപിച്ചപ്പോള്‍ എനിക്ക് അറിയാമായിരുന്നു ഞാൻ സുരക്ഷിതമായ കൈകളിലാണ് എന്ന്. നല്ല ഒരു സിനിമ ഞങ്ങള്‍ക്ക് ചെയ്യാനാകും എന്ന് അറിയാമായിരുന്നു. ഒരുപാട് കലാകാരൻമാരുടെയും പ്രതിഭകളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂട്ടായ പ്രയത്‍നത്താലാണ് ഇത് മനോഹരമായത്. ചിത്രത്തിന്റെ റിലീസ് ദിവസം ഞാന്‍ കരഞ്ഞുപോയി. ഹനുവിനോടും, മൃണാളിനോടും രശ്‍മികയോടും സുമന്തിനോടും, വിശാലിനോടും പി എസ് വിനോദിനോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‍നേഹം വാക്കുകളാല്‍ വിശദീകരിക്കാനാകാത്തതാണ്. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞാണ് ദുല്‍ഖര്‍ കുറിപ്പ് അവസാനിപ്പിച്ചത്.

കശ്‍മിർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ദുൽഖർ സൽമാൻ  'ലഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായി എത്തിയ ചിത്രം ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്‍ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിലെ 'റാം' എന്ന കഥാപാത്രം  ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ടതാണെന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Comments

    Leave a Comment