മൂന്ന് പതിറ്റാണ്ടിന്റെ വിഭാവനം, 18,000 കോടിക്കടുത്ത് രൂപയുടെ നിർമ്മാണ ചെലവ്, അഞ്ച് കൊല്ലത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍. ; 21.80 കിലോ മീറ്റർ നീളം, അതിൽ 16.5 കിലോ മീറ്ററും കടലിനു മുകളിലൂടെ....മുംബൈ നഗരത്തെ നവിമുംബൈയുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എം.ടി.എച്ച്.എല്‍.) ഈ മാസം അവസാനം ഗതാഗതത്തിന് തുറന്നു കൊടുക്കും.
ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ഗതാഗതത്തിന് ഒരുങ്ങുന്നു.

രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിനെ (എം.ടി.എച്ച്.എല്‍.) കുറിച്ച് നിങ്ങൾ കേട്ടിട്ടണ്ടോ ?
മുംബൈ നഗരവും നവി മുംബൈയും തമ്മിലുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്തി നഗരത്തിലെ തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്തതാണ് ഈ കടല്‍പ്പാലം. മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള ഗതാഗതം വേഗത്തിലാക്കാനും മുംബൈയില്‍നിന്ന് പുണെ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ടുകൊണ്ട് മുംബൈയിലെ സെവ്‌രിയ്ക്കും നവി മുംബൈയിലെ നാവയ്ക്കും ഇടയില്‍ ഒരു പാലം നിര്‍മിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും 2004-ൽ അത് സീ ലിങ്ക് നിര്‍മിക്കാനുള്ള ശക്തമായ ശ്രമമായി മാറി.
ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ചെലവ് 17,843 കോടി രൂപയാണ്. 2005-ല്‍ 4000 കോടിയായി കണക്കാക്കപ്പെട്ട പദ്ധതിയുടെ ചെലവ്, 2008-ല്‍ ചെലവ് 6000 കോടിയായും, 2011 നവംബറില്‍ ഇത് 8800 കോടിയായും 2012 ആഗസ്റ്റില്‍ 9360 കോടിയായും ഉയര്‍ത്തി. 2014-ല്‍ പദ്ധതി ചെലവ് ഏകദേശം 11,000 കോടി രൂപയായി പുനര്‍നിര്‍ണയിച്ചു. നിലവില്‍ 18000 കോടിക്കടുത്താണ് പദ്ധതിയുടെ ചെലവായി ഏറ്റവും ഒടുവില്‍ പുതുക്കിയ നിര്‍മാണച്ചെലവ്.
എല്‍ ആന്‍ഡ് ടി, ടാറ്റാ പ്രൊജക്ടസ് എന്നിവരായിരുന്നു പദ്ധതിയിലെ പ്രധാന കരാറുകാര്‍. പാലം പൂര്‍ത്തിയാകുമ്പോള്‍ പ്രതിദിനം 70,000 വാഹനങ്ങള്‍ പാലം ഉപയോഗപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.
ദക്ഷിണ മുംബൈയിലെ സെവ്‌റിയില്‍നിന്ന് തുടങ്ങി എലിഫന്റാ ദ്വീപിന്റെ വടക്കുവശത്തുകൂടി താനെ കടലിടുക്ക് മുറിച്ചുകടന്ന് നവസേവയ്ക്കടുത്തുള്ള ചിര്‍ലെ ഗ്രാമത്തിലാണ് പാലം അവസാനിക്കുന്നത്. ഒരോ വശത്തുമായി മൂന്നുപാതകള്‍ അടങ്ങിയ ആറുവരി പാത കൂടാതെ അടിയന്തരാവശ്യങ്ങള്‍ക്കായി ഏഴാമത് ഒരു വരിയുമുണ്ട്. എഡ്ജ് സ്ട്രിപ്സ്, ക്രാഷ് ബാരിയര്‍ എന്നിവയും പാലത്തിന്റെ പ്രത്യേകതകളാണ്. 21.8 കിലോ മീറ്റര്‍ നീളമുളള ഈ പാതയില്‍ 16.5 കിലോ മീറ്റര്‍ യാത്ര കടലിന് മുകളിലൂടെയായിരിക്കും. സെവ്രിയില്‍ ത്രീലെവല്‍ ഇന്റര്‍ചേഞ്ചുമുണ്ട്. ഇവിടെ ഈസ്റ്റേണ്‍ ഫ്രീവേ, സെവ്രി-വര്‍ളി ഈസ്റ്റ്-വെസ്റ്റ് കണക്ടര്‍ എം.ടി.എച്ച്.എല്ലുമായി കൂടിച്ചേരും.
സി.സി.ടി.വി. ക്യാമറകളുടെ സഹായത്തോടെ ട്രാഫിക് കണ്‍ട്രോള്‍ സെന്റര്‍ പാതയിലെ ട്രാഫിക് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. പാലം ഉപയോഗിക്കുന്നവര്‍ക്കുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി നോയ്സ് ബാരിയറുകളും സ്ഥാപിക്കും. പ്രതിവര്‍ഷം 1.5 ലക്ഷം വാഹനങ്ങള്‍ വഹിക്കാനുളള കഴിവ് ഈ നീളമേറിയ ആറുവരി പാതയ്ക്കുണ്ടായിരിക്കും.
