മരിച്ചാൽ തീരുമോ കട ബാധ്യത ?

Who will repay your Debts after death

സാമ്പത്തിക പ്രതിസന്ധി കുരുക്ക് മുറുകുമ്പോൾ പലരും കാണുന്ന എളുപ്പ വഴിയാണ് ആത്മഹത്യ. എന്നാൽ മരണശേഷം ഒരു വ്യക്തിയുടെ കടങ്ങൾ എഴുതി തള്ളുമോ?

സാമ്പത്തിക പ്രതിസന്ധിയും കട ബാധ്യതയും കാരണമായുള്ള ആത്മഹത്യകൾ ഇന്ന് സർവ്വ സാധാരണമാണ്. പലപ്പോഴും ഇങ്ങനെയുള്ള വാർത്തകൾക്ക്  നമ്മൾ വേണ്ടത്ര വാർത്ത പ്രാധാന്യം പോലും നൽകാറില്ല.

2000 മുതൽ രാജ്യത്ത് ആത്മഹത്യാ നിരക്ക് 10 മുതൽ 11.5 വരെയാണ്. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതലുള്ള ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്ക് (1 ലക്ഷം ജനസംഖ്യയിൽ 12 ആത്മഹത്യകൾ) രേഖപ്പെടുത്തിയത് 2021-ലാണ്. എന്നാൽ ധാരാളം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുമായിരുന്നുവെന്നും 2022-ലും ആത്മഹത്യാ നിരക്കും വർധിക്കുമെന്നും വിദഗ്ധർ പറയുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അപകട മരണങ്ങളും ആത്മഹത്യകളും 2022 റിപ്പോർട്ട് പ്രകാരം 2022ൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ കേരളം നാലാം സ്ഥാനത്താണ്.

കുടുംബപ്രശ്‌നങ്ങളെ തുടർന്നും   അസുഖവും മൂലമാണ് ആത്മഹത്യയുടെ സിംഹഭാഗമെങ്കിലും കടക്കെണി മൂലമുള്ള കർഷകരുടെ ആത്മഹത്യയും നിത്യ സംഭവമാണ്.

ഒരു വ്യക്തി മരിച്ച ശേഷം അയാൾക്കുള്ള കടങ്ങൾ എഴുതി തള്ളുമോ ? ഇല്ലെങ്കിൽ ഇനി ആര് തീർക്കണം ? ഇങ്ങനെയുള്ള നിരവധി സംശയങ്ങൾ പലർക്കുമുള്ളതാണ്.  

സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത വ്യക്തി ഈട് നൽകിയിരിക്കുന്ന വസ്തുവകകൾ ഉണ്ടെങ്കിൽ, ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും ഇവയിൽ നിന്ന് ലഭിക്കേണ്ട തുക തിരിച്ചു പിടിച്ചശേഷമുള്ള  ബാക്കി മാത്രമായിരിക്കും അവകാശികൾക്ക് നൽകുന്നത്. മരിച്ചുപോയ വ്യക്തിയുടെ വിൽ പ്രകാരം മക്കൾക്കുള്ള വസ്തുവകകളായി കാണിച്ചിരിക്കുന്ന വസ്തുക്കളും ഈട്  നൽകിയിട്ടുണ്ടെങ്കിൽ കടം തീർത്തശേഷം ബാക്കിയുള്ളത് മാത്രമാണ് മക്കൾക്ക് ലഭിക്കുക.

വ്യത്യസ്ത കടങ്ങളും ബാധ്യതകളും ഒറ്റനോട്ടത്തിൽ

ഭവന വായ്പ 

ഒരു വ്യക്തി ഭവന വായ്പ അടച്ചു തീർക്കാതെ മരണപ്പെട്ടാൽ അത് ബന്ധുക്കളോട് അടച്ചു തീർക്കാൻ ബാങ്കുകൾക്ക് ആവശ്യപ്പെടാവുന്നതാണ്. ബന്ധുക്കൾ വായ്പ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബാങ്കിന് വീട് ജപ്തി പോലെയുള്ള നിയമപരമായ അവകാശമുണ്ട്. ജപ്തി നടത്തി ലഭിക്കേണ്ട തുക എടുത്തശേഷംബാങ്ക് ബാക്കിയുള്ള തുക ബന്ധുക്കൾക്ക് കൊടുക്കുന്നതാണ്. 

