സ്വര്‍ണത്തിന് രാജ്യത്ത് നികുതി വളരെ കൂടുതലാണ്. കൂടിയ തോതിലുള്ള ഈ നികുതി ഘടന നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെയുള്ള ഇറക്കുമതി വർദ്ധിപ്പിക്കുന്നതിനു പുറമേ കയറ്റുമതി വിപണിയില്‍ മത്സരിക്കാന്‍ നമ്മെ അപര്യാപ്തരാക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും സ്വര്‍ണവും തമ്മിൽ അഭേദ്യമായ ഒരു ബന്ധമാണ് കാലങ്ങളായി നിലനിന്നു പോരുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണ വ്യവസായ മേഖല രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തൊഴില്‍ മേഖലകളിലൊന്നായി തന്നെയാണ് എണ്ണപ്പെടുന്നത്.
സ്വർണ്ണം, വസ്തു ഒന്നാണെങ്കിലും ഉപയോഗം പലവിധത്തിലാണ് എന്നുമാത്രം. വ്യക്തികള്‍ക്കിടയില്‍ നിക്ഷേപമായി കണക്കുന്ന അതെ സ്വർണത്തെ വിവാഹ വിവാഹേതര ആഘോഷങ്ങളിൽ പ്രൗഡിയുടെയും സൗന്ദര്യത്തിന്റെയും പ്രതീകമായിട്ടാണ് കാണാക്കപ്പെടുന്നത്. പെട്ടെന്ന് ക്യാഷ് ആക്കി മാറ്റുന്നതിനുള്ള സൗകര്യം വായ്പകള്‍ക്കുള്ള ഏറ്റവും നല്ല ജാമ്യവസ്തുവുമായും സ്വര്‍ണത്തെ മാറ്റുന്നു.
സ്വര്‍ണ ഉപഭോഗത്തില്‍ ലോകത്തുതന്നെ മുന്‍നിരയിൽ സ്ഥാനമുള്ള ഇന്ത്യ, ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നുമാണ്.
സ്വര്‍ണ വ്യവസായം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രധാനപ്പെട്ട ഒന്നാകയാല്‍ രാജ്യത്ത് ലഭ്യമായ സ്വര്‍ണം പുനര്‍നവീകരിച്ച് ഉപയോഗിക്കാൻ ബജറ്റ് പ്രേരണ നല്‍കുന്നുണ്ട്. തൊഴില്‍, വാണിജ്യം, വിദേശ നാണയ നേട്ടം എന്നീ രംഗങ്ങളില്‍ രാജ്യത്തെ സ്വര്‍ണാഭരണ വ്യവസായം വന്‍തോതില്‍ സംഭാവന നല്‍കുന്നുണ്ട്.
സ്വര്‍ണാഭരണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യക്ക് ഈ രംഗത്തെ ആഗോള വിപണിയിലെ പങ്കാളിത്തം വലുതാണ്.
നികുതി:-
സ്വര്‍ണത്തിന് രാജ്യത്ത് നികുതി വളരെ കൂടുതലാണ്. കസ്റ്റംസ് നികുതി, കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ്സ്, ജിഎസ്ടി എന്നിവ ഉള്‍പ്പടെ 18 ശതമാനം നികുതിയാണ് ഇന്ത്യയില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കേണ്ടിവരുന്നത്.
കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നതിനാല്‍ അതിനെ നേരിടാനാണ് സ്വർണ്ണത്തിന് കൂടുതല്‍ ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടിയ തോതിലുള്ള ഈ നികുതി ഘടന നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെയുള്ള ഇറക്കുമതി വർദ്ധിപ്പിക്കുന്നതിനു പുറമേ കയറ്റുമതി വിപണിയില്‍ മത്സരിക്കാന്‍ നമ്മെ അപര്യാപ്തരാക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണക്കട്ടിയുടെ 12.5 ശതമാനമായിരുന്ന അടിസ്ഥാന കസ്റ്റംസ് നികുതി 10 ശതമാനമാക്കി കുറച്ചു. കാര്‍ഷിക അടിസ്ഥാന വികസന സൗകര്യ സെസ്സ് നിലവിലുള്ള 2.5 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി ഉയര്‍ത്തി.
