ഈ മാസം ( ജൂലൈ) ഒന്നുമുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു.
ദുബായ് : ഒരു വർഷത്തെ 'സെൽഫ് സ്പോൺസേർഡ്' വിസയുമായി യുഎഇ. ഒരു വർഷത്തെ ഈ വിസ വഴി വിദേശികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ യുഎഇയിൽ പ്രവേശിക്കാനും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ജോലി ചെയ്യാനുമുള്ള അനുവാദം നൽകുന്നു. ഈ മാസം ( ജൂലൈ) ഒന്നുമുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു.
ഒരു വർഷത്തെ വീസയ്ക്ക് 3,400 ദിർഹത്തോളമാണ് സേവനദാതാക്കൾ ഈടാക്കുന്നത്. യു എ ഇ യിൽ സന്ദർശക വീസയിലുള്ളവർ സ്റ്റാറ്റസ് മാറ്റത്തിന് 625 ദിർഹം കൂടി നൽകേണ്ടതുണ്ട്. വർക് പെർമിറ്റിന് 300 ദിർഹമാണ് ഫീസ് ഈടാക്കുന്നത്.
55 വയസ്സിന് മുകളിലുള്ള വിരമിച്ച താമസക്കാർക്കും ഇനി മുതൽ സ്പോൺസറില്ലാതെ താമസവിസ ലഭിക്കും. ഇതിനകം സന്ദർശക വിസയിലുള്ള മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ഒരു വർഷത്തെ വീസ സ്വന്തമാക്കിക്കഴിഞ്ഞു. കൂടുതൽ പേർ വീസയ്ക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.
സന്ദർശക വീസയിലെത്തി യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്കും നാട്ടിൽ നിന്ന് വരാനാഗ്രഹിക്കുന്നവർക്കും ഈ വിസയ്ക്ക് അപേക്ഷിക്കാം. ഇതോടൊപ്പം എമിറേറ്റ്സ് ഐഡി കൂടി ലഭിക്കുന്നു. തുടർന്ന് ഏതെങ്കിലും കമ്പനിയിലോ സ്ഥാപനത്തിലോ ജോലി ലഭിക്കുകയാണെങ്കിൽ വർക് പെർമിറ്റ് കൂടി എടുത്താൽ നിയമപരമായി തൊഴിൽ ചെയ്യുവാനുമാകും. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനും ഡ്രൈവിങ് ലൈസൻസ് എടുക്കാനും സാധിക്കും. ലേബർ പേയ്‌മെന്റ് ഇല്ല എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ഒരു വർഷം കഴിഞ്ഞാൽ വിസ പുതുക്കാന്‍ പറ്റുമെങ്കിലും നിലവിൽ ഈ സൗകര്യം വെബ് സൈറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു.
യുഎഇയിൽ ഭർത്താവിന്റെയും പിതാവിന്റെയും വീസയ്ക്ക് കീഴിൽ വർക് പെർമിറ്റ് എടുത്ത് ഒട്ടേറെ പേർ ജോലി ചെയ്യുന്നവർക്കും വേണമെങ്കിൽ ഒരു വർഷത്തെ സെൽഫ് സ്പോൺസേർഡ് വീസയിലേയ്ക്ക് മാറാവുന്നതാണ്. ലോകത്തെങ്ങുമുള്ള പ്രതിഭകളെയും വിദഗ്ധരെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ റിമോട്ട് വർക്ക് വീസ ആഗോള പ്രഫഷണലുകൾക്ക് യുഎഇയിൽ നിന്ന് വിദൂരമായി ജോലി ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ മൂലധനത്തിന്റെ അടിസ്ഥാനത്തിൽ വീസയ്ക്ക് യോഗ്യത നേടാം.
അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ ഏഴ് എമിറേറ്റുകളുടെ ഫെഡറേഷനായ യുഎഇയിലെ ആകെ ജനസംഖ്യയായ 90 ലക്ഷത്തിന്റെ ഏകദേശം 90 ശതമാനവും പ്രവാസികളാണ്. പ്രവാസികളിൽത്തന്നെ കൂടുതലും ഇന്ത്യക്കാരാണ്. യുഎഇ പൗരന്മാരല്ലാത്ത എല്ലാ താമസക്കാർക്കും അവരുടെ റസിഡൻസി പെർമിറ്റിനായി ഒരു സ്പോൺസർ ഉണ്ടായിരിക്കണമെന്നും പരമാവധി 2 അല്ലെങ്കിൽ 3 വർഷത്തിനുശേഷം വിസ പുതുക്കണമെന്നുമായിരുന്നു നിയമം.
2019 ൽ ഈ നിയമത്തിൽ ഭേദഗതികൾ ഉണ്ടാവുകയും വിദേശികൾക്ക് രാജ്യത്ത് തുടർച്ചയായി താമസിക്കാനുള്ള 10 വർഷത്തെ ഗോൾഡൻ വീസ അടക്കമുള്ള പുതിയ നിയമങ്ങൾ ഉണ്ടാകുകയും ചെയ്തു. യുഎഇയുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനും വളർച്ചയ്ക്കും തുടർച്ചയായി സംഭാവന നൽകാൻ കഴിവുള്ള പ്രതിഭകളായ പ്രവാസികൾക്കും നിക്ഷേപകർക്കും സുരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ദീർഘകാല വിസകൾ നടപ്പാക്കിയത്. ഇതുകൂടാതെ, അഞ്ച്, മൂന്ന്, രണ്ട് വർഷത്തെ തൊഴിൽ, താമസ വിസകളും ലഭ്യമാണ്.
Comments