പാലത്തിലൂടെ മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാമെന്നതിനാൽ നവിമുംബൈയില്‍ നിന്ന് മുംബൈയിലെത്താനുള്ള സമയം ഒരു മണിക്കൂറില്‍ നിന്ന് വെറും 20 മിനിറ്റായി ചുരുങ്ങും. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വേഗത്തിലുള്ള പ്രവേശനം
പുണൈ എക്സ്പ്രസ് വേയിലേക്കും ദക്ഷിണേന്ത്യയിലേക്കും കണക്റ്റിവിറ്റി, വാഹനങ്ങളുടെ വേഗം കുറയ്ക്കാതെതന്നെ ടോള്‍ അടയ്ക്കാന്‍ കഴിയുന്ന ഒ.ആര്‍.ടി. സംവിധാനം, നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഇതെല്ലാം പ്രത്യേകതകൾ ആണ്. ടോള്‍ പിരിക്കുന്നതിനായി വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള അത്യാധുനിക ഓപ്പണ്‍ ടോളിങ് സാങ്കതിക വിദ്യ ഉപയോഗിച്ചുള്ള ഓപ്പണ്‍ ടോളിങ് സിസ്റ്റം (ഒ.ടി.എസ്.) ഉപയോഗിക്കുന്നതോടെ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ടോള്‍ അടക്കുന്നതിനായി നിര്‍ത്തേണ്ടിവരുന്നത് ഒഴിവാക്കാം.
മൂന്ന് പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്ത പദ്ധതി, നിര്‍മാണ മേഖലയിലെ വമ്പന്മാരായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐ.എല്‍. ആന്‍ഡ് എഫ്.എസ്.) സീ ലിങ്ക് പദ്ധതി നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കാനും കൈമാറാനുമുള്ള ഒരു നിര്‍ദേശം സമര്‍പ്പിച്ച് ഒരു അപേക്ഷ മുന്നോട്ടുവെച്ചെങ്കിലും നിര്‍ദ്ദേശം ഗവണ്‍മെന്റ് പരിഗണിച്ചില്ല.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷനും (എം.എസ്.ആര്‍.ഡി.സി.) മറ്റൊരു നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു.
2005-ല്‍ എം.എസ്.ആര്‍.ഡി.സി. പദ്ധതിക്കായി ബിഡ്ഡുകള്‍ ക്ഷണിസിച്ചപ്പോൾ, അനില്‍ അംബാനിയും മുകേഷ് അംബാനിയും സമര്‍പ്പിച്ച ബിഡ്ഡുകള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതായാണ് കണക്കാക്കി തള്ളുകയായിരുന്നു. 2008-ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതിക്കായി പുതിയ ലേലങ്ങള്‍ ക്ഷണിച്ചപ്പോൾ 13 കമ്പനികൾ താല്‍പ്പര്യം പ്രകടിപ്പിച്ചുവെങ്കിലും ആരും തന്നെ ബിഡ് സമര്‍പ്പിച്ചില്ല. പൊതു-സ്വകാര്യ പങ്കാളിത്തം, ഇ.പി.സി. എന്നിവയുള്‍പ്പെടെ വിവിധ രീതികളില്‍ പദ്ധതി തുടങ്ങുന്നതിനായി വിവിധ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയം കണ്ടില്ല.
2009 ഫെബ്രുവരിയില്‍ പദ്ധതിയുടെ ഉടമസ്ഥാവകാശവും നടത്തിപ്പും മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റി (എം.എം.ആര്‍.ഡി.എ)ക്കായിരിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
2011-ല്‍ പദ്ധതിക്ക് റീജിയണല്‍ ഡെവലപ്മെന്റ് പ്രോജക്റ്റ് എന്ന പദവി നല്‍കിയ സര്‍ക്കാര്‍, 2011 ഓഗസ്റ്റില്‍ പദ്ധതിയുടെ സാങ്കേതിക-സാമ്പത്തിക സാധ്യതാപഠനം നടത്താന്‍ എം.എം.ആര്‍.ഡി.എ., അരൂപ് കണ്‍സള്‍ട്ടന്‍സിയേയും കെ.പി.എം.ജിയേയും നിയമിച്ചു.
2012 ഒക്ടോബര്‍ 22-ന് അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പദ്ധതിക്ക് അനുമതി നല്‍കി. പദ്ധതിക്ക് 2012 ഒക്ടോബര്‍ 23-ന് പരിസ്ഥിതി- വനം മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. 2012 ഒക്ടോബര്‍ 31-ന് പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍, 2013 ജനുവരി 18-ന് പദ്ധതിക്ക് പൂർണ്ണ അനുമതി നല്‍കി.
നേരത്തെ പൊതു-സ്വകാര്യ-പങ്കാളിത്ത (പി.പി.പി.) മാതൃകയിൽ നടത്തുവാൻ തീരുമാനിച്ച പ്രൊജക്ട്, 2013-ല്‍ പി.പി.പി. മോഡല്‍ ഒഴിവാക്കാനും പകരം ഇ.പി.സി. അടിസ്ഥാനത്തില്‍ നടപ്പിലാക്കാനും തീരുമാനിച്ചു.
