യുഎസിലെ ശരാശരി കുടുംബ വരുമാനമായ 63,922 ഡോളറിന്റെ ഇരട്ടിയായ 123,700 ഡോളറാണ് യുഎസിലെ ഇന്ത്യക്കാരുടെ ശരാശരി കുടുംബ വരുമാനം
യുഎസിലെ ഇന്ത്യക്കാർ, ശരാശരി 123,700 ഡോളർ വരുമാനമുള്ളവരും കോളേജ് ബിരുദധാരികളിൽ 79 ശതമാനവും, സമ്പത്തിന്റെയും കോളേജ് വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ മൊത്തം അമേരിക്കൻ ജനസംഖ്യയെ മറികടന്നതായും ഏറ്റവും പുതിയ സെൻസസ് ഡാറ്റ ഉദ്ധരിച്ച ഒരു മാധ്യമ റിപ്പോർട്ട് പറയുന്നു. ന്യൂയോർക്ക് ടൈംസിന്റെ സെൻസസ് ഡാറ്റയുടെ വിശകലനം അനുസരിച്ച് കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ അമേരിക്കയിൽ ഏഷ്യൻ വംശജരായ ആളുകളുടെ എണ്ണം ഏതാണ്ട് മൂന്നിരട്ടിയായി വർദ്ധിച്ചു.സെൻസസ് ഡാറ്റയുടെ ന്യൂയോർക്ക് ടൈംസ് വിശകലനം അനുസരിച്ച് ഏഷ്യക്കാരാണ് ഇപ്പോൾ അമേരിക്കയിലെ ഏറ്റവും വലിയ നാല് വംശീയ ഗ്രൂപ്പുകളിൽ അതിവേഗം വളരുന്നത്.
ഏകദേശം 4 ദശലക്ഷം ഇന്ത്യക്കാർ നിലവിൽ യുഎസിൽ താമസിക്കുന്നു. ഇതിൽ 1.6 മില്യൺ വിസക്കാരും , 1.4 ദശലക്ഷം അമേരിക്കൻ പൗരത്വം ലഭിച്ച ഇന്ത്യക്കാരും, ഒരു ദശലക്ഷം അമേരിക്കയിൽ ജനിച്ച ഇന്ത്യക്കാരും ഉൾപ്പെടുന്നു. യുഎസിലെ ഇന്ത്യക്കാരുടെ ശരാശരി കുടുംബ വരുമാനം 123,700 ഡോളറാണ്, ഇത് രാജ്യവ്യാപകമായ ശരാശരി 63,922 ഡോളറിന്റെ ഇരട്ടിയാണ്. റിപ്പോർട്ട് പ്രകാരം, രാജ്യവ്യാപകമായ ശരാശരി 34 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 79 ശതമാനം ഇന്ത്യക്കാരും കോളേജ് ബിരുദധാരികളാണ്.
ശരാശരി കുടുംബ വരുമാന ശ്രേണികളിൽ യുഎസിലെ മറ്റ് ഏഷ്യൻ ഗ്രൂപ്പുകളെ അപേക്ഷിച്ച് ഇന്ത്യക്കാർ മുന്നിലാണ്. തായ്‌വാനീസ്, ഫിലിപ്പിനോകൾ എന്നിവർ യഥാക്രമം 97,129 ഡോളറും 95,000 ഡോളർ ശരാശരി കുടുംബ വരുമാനവുമുള്ളവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. 14 ശതമാനം ഇന്ത്യക്കാർ മാത്രമാണ് ശരാശരി 40,000 ഡോളറിൽ താഴെയുള്ള ശരാശരി കുടുംബ വരുമാനം റിപ്പോർട്ട് ചെയ്തതിട്ടുള്ളത്. ദേശീയതലത്തിൽ 33 ശതമാനമാണ് 40,000 ഡോളറിൽ താഴെ ശരാശരി കുടുംബ വരുമാനമുള്ളവർ.
കമ്പ്യൂട്ടർ സയൻസ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, മെഡിസിൻ എന്നിവയുൾപ്പെടെ ഉയർന്ന ശമ്പളമുള്ള നിരവധി മേഖലകളിൽ ഇന്ത്യൻ വംശജർ ഗണ്യമായ പങ്ക് വഹിക്കുന്നു. അമേരിക്കയിലെ ഡോക്ടർമാരിൽ ഒമ്പത് ശതമാനം ഇന്ത്യൻ വംശജരാണ്, അതിൽ പകുതിയിലധികം പേരും കുടിയേറ്റക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സോഴ്സ് : പി ടി ഐ
Comments