പിഴപ്പലിശക്ക് വിലക്ക് ; ഇനി ലോൺ തിരിച്ചടവ് മുടങ്ങിയാൽ പിഴത്തുക മാത്രം

Penal Interest prohibited in default of loan repayment ;  Only the penalty amount

വായ്പക്കാർക്ക് ആശ്വാസമേകികൊണ്ട് റിസർവ് ബാങ്ക് രണ്ട് പ്രധാന വിജ്ഞാപനങ്ങൾ പുറത്തിറക്കി.

ന്യൂഡൽഹി : വായ്പക്കാർക്ക് ആശ്വാസമേകികൊണ്ട്  റിസർവ് ബാങ്ക് രണ്ട് പ്രധാന വിജ്ഞാപനങ്ങൾ പുറത്തിറക്കി.

1 . അടുത്തവർഷം( 2024) ജനുവരി 1 മുതൽ എടുക്കുന്ന വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കാൻ പാടുള്ളൂ എന്നതാണ് ആദ്യ വിജ്ഞാപനം. അടുത്ത ജൂണിനകം ഇത് നിലവിലുള്ള വായ്പകൾക്കും ബാധകമാകുന്നതാണ്. എന്നാൽ ക്രെഡിറ്റ് കാർഡുകൾക്ക് ഇത് ബാധകമാകില്ല.

നിലവിൽ തിരിച്ചടവു മുടങ്ങിയാൽ വായ്പയുടെ പലിശനിരക്കിനു മേലാണ് ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ പിഴപ്പലിശ ചുമത്തുന്നത്. ഇത് തിരിച്ചടവു ബാധ്യത വൻതോതിൽ കൂടുന്നതിന് കാരണമാകുന്നു. പല ബാങ്കുകളും ഇതൊരു വരുമാന മാർഗമായി ഉപയോഗിക്കുന്നുവെന്നും ആർബിഐ നിരീക്ഷിച്ചു. മാത്രമല്ല പല സ്ഥാപനങ്ങളും പല രീതിയിലാണിതു കണക്കാക്കുന്നത്. കോടതികളിൽ സമാനരീതിയിലുള്ള ഒരുപാട് കേസുകൾ നിലവിലുണ്ട്.

വരുന്ന ജനുവരി ഒന്ന് മുതൽ പലിശയ്ക്കുമേൽ ചുമത്തുന്ന പിഴപ്പലിശയ്ക്കു പകരം ന്യായമായ പിഴത്തുക മാത്രമേ ഈടാക്കാൻ പാടുള്ളൂ. ഇതിന്മേൽ പലിശ ഈടാക്കാൻ പാടില്ല. ഫലത്തിൽ തിരിച്ചടവു തുക പരിധിവിട്ടു കൂടില്ല. പിഴത്തുക ബാങ്കുകൾക്കു തന്നെ നിശ്ചയിക്കാവുന്നതാണ്.

2) പലിശ കൂടുമ്പോൾ വായ്പയുടെ കാലാവധിയോ തിരിച്ചടവു തുകയോ (ഇഎംഐ) കൂട്ടണമെങ്കിൽ വ്യക്തിയുടെ അനുമതി തേടണമെന്ന വ്യവസ്ഥ ഡിസംബർ 31ന് അകം ധനകാര്യസ്ഥാപനങ്ങൾ നടപ്പാക്കണം.

റിസർവ് ബാങ്ക് പലിശ കൂട്ടുമ്പോൾ തിരിച്ചടവിലുണ്ടാകുന്ന മാറ്റം പലപ്പോഴും ബാങ്കുകൾ ഉപഭോക്താക്കളെ അറിയിക്കാറില്ല. ഇ എം ഐ കൂട്ടുന്നതിനു പകരം പലപ്പോഴും ബാങ്കുകൾ സ്വന്തം തീരുമാനപ്രകാരം വായ്പ കാലാവധി കൂട്ടാറുണ്ട്. ഇ എം ഐ കൂടാത്തതിനാൽ വായ്പയെടുത്തയാൾ  ഈ മാറ്റം അറിയുന്നുമില്ല. ഈ വ്യതിയാനത്തിൽ നിന്ന് രാക്ഷ്പ്പെടുന്നതിന് ഫിക്സ്ഡ് റേറ്റ് പലിശയിലേക്കു വായ്പ മാറ്റാൻ പല ബാങ്കുകളും ഓപ്ഷൻ നൽകാറുമില്ല.

ഇനിമുതൽ ഇ എം ഐ ആണോ കാലാവധിയാണോ കൂട്ടേണ്ടതെന്നു വായ്പയെടുക്കുന്നവർക്കു തീരുമാനിക്കാവുന്നതാണ്. ഏതു സമയത്തും നിശ്ചിത ചാർജ് നൽകി, ഭാഗികമായോ പൂർണമായോ വായ്പ അടച്ചുതീർക്കാം. പലിശനിരക്ക് മാറിക്കൊണ്ടിരിക്കുന്ന വായ്പയെ (ഫ്ലോട്ടിങ്) സ്ഥിരപലിശയിലേക്ക് (ഫിക്സ്ഡ് റേറ്റ്) എപ്പോൾ വേണമെങ്കിലും മാറ്റാം. എത്ര തവണ ഈ അവസരം നൽകണമെന്നു ബാങ്കുകൾക്ക് തീരുമാനിക്കാവുന്നതാണ്.

Comments

    Leave a Comment