ഓഗസ്റ്റ് മാസത്തിലെ ജി എസ് ടി വരുമാനത്തിൽ വീണ്ടും റെക്കോർഡ്.

GST revenue hits record collection again in August 22

തുടർച്ചയായ ആറാം മാസമാണ് ജി എസ് ടി വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നത്. 2022 ഏപ്രിലിലായിരുന്നു ഏറ്റവും കൂടുതൽ ജിഎസ്ടി വരുമാനം കൈവരിച്ചത്.

ന്യൂഡൽഹി : ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിവിൽ ഓഗസ്റ്റ് മാസത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി.

കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം രാജ്യത്തെ ജി എസ് ടി കളക്ഷൻ 28 ശതമാനം ഉയർന്ന് 1.43 ലക്ഷം കോടി രൂപയായി.  തുടർച്ചയായ ആറാം മാസമാണ് ജി എസ് ടി വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നത്. 

2022 ഓഗസ്റ്റിൽ രാജ്യം നേടിയ മൊത്ത ജി എസ് ടി വരുമാനം 1.43 ട്രില്യൺ ആണ്. അതിൽ  24,710 കോടി രൂപ സിജിഎസ്ടിയും  30,951 കോടി രൂപ എസ്ജിഎസ്ടിയും  77,782 കോടി രൂപ ഐജിഎസ്ടിയുമാണ്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ഈടാക്കിയ 42,067 കോടി രൂപ ഉൾപ്പെടെ ഉൾപ്പടെയാണിത്. 

2021 ഓഗസ്റ്റിൽ ജിഎസ്ടി ഇനത്തിൽ കേന്ദ്ര സർക്കാരിന് ലഭിച്ച 1,12,020 കോടി രൂപയിൽ നിന്നും 28 ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 33 ശതമാനം വളർച്ചയാണ് ആഗസ്ത് വരെയുള്ള ജിഎസ്ടി വരുമാനത്തിൽ ഇന്ത്യ കൈവരിച്ചിരിക്കുന്നത്. എന്നിരുന്നാലും, 2022 ജൂലൈയിൽ നേടിയ വരുമാനത്തേക്കാൾ കുറവാണ് ഓഗസ്റ്റിലെ കളക്ഷൻ.  2022 ജൂലൈയിൽ 1.49 ട്രില്യണായിരുന്നു കളക്ഷൻ. 1.67 ട്രില്യൺ രൂപ കളക്ഷൻ ഉണ്ടായിരുന്ന 2022 ഏപ്രിലിലായിരുന്നു ഏറ്റവും കൂടുതൽ ജിഎസ്ടി വരുമാനം കൈവരിച്ചത്. 

ധനകാര്യ മന്ത്രാലയം മുൻകാലങ്ങളിൽ സ്വീകരിച്ച വിവിധ നടപടികളുടെ പ്രതിഫലനമാണ് ജിഎസ്ടിയിൽ ഉണ്ടായ വർദ്ധനവ് എന്നാണ് മന്ത്രലയം നൽകുന്ന വിശദീകരണം. ഉത്സവ സീസൺ ആയതിനാൽ തന്നെ ഈ മാസവും ഉയർന്ന നേട്ടം പ്രതീക്ഷിക്കാമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.  കൊവിഡ്-19 പാൻഡെമിക്കിന് ശേഷം രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലാണ് എന്നാണ് ഈ കണക്കുകൾ പറയുന്നത്.

Comments

    Leave a Comment