കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

Heavy rain  ; Educational institutions in seven districts of the state will have a holiday tomorrow.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ ജാഗ്രത വേണം

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം മുതൽ എറണാകുളം ജില്ല വരെ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  മിന്നൽ പ്രളയവും മണ്ണിടിച്ചിലും കരുതണം എന്നും നിര്‍ദ്ദേശവുമുണ്ട്. 

ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റം ഉണ്ടാകില്ലെന്ന് കളക്ടര്‍ അറിയിച്ചു. 

കോട്ടയത്ത് പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. 

ആലപ്പുഴയിലും  പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ആയിരിക്കുമെന്ന്  കളക്ടർ ഡോ. രേണുരാജ്  അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെയും പത്തനംതിട്ട ജില്ലയിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ആഗസ്റ്റ് നാലിലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.
എന്നാല്‍, മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല, ബോർഡ് പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

അതേസമയം, കേന്ദ്ര കാലാവസ്ഥ കേന്ദ്രം, കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി. ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണമെന്നും  മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത വളരെ കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം സീനിയർ സയൻസ്റ്റിസ് ഡോ. ആർ കെ ജെനമണി ഒരു മാധ്യമത്തോട്‌ പറഞ്ഞു. 

വരും ദിനങ്ങളിൽ ചിലയിടങ്ങളിൽ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട് കണക്കാക്കുന്നു. കൂടുതൽ മഴ മേഘങ്ങൾ അറബിക്കടലിൽ നിന്ന് കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ തെക്കൻ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസത്തേക്ക് കനത്ത  മഴയ്ക്കാണ് സാധ്യതയുള്ളത്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും.

ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ ജാഗ്രത വേണം. ഈ ദിവസങ്ങളിൽ പരക്കെ അതിശക്തമായ മഴക്കാണ് സാധ്യത. അതിതീവ്രമഴ സാധ്യതയുള്ളതിനാൽ  മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത വർധിക്കും. ഈ ദിവസങ്ങളിൽ യാത്രകൾ പ്രത്യേകിച്ച് മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം.

സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിൽ നിന്ന് വെളളം കൊണ്ടുപോകുന്നത് തമിഴ്നാട് നിർത്തി. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ച് സെന്‍റീ മീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 140 സെന്‍റീ മീറ്റർ ഉയർത്തി. പെരിങ്ങൾക്കുത്ത് ഡാമിന്‍റെ ഇപ്പോൾ തുറന്നിരിക്കുന്ന സ്പിൽവേ ഷട്ടറുകൾക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറക്കും, പത്തനംതിട്ട മൂഴിയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി. പമ്പാതീരത്ത് ജാഗ്രതാനിർദേശം നൽകി.

Comments

    Leave a Comment