സ്വയംചികിത്സ ഒഴിവാക്കുക..... എലിപ്പനി നാല് അവയവങ്ങളെ അപകടത്തിലാക്കും.
സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളിൽ പനിബാധിതരുടെ എണ്ണം കൂടുകയാണ്. ഒരാധനമായ മറ്റൊരു കാര്യം പനി വന്നാൽ സ്വയംചികിത്സ നടത്തി വഷളാകുമ്പോൾ മാത്രം ആസ്പത്രികളിൽ എത്തുന്ന കേസുകളും കൂടുകയാണ്.
ഏത് പനിയും എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ ആകാമെന്നതിനാല്‍ തീവ്രമായതോ നീണ്ടുനില്‍ക്കുന്നതോ ആയ എല്ലാ പനി ബാധകള്‍ക്കും വൈദ്യസഹായം തേടണം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് എലിപ്പനി.
ചികിത്സ തേടാൻ വൈകുന്നത് സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നതിന് പ്രധാന കാരണമാകുന്നു. രോഗനിർണയത്തിലും ചികിത്സയിലും കാലതാമസം വരുമ്പോൾ എലിപ്പനി സങ്കീർണമാകുന്നു.
സാധാരണ വൈറൽ പനി പോലെയല്ല എലിപ്പനി. 10 ശതമാനം രോഗികളിൽ ഇത് മാരകമായിത്തീരാൻ സാധ്യതയുണ്ട്. മറ്റു അസുഖങ്ങൾ ഉള്ളവരിലും പ്രായമായവരിലും പ്രത്യേകിച്ചും ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു രോഗമാണിത്. ഈ വർഷം ഇതിനോടകം തന്നെ എലിപ്പനി ബാധിച്ച് 60 പേർ ഇതിനകം മരിച്ചു. 500 കേസുകൾ സ്ഥിരീകരിച്ചു. മിക്ക ജില്ലകളിലും എലിപ്പനിയുണ്ട്.
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണമാകുന്ന രോഗാണു. ഇതിന് മാസങ്ങളോളം നശിക്കാതെ കിടക്കാനുള്ള ശേഷിയുണ്ടെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
പ്രധാനമായും എലി. കന്നുകാലികൾ, പന്നി, നായ എന്നിവയും വാഹകരാവാം. രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് രോഗം പകരാൻ സാധ്യതയുണ്ട്.
ശരീരത്തിലെ മുറിവുകളിലൂടെയാണ് പ്രധാനമായും രോഗാണുക്കൾ പ്രവേശിക്കുക. വായ, കണ്ണ്, മൂക്ക് എന്നിവിടങ്ങളിലെ കനം കുറഞ്ഞ ശ്ലേഷ്മസ്തരം വഴിയും പ്രവേശിക്കാവുന്നതാണ്.
സാധാരണ വൈറൽ പനിയുമായി ഏറെ സാമ്യം ഉണ്ടെങ്കിലും പനിയോടൊപ്പം അതിശക്തമായ പേശിവേദന, തലവേദന, കണ്ണിൽ ചുവപ്പ്, ശരീരത്തിൽ പാടുകൾ, മഞ്ഞപ്പിത്തം എന്നിവയാണ് എലിപ്പണിയുടെ പ്രധാന ലക്ഷണങ്ങൾ. തുമ്മലും മൂക്കൊലിപ്പുമൊന്നും എലിപ്പനിയിൽ ഉണ്ടാകില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
എലിപ്പനി നാല് അവയവങ്ങളെ അപകടത്തിലാക്കും
എലിപ്പനി സങ്കീർണമായാൽ പല ആന്തരിക അവയവങ്ങളെയും ബാധിക്കുകായും പ്രവർത്തനം നിലയ്ക്കുകായും ചെയ്യും. ഇത് മൾട്ടി ഓർഗൻ സിസ്റ്റം ഫെയിലിയർ എന്നാണ് അറിയപ്പെടുന്നത്. പ്രധാനമായും നാലുതരത്തിലാണ് ഈ സങ്കീർണത വരുന്നത്.
കരൾ: എലിപ്പനി കരളിനെ ബാധിച്ച് മഞ്ഞപ്പിത്തം വരുവാൻ കാരണമാകും. കരളിന്റെ പ്രവർത്തനം നിലയ്ക്കുകയും അത് വഴി വീൽസ് സിൻഡ്രോം എന്ന സങ്കീർണാവസ്ഥ ഉണ്ടാകുന്നു.
ശ്വാസകോശം: എലിപ്പനി ശ്വാസകോശത്തെ ബാധിച്ചാൽ അക്യൂട്ട് റസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്ന അവസ്ഥ വരും. കഠിനമായ ശ്വാസംമുട്ട്, ചുമ എന്നിവ ഇതിന്റെ ലക്ഷണങ്ങൾ ആണ്.
വൃക്കകൾ: എലിപ്പനി വൃക്കകളെ ബാധിച്ചാൽ അക്യൂട്ട് കിഡ്നി ഇൻജ്വറി എന്ന അവസ്ഥ വന്ന് വൃക്കയ്ക്ക് പരാജയം സംഭവിക്കുന്നതാണ്. മൂത്രം കുറയുകായും ക്രിയാറ്റിനിൻ കൂടുകായും ചെയ്യുന്നതാണ്.
ഹൃദയം: എലിപ്പനി ഹൃദയത്തെ ബാധിച്ചാൽ മയോഗാർഡൈറ്റിസ് എന്ന സങ്കീർണത വരുന്നതാണ്. ബി.പി. താഴുകായും, ശ്വാസംമുട്ടിന് കാരണമാവുകയും, ഹൃദയപരാജയം വരെ സംഭവിക്കുന്നതിന് കാരണമാകുന്നു.
എലിപ്പനിയെ പ്രതിരോധിക്കാൻ
മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കുക. ഡോക്സിസൈക്ലിൻ പ്രതിരോധമരുന്നായി അധികൃതരുടെ നിർദേശപ്രകാരം ഉപയോഗിക്കാം.
Comments