4809 ജനപ്രതിനിധികളാണ് (എം പിമാരും എം എല്‍ എമാരുമടക്കം) വോട്ട് രേഖപ്പെടുത്താൻ പട്ടികയിലുണ്ടായിരുന്നത്. 60 ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്.
ഡൽഹി: പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂർത്തിയായി.
ഇന്ന് രാവിലെ പത്ത് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പാർലമെന്‍റിൽ 63 ആം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി തീരുമാനിച്ചത്.
സംസ്ഥാനങ്ങളിൽ അതത് നിയമസഭകളിലാണ് വോട്ടെടുപ്പ് നടന്നത്.
4809 ജനപ്രതിനിധികളാണ് (എം പിമാരും എം എല്‍ എമാരുമടക്കം) വോട്ട് രേഖപ്പെടുത്താൻ പട്ടികയിലുണ്ടായിരുന്നത്. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് വോട്ടിംഗ് അവസാനിച്ചപ്പോൾ ലഭിക്കുന്ന വിവരം. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണൽ നടത്തി വിജയിയെ പ്രഖ്യാപിക്കും.
നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുള്ള എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു 60 ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് വിജയം ഉറപ്പാക്കിയിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. ശിവസേന, ഝാർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ പ്രതിപക്ഷ കക്ഷികളും മുർമുവിന് പിന്തുണ അറിയിച്ചിരുന്നു. എന്നാൽ മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം ആശ്വാസം കണക്കുന്നത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചിരുന്നു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ചിത്രവും ഏകദേശം വ്യക്തമായിട്ടുണ്ട്. എൻ ഡി എ സ്ഥാനാര്‍ത്ഥിയായി ജഗ്ദീപ് ധാൻകറിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ശരദ്പവാറിന്‍റെ വസതിയില്‍ ഇന്നലെ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ പ്രതിപക്ഷ പാര്‍ട്ടികളും സംയുക്ത സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു.
ഉത്തരാഖണ്ട്, ഗോവ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണ്ണറും മുൻ കേന്ദ്രമന്ത്രിയുമാണ് മാർഗരറ്റ് ആൽവ. വനിത, ന്യൂനപക്ഷ സമുദായഗം , രാഷ്ട്രീയ പരിചയം, ദക്ഷിണേന്ത്യന്‍ പ്രാതിനിഥ്യം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് മാര്‍ഗരറ്റ് അല്‍വയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.
മാര്‍ഗരറ്റ് ആല്‍വ ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യോഗത്തില്‍ പതിനേഴ് പ്രതിപക്ഷ പാര്‍ട്ടികളാണ് പങ്കെടുത്തതെങ്കിലും 19 പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
Comments