അടിസ്ഥാന കസ്റ്റംസ് നികുതിയിലെ 2.5 ശതമാനം ഇളവിന് പകരമായി അടിസ്ഥാന വികസന സൗകര്യ സെസ്സ് 2.5 ശതമാനം ഉയർത്തിയത് കാരണം ഫലത്തില്‍ നികുതിയിളവിൻറെ ആനുകൂല്യം ലഭ്യമല്ലാതായി.
വെള്ളിക്കട്ടിയുടെ അടിസ്ഥാന കസ്റ്റംസ് നികുതി നിലവിലുള്ള 7.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കിയും 2.5 ശതമാനമായിരുന്ന കാര്‍ഷിക അടിസ്ഥാന വികസന സൗകര്യ സെസ്സ് 5 ശതമാനവുമാക്കിയും ഉയര്‍ത്തി.
സ്വര്‍ണം, വെള്ളി, പ്‌ളാറ്റിനം എന്നിവയില്‍ നിര്‍മ്മിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി നികുതിയും ബജറ്റില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
മൂലധനനേട്ടം
സ്വര്‍ണം ഇലക്ട്രോണിക് ഗോള്‍ഡ് ആക്കി മാറ്റുകയോ അല്ലെങ്കിൽ ഇലക്ട്രോണിക് ഗോള്‍ഡ് സ്വര്‍ണം ആക്കി മാറ്റുകയോ സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന മൂലധന ലാഭത്തിന് നികുതി ഒഴിവാക്കിയിട്ടുണ്ട്.
ഇലക്ട്രോണിക് മാതൃകയിലുള്ള സ്വര്‍ണ വിനിമയത്തിന് രാജ്യത്ത് പ്രോത്സാഹനം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം.
സ്വർണ്ണ വില ഭാവിയിൽ
ഇതര ലോകരജ്യങ്ങളെയപേക്ഷിച്ച് ഇന്ത്യയിൽ സ്വർണ്ണവില കൂടിയ നിലയില്‍ തന്നെ തുടരുകയാണ്. ഇന്ത്യന്‍ രൂപയുടെ ഇടിവ്, നിലവിലുള്ള കൂടിയ നികുതികള്‍, സ്വര്‍ണത്തിന്റെ വര്‍ധിക്കുന്ന ഡിമാന്റ് എന്നീ ഘടകങ്ങളാണ് ഇതിനു കാരണം. ഭാവിയിലും സ്വർണ്ണത്തിന് കൂടിയ വില തുടരാനുള്ള സാധയതകൾ തന്നെയാണ് കാണുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ഉണ്ടായിട്ടുള്ള ആഗോള സാമ്പത്തിക അസ്ഥിരത, യുഎസ് കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് വര്‍ധനയില്‍ ഉണ്ടായേക്കാവുന്ന താല്‍ക്കാലിക വിരാമം എന്നീ ഘടകങ്ങള്‍ സ്വര്‍ണ വിലകള്‍ക്കു മികച്ച പിന്തുണ നല്‍കുമെന്നാണ് കണക്കുകൂട്ടുന്നത്.
കോവിഡ് ലോക്ഡൗണുകളില്‍ ഇളവുവന്നതോടെ ചൈനയില്‍ നിന്നുള്ള ഡിമാന്റ് വര്‍ധിക്കുന്നതും ഇന്ത്യയില്‍ ഡിമാന്റ് കുറയാത്തതും വിലകള്‍ താഴാതെ നിര്‍ത്തുന്ന ഘടകങ്ങളാണ്.
യുഎസ് ഡോളര്‍ കൂടുതൽ കരുത്തുള്ളതാകുന്നതും, വര്‍ധിക്കുന്ന ബോണ്ട് നേട്ടങ്ങള്‍, ഓഹരി വിപണിയിലെ സ്ഥിരത എന്നിവ സ്വര്‍ണ വിലകള്‍ക്ക് ആഘാതമേല്‍പിച്ചേക്കാൻ സാധ്യതയുണ്ട്.
വിലകളില്‍ മാറ്റമുണ്ടാകുമ്പോള്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ നടത്തുന്ന നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ക്ക് ഗുണകരമാകുന്നതാണ്.














Comments