സ്വകാര്യ പമ്പുകൾക്ക് 91.42 രൂപയ്ക്ക് ഒരു ലിറ്റർ ഡീസൽ ലഭിക്കുമ്പോൾ 98.15 രൂപയാണ് കെഎസ്ആർടിസി നൽകേണ്ടി വരുന്ന വില. പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേതാണ് തീരുമാനം. ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ തീരുമാനത്തിലൂടെ കോർപറേഷന് ഉണ്ടാവുക.
കെ എസ് ആർ ടി സി ക്കുള്ള ഡീസൽ വില ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കുത്തനെ വർദ്ധിപ്പിച്ചു.

തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC)ക്ക് വിതരണം ചെയ്യുന്ന ഡീസലിന്റെ വില ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) വർദ്ധിപ്പിച്ചു. സ്വകാര്യ പമ്പുകൾക്ക് 91.42 രൂപയ്ക്ക് ഒരു ലിറ്റർ ഡീസൽ ലഭിക്കുമ്പോൾ 98.15 രൂപയാണ് കെഎസ്ആർടിസി നൽകേണ്ടി വരുന്ന വില. കെഎസ്ആർടിസിയെ ബൾക് പർച്ചെയ്‌സർ വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് ഈ വില വർദ്ധനവിന് കാരണമായത്.
ലിറ്ററിന് 6.73 രൂപയുടെ അധിക ബാധ്യതയാണ് ഈ വില വർദ്ധനവ് വഴി കെഎസ്ആർടിസിക്കുണ്ടാവുക. ഒരു ദിവസം ഏകദേശം അഞ്ചര ലക്ഷം ലിറ്റർ ഡിസൽ ഉപയോഗിക്കുന്ന കെഎസ്ആർടിസിക്ക് 37 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഐഒസിയുടെ തീരുമാനത്തിലൂടെ പ്രതിദിനം കോർപറേഷന് ഉണ്ടാവുക. ഒരു മാസം ഈ വിലയിൽ ഡീസൽ വാങ്ങേണ്ടി വന്നാൽ കെഎസ്ആർടിസി ഡീസലിന് മാത്രമായി 11.10 കോടി രൂപ അധികം മുടക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകും.
ഒരു ദിവസം 50000 ലിറ്ററിൽ കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(IOC) ബൾക് പർചേസർ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. കേരളത്തിൽ ഈ വിഭാഗത്തിൽ പെടുന്നത് കെഎസ്ആർടിസി മാത്രമാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഈ തീരുമാനം കെഎസ്ആർടിസി യെ മാത്രമല്ല രാജ്യത്തെമ്പാടുമുള്ള റോഡ് ട്രാൻസ്പോർട് കോർപറേഷനുകളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കു കൂട്ടൽ.
Comments