കെ-റെയിൽ : പൂർണമായും ജിപിഎസ് സർവേ; സംയുക്ത സർവേക്ക് ടെണ്ടർ വിളിച്ചു.

K-Rail: Fully GPS Survey; Joint survey tender called. source : keralarail.com

സിൽവര്‍ലൈൻ പദ്ധതിക്കായി റെയിൽവെയുടെ കൈവശമുള്ള 178 കിലോമീറ്ററിൽ സിൽവര്‍ലൈൻ കടന്ന് പോകുന്ന ഭൂമിയുടെ അളവ്, അതിര്‍ത്തി, അലൈൻമെന്റിൽ ഉൾപ്പെട്ട സ്ഥലത്തെ റെയിൽവെ സ്വത്തുക്കളുടെ മൂല്യം എന്നിവയാണ് സര്‍വേയിലൂടെ കണക്കാക്കേണ്ടത്. സംയുക്ത സര്‍വേ എന്ന ആശയം ദക്ഷിണ റെയിൽവെ ഉദ്യോഗസ്ഥർ ആണ് മുന്നോട്ടുവച്ചത്.

തിരുവനന്തപുരം: സിൽവര്‍ലൈൻ പദ്ധതിക്കായി റെയിൽവേ ഭൂമിയിൽ സംയുക്ത സര്‍വേ നടത്താൻ കെ-റെയിൽ(K Rail) ടെണ്ടര്‍ വിളിച്ചു. സര്‍വേ പൂര്‍ണമായും ജിപിഎസ് ഉപയോഗിച്ച് പൂര്‍ത്തിയാക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. കല്ലിടൽ വേണ്ടെന്നുള്ള തീരുമാനമാണ് നിലവിലുള്ളത്. 

നിലവിൽ റെയിൽവെയുടെ കൈവശമുള്ള 178 കിലോമീറ്ററിലാണ് സിൽവര്‍ലൈൻ പദ്ധതിക്ക് വേണ്ടി സര്‍വേ നടത്തേണ്ടത്. ദക്ഷിണ റെയിൽവെയുടേയും കെ-റെയിലിന്റെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം ഏജൻസി സര്‍വെ  നടത്തേണ്ടത് എന്നതും വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ  റെയിൽവെ ബോര്‍ഡുമായി കെ-റെയിൽ അധികൃതര്‍ ആശയവിനിമയം നടത്തിയിരുന്നു. റെയിൽവെ ബോര്‍ഡിന് മുന്നിൽ ഡിപിആര്‍ അവതരിപ്പിച്ചപ്പോൾ സംയുക്ത സര്‍വേ എന്ന ആശയം ദക്ഷിണ റെയിൽവെ ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചിരുന്നു. 

സിൽവര്‍ലൈൻ കടന്ന് പോകുന്ന ഭൂമിയുടെ അളവ്, അതിര്‍ത്തി, അലൈൻമെന്റിൽ ഉൾപ്പെട്ട സ്ഥലത്തെ റെയിൽവെ സ്വത്തുക്കളുടെ മൂല്യം എന്നിവയാണ് കണക്കാക്കേണ്ടത്. രണ്ട് മാസത്തിനകം സര്‍വെ പൂര്‍ത്തിയാക്കണമെന്നും പൂര്‍ണമായും  ജിപിഎസ് സംവിധാനം ഉപയോഗിക്കണമെന്ന നിർദേശം ഉള്ള സർവേയിൽ കല്ലിടൽ വേണ്ടെന്നും ടെണ്ടറിൽ പ്രത്യേകം വ്യവസ്ഥയുണ്ട്. 

സര്‍വേ തീരുമാനിച്ച് 5 മാസം കഴിഞ്ഞ ശേഷമാണ് കെ-റെയിൽ ടെണ്ടര്‍ അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക്  കടക്കുന്നത്. കെ റെയിലിനായി കല്ലിടുന്നത് മരവിപ്പിച്ചെന്നും ജിയോ ടാഗ് വഴിയാണ് സർവേയെന്ന്  സർക്കാർ കോടതിയെ അറിയിച്ചപ്പോൾ ഇത് നേരത്തെ തന്നെ ആകാമായിരുന്നില്ലേ എന്ന് കോടതി ചോദിച്ചു. സാമൂഹ്യാകാഘ പഠനത്തിന്റെ മറവിൽ വലിയ കല്ലിടുന്നത് എന്തിനെന്ന് സർക്കാർ മറുപടി പറഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. എന്തുമാകാമെന്ന നിലപാട് ബ്യൂറോക്രസിയുടേതാണെന്ന് വിമര്‍ശിച്ച കോടതി, വികസനത്തിന്റെ പേരിൽ കേരളത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. ഇത് ആശങ്കപ്പെടുത്തുന്നെന്നും കോടതി നിരീക്ഷിച്ചു.

Comments

    Leave a Comment