വാഹന വായ്പ

വാഹന വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാൽ കുടുംബാംഗങ്ങൾ ആണ് വായ്പ അടച്ചു തീർക്കേണ്ടത്. കുടുംബാംഗങ്ങൾ വായ്പ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബാങ്കുകൾക്ക് കാർ തിരിച്ചുപിടിക്കാൻ അധികാരം ഉണ്ട്. ലൈഫ് ഇൻഷുറൻസിൽ നിന്നും ഈ വായ്പ തിരിച്ചു പിടിക്കാവുന്നതാണ്.

വിദ്യാഭ്യാസ വായ്പ 

മരണപ്പെട്ട വ്യക്തി വിദ്യാഭ്യാസ വായ്പ അടച്ചു തീർത്തിട്ടില്ലെങ്കിൽ വായ്പക്കായി കൂടെ ഒപ്പിട്ട വ്യക്തിയാണ് കടം അടച്ചു തീർക്കേണ്ടത്. വായ്‌പ എടുത്ത വ്യക്തി ലൈഫ് ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ വായ്‌പ അതിൽ നിന്നും തിരിച്ചു പിടിക്കുന്നതാണ്. 

 

ക്രെഡിറ്റ് കാർഡ് കടങ്ങൾ

ക്രെഡിറ്റ് കാർഡ് ബാധ്യതകൾ കൊടുത്ത് തീർക്കേണ്ടത് ജോയിന്റ് അക്കൗണ്ട് ഉടമയുടെയോ, നോമിനിയുടെയോ ഉത്തരവാദിത്തമാണ്. 
ഈ കടങ്ങൾ മരണശേഷം അടച്ചു തീർക്കേണ്ടതായി വരും. പല കേസുകളിൽ ക്രെഡിറ്റ് കാർഡ് ഉണ്ടെന്നുള്ളത് തിരിച്ചറിയുന്നത് തന്നെ കുറെ നാളുകൾക്ക് ശേഷമായതിനാൽകടങ്ങൾ കുമിഞ്ഞു കൂടി വൻ ബാധ്യത ആയിട്ടുണ്ടാകും. അതുകൊണ്ടു തന്നെ ഒരു  വ്യക്തി മരിച്ചാലുടൻ ക്രെഡിറ്റ് കാർഡുകൾ ഫ്രീസ് ചെയ്യുവാൻ പ്രത്യകം ശ്രദ്ധിക്കണം. കൊടുത്ത കടം തിരിച്ചു പിടിക്കാൻ  ആസ്തികൾ ഒന്നും ഇല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കടങ്ങൾ ബാങ്കുകൾക്ക് ഉപഭോക്താവിന്റെ മരണത്തോടെ എഴുതി തള്ളേണ്ടി വന്ന സംഭവങ്ങളുമുണ്ട്. 

വായ്പ എടുക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം കടമെടുക്കുമ്പോൾ  തിരിച്ചടവ് കഴിവിനും മുകളിലായി കടമെടുപ്പ് നടത്തിയാൽ മരണശേഷം കുടുംബാംഗങ്ങൾക്ക് ബാധ്യതയായി മാറുമെന്ന കാര്യമാണ്. അതുകൊണ്ടു തന്നെ  കടമെടുത്താലും അതിനനുസരിച്ചുള്ള ലൈഫ് ഇൻഷുറൻസ് കവറേജ് കൂടി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും, വിൽ എഴുതി വെക്കുമ്പോൾ ഈ കാര്യങ്ങൾ വ്യക്തമാക്കുകയും വേണം. അല്ലെങ്കിൽ ഈ ബാധ്യത മക്കളിലേക്കും മറ്റ് കുടുംബാംഗങ്ങളിലേക്കും വന്നു ചേരുന്നതാണ്.

Comments

    Leave a Comment