കണ്ടല്‍ക്കാടുകളേയും ഫ്ളെമിംഗോകളേയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി 2015 ഏപ്രിലില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫോറസ്റ്റ് അഡ്വൈസറി കമ്മിറ്റി പദ്ധതിക്കുള്ള അനുമതി തടഞ്ഞുവെങ്കിലും അതേ വര്‍ഷം നവംബറില്‍ തന്നെ, മഹാരാഷ്ട്ര തീരദേശ പരിപാലന അതോറിറ്റി പദ്ധതിക്ക് അനുമതി നല്‍കി. തുടര്‍ന്ന്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫോറസ്റ്റ് അഡൈ്വസറി കമ്മിറ്റി പദ്ധതിക്ക് 2016 ജനുവരിയില്‍ അനുമതി നല്‍കി.
2016 ഫെബ്രുവരിയില്‍, പദ്ധതിയുടെ മൊത്തം ചെലവിന്റെ 80% സംസ്ഥാന സര്‍ക്കാരിന് 1-1.4% വാര്‍ഷിക പലിശ നിരക്കില്‍ വായ്പ നല്‍കാന്‍ ജപ്പാന്‍ ഇന്റര്‍ നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി (JICA) സമ്മതിച്ചു. ജെയ്കയുടെ നിര്‍ദേശപ്രകാരം പാലത്തിന്റെ ഡിസൈനില്‍ അടക്കം ചില മാറ്റങ്ങള്‍ വരുത്തി. പദ്ധതി ചെലവിന്റെ 1.2% എം.എം.ആര്‍.ഡി.എയും ബാക്കി തുക സംസ്ഥാന സര്‍ക്കാറും വഹിക്കാനും ധാരണയായി. 2016 മെയ് 9-ന് സാമ്പത്തിക കരാറിന് ജെയ്ക ഔപചാരികമായി അംഗീകാരം നല്‍കി.
2016 ഡിസംബര്‍ 24-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തറക്കല്ലിട്ടു
2017 മെയ് മാസത്തില്‍ സംസ്ഥാന വനം വകുപ്പ് പദ്ധതിക്ക് അന്തിമ പരിസ്ഥിതി അനുമതി നല്‍കി. 130 ഹെക്ടര്‍ ഭൂമിയായിരുന്നു പദ്ധതിക്കായി ഏറ്റെടുക്കേണ്ടിയിരുന്നത്. സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (SIDCO) 88 ഹെക്ടര്‍ സംഭാവന നല്‍കിയപ്പോൾ, ശേഷിക്കുന്ന ഭൂമി സ്വകാര്യവ്യക്തികളുടെ കയ്യിൽ നിന്നും ഏറെറടുക്കുകയായിരുന്നു.
സ്റ്റീല്‍, കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിച്ചായിരുന്നു നിര്‍മാണം. ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിര്‍മിച്ച 70 ഓര്‍ത്തോട്രോഫിക് സ്റ്റീല്‍ ഡെഡ്ജ് ഗിര്‍ഡറുകളാണ് പാലത്തിനുള്ളത്. ഇന്ത്യയില്‍ ആദ്യമായി ഓര്‍ത്തോട്രോപിക് ഡെക്കുകള്‍ ഉപയോഗിച്ചതും ഈ പാലത്തിലാണ്. മൂന്നുഘട്ടങ്ങളായാണ് സീ ലിങ്കിന്റെ പണിനടന്നത്. ആദ്യഘട്ടത്തില്‍ സിവില്‍ ജോലികളും രണ്ടാംഘട്ടത്തില്‍ ഇന്റലിജന്‍സ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തിന്റേയും മൂന്നാം ഘട്ടത്തില്‍ സ്റ്റീല്‍ ഡെഡ്ജ് ഗിര്‍ഡറുകള്‍ ഘടിപ്പിക്കുന്ന ജോലിയുമാണ് നടന്നത്.
ഈ മാസം അവസാനം ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കടല്‍പ്പാലത്തിന്റെ വാട്ടര്‍ പ്രൂഫിങ്, ടാറിങ്, ക്രാഷ് ബാരിയര്‍, സി.സി.ടി.വി., വിളക്കുകാല്‍ സ്ഥാപിക്കല്‍ എന്നീ ജോലികള്‍ എന്നിവ അന്തിമഘട്ടത്തിലാണ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ മുംബൈ നഗരത്തില്‍നിന്ന് നവി മുംബൈയിലെത്താനുള്ള സമയം മൂന്നു മണിക്കൂറില്‍നിന്ന് 20 മിനിറ്റായി ചുരുങ്ങും.
മുംബൈയില്‍നിന്ന് പുണെ, നാഗ്പുര്‍, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് കടല്‍പ്പാലം ഏറെ പ്രയോജനകരമാകുമെന്നതിനാൽ നിലവില്‍ ഉപയോഗിക്കുന്ന സയേണ്‍- പന്‍വേല്‍ ഹൈവേയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുന്നതാണ്.